Entertainment
ആദ്യമായി അഭിനയിച്ച സീന്‍; ആ ഹിറ്റ് ചിത്രം തിയേറ്ററില്‍ എത്തിയപ്പോഴാണ് അത് ഇല്ലെന്ന് അറിഞ്ഞത്: റിയാസ് നര്‍മ്മകല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 14, 05:38 am
Friday, 14th March 2025, 11:08 am

മലയാള ടെലിവിഷന്‍ രംഗത്തെ എക്കാലത്തെയും മികച്ച സിറ്റ്കോമുകളില്‍ ഒന്നാണ് ‘മറിമായം’. സംപ്രേഷണം ആരംഭിച്ചതുമുതല്‍ അതിലെ ഓരോ കഥാപാത്രങ്ങളും ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. അതിലൊരാളാണ് നടന്‍ റിയാസ് നര്‍മ്മകല.

മന്‍മധന്‍ എന്ന കഥാപാത്രത്തിന്റെ പേരില്‍ അദ്ദേഹം സ്നേഹപൂര്‍വ്വം അറിയപ്പെടുന്നു.’നര്‍മ്മകല’ എന്ന പേരില്‍ ഒരു മിമിക്രി ട്രൂപ്പ് അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു. അതില്‍ നടന്‍ സുരാജ് വെഞ്ഞാറമ്മൂട് ഭാഗമായിരുന്നു.

സിനിമയില്‍ അഭിനയിക്കണമെന്ന അതിയായ മോഹമുള്ള വ്യക്തിയായിരുന്നു റിയാസ് നര്‍മ്മകല. 2022ല്‍ പുറത്തിറങ്ങിയ റോഷാക്ക്, കൂമന്‍ എന്നീ രണ്ട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ആദ്യമായി അഭിനയിച്ച സിനിമയില്‍ വരാതെ പോയൊരു അനുഭവത്തെകുറിച്ച് സംസാരിക്കുകയാണ് റിയാസ് നര്‍മ്മകല.

രഞ്ജിത്ത് ചിത്രം ‘തിരക്കഥയില്‍’ ഒരു പ്രധാന സീനില്‍ താന്‍ അഭിനയിച്ചിരുന്നുവെന്നും എന്നാല്‍ ആ സീന്‍ സിനിമയില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഒരു രംഗം ഷൂട്ട് ചെയ്തിരുന്നുവെന്നും എന്നാല്‍ സിനിമ റിലീസായപ്പോള്‍ ആ രംഗം ചിത്രത്തിലില്ലായിരുന്നുവെന്നും റിയാസ് പറയുന്നു. സിനിമ കണ്ടപ്പോളാണ് അത് സിനിമയില്‍ ഇല്ലെന്ന് മനസിലായതെന്നും അതുകൊണ്ടാണ് മറ്റുള്ളവരോട് പറയാതിരുന്നതെന്നും റിയാസ് നര്‍മ്മകല പറഞ്ഞു.

‘ഞാന്‍ ആദ്യമായിട്ട് അഭിനയിച്ച സീന്‍ സിനിമയില്‍ ഉണ്ടായിരുന്നില്ല. ഗംഭീരമായി വിജയിച്ച തിരക്കഥ എന്ന ചിത്രമായിരുന്നു അത്. തിരക്കഥയില്‍ ഞാന്‍ ഒരു സീന്‍ ചെയ്തിരുന്നു. അതില്‍ എനിക്ക് ഡയലോഗുകള്‍ ഉണ്ടായിരുന്നില്ല.

പ്രിയാമണിയും മല്ലിക ചേച്ചിയുമായിട്ടുള്ള ഒരു പര്‍ട്ടികുലര്‍ സീന്‍ എനിക്കുണ്ടായിരുന്നു. അത് ഷൂട്ട് ചെയ്യുകയും ചെയ്തതാണ്. പക്ഷേ സിനിമയില്‍ അത് വന്നില്ല. സിനിമ കണ്ടപ്പോളാണ് അത് സിനിമയില്‍ ഇല്ലെന്ന് മനസിലായത് അതുകൊണ്ടാണ് മറ്റുള്ളവരോട് പറയാതിരുന്നത്.

ഒരു വലിയ സിനിമയുടെ ഭാഗമായത് അതിലായിരുന്നു. സിനിമ കണ്ടപ്പോളാണ് ആ സീന്‍ വന്നില്ലെന്ന് അറിയുന്നത്. പിന്നീട് അതിനെ പറ്റി അറിഞ്ഞപ്പോള്‍ ഇങ്ങനെയൊരു സിനിമയുടെ ഭാഗമായിരുന്നുവെന്ന് ആരോടും പറഞ്ഞില്ല.

കാരണം അങ്ങനെയാണ് സിനിമ. നമുക്ക് മുമ്പും സിനിമയില്‍ അഭിനയിച്ചവര്‍ ഇതിലും വലിയ രീതിയിലുള്ള അനുഭവങ്ങള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അഞ്ചും ആറും സീനുകളില്‍ അഭിനയിച്ചിട്ട് സിനിമയില്‍ വരാതിരിക്കുകയും മറ്റും ചെയ്തത് ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. അതുകൊണ്ട് ഇതൊന്നും വിഷയമായിരുന്നില്ല,’ റിയാസ് നര്‍മ്മകല പറയുന്നു.

Content Highlight: Riyas Narmakala Talks About Thirakkatha Movie