| Monday, 1st April 2024, 10:44 am

റിയാസ് മൗലവി കേസ്; കോടതി വിധിയിലുള്ളത് പ്രതിഭാഗം പോലും ഉന്നയിക്കാത്ത കാര്യങ്ങള്‍; വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള കോടതി വിധിയില്‍ പ്രതിഭാഗം പോലും ഉന്നയിക്കാത്ത സംശയങ്ങള്‍ പ്രകടിപ്പിച്ച് തെളിവുകള്‍ തള്ളിക്കളയുന്ന സ്ഥിതിയുണ്ടായെന്ന് പ്രോസിക്യൂഷന്‍. പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവില്‍ പറയുന്നത് പ്രതിഭാഗം പോലും ഉന്നയിക്കാത്ത കാര്യങ്ങളാണെന്നാണ് പോസിക്യൂഷനും നിയമവൃത്തങ്ങളും പറയുന്നത്.

കേസില്‍ 97 സാക്ഷികളെയാണ് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് കോടതിയില്‍ വിസ്തരിച്ചത്. 87 സാഹചര്യ തെളിവുകളും 215 രേഖകളും 45 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. ഒന്നാം പ്രതിക്കെതിരെ ഡി.എന്‍.എ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കൊലപാതകം നടന്ന് 85ാമത്തെ ദിവസം ആഭ്യന്തരവകുപ്പിന്റെ അനുമതിയോടെ കുറ്റപത്രം നല്‍കുകയും പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുകയും ചെയ്തു. പ്രതികള്‍ ഹൈക്കോടതി വരെ പോയിട്ടും പരോള്‍ ലഭിക്കാതിരിക്കാനും സര്‍ക്കാര്‍ ശ്രമിച്ചു. സര്‍ക്കാരിന്റെ നിലപാട് അംഗീകരിച്ച് ഹൈക്കോടതി ഏഴ് വര്‍ഷം പ്രതികള്‍ക്ക് ജാമ്യം പോലും നല്‍കിയിരുന്നില്ല.

പ്രതികളായവര്‍ക്കെതിരെ വളരെ കൃത്യമായ തെളിവുകളായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഇത്തരത്തില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ ശക്തമായ തെളിവുകള്‍ തള്ളിയാണ് പ്രതികള്‍ ആര്‍.എസ്.എസുകാരാണെന്ന് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് കോടതി പറഞ്ഞത്.

പ്രതികള്‍ ഗവണവേഷത്തില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍, സാക്ഷിമൊഴികള്‍, പ്രതികള്‍ക്ക് മുസ്‌ലീങ്ങളോടുള്ള വെറുപ്പ് വ്യക്തമാക്കുന്ന തരത്തില്‍ പ്രതികള്‍ നേരത്തെ ഉള്‍പ്പെട്ടെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.

പ്രതികളുമായി നേരത്തെ പരിചയമില്ലാത്ത ആളാണ് റിയാസ് മൗലവി. ഇയാള്‍ക്കെതിരെ നേരത്തെ ആര്‍ക്കും പരാതികളുമില്ല. പാതിരാത്രിയില്‍ പള്ളിയില്‍ കയറി റിയാസ് മൗലവിയെ കൊലപ്പെടുത്താന്‍ കാരണം മതസ്പര്‍ധ തന്നെയാണെന്ന് പ്രോസിക്യൂഷന്‍ പലതവണ വ്യക്തമാക്കി. പള്ളിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ മൂന്ന് പ്രതികളുടേയും റിയാസ് മൗലവിയുടേയും സാന്നിധ്യമുള്ളതായി രേഖകള്‍ സഹിതം തെളിയിച്ചു.

തൊണ്ടിമുതലായി ഒന്നാം പ്രതി എടുത്തു നല്‍കിയ കത്തിയില്‍ റിയാസ് മൗലവിയുടെ രക്തം എങ്ങനെ വന്നുവെന്ന ചോദ്യത്തിന് പ്രതിക്ക് ഉത്തരമില്ലായിരുന്നു എന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ടി. ഷാജിത്ത് പറയുന്നു. റിയാസ് മൗലവിയുടെ ഡി.എന്‍.എ തന്നെയാണ് കത്തിയില്‍ ഉള്ളതെന്നും റിയാസ് മൗലവിയുടെ രക്തമാണ് ഒന്നാം പ്രതിയുടെ മുണ്ടില്‍ ഉണ്ടായിരുന്നതെന്നും ഡി.എന്‍.എ റിപ്പോര്‍ട്ട് സഹിതം പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്ന് റിയാസ് മൗലവിയുടെ രക്തം പുരണ്ട വസ്ത്രം കണ്ടെടുത്ത് അമ്മയുടേയും അച്ഛന്റേയും സാന്നിധ്യത്തിലാണ്. വസ്ത്രം പ്രതിയുടേതല്ലെന്ന് അവരുടെ അഭിഭാഷകര്‍ പറഞ്ഞിട്ടില്ല. എന്നിട്ടും വസ്ത്രം പ്രതിയുടേതാണെന്നതിന് ശാസ്ത്രീയ പരിശോധന നടത്തിയിട്ടില്ലെന്ന് പറയുന്നത് വിരോധാഭാസമാണെന്നാണ് നിയമജ്ഞര്‍ പറയുന്നത്.

സംഭവ ദിവസം ശബ്ദം കേട്ട് മസ്ജിദിന് പുറത്തിറങ്ങിയപ്പോള്‍ രണ്ടാം സാക്ഷി രണ്ടാം പ്രതിയെ കണ്ടുവെന്നും കല്ലെറിഞ്ഞതായും കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കല്ല് ചിതറിക്കിടക്കുന്നതായി സംഭവസ്ഥലത്തെത്തിയ പൊലീസും സ്ഥിരീകരിച്ചതാണ്. മൂന്നാം സാക്ഷി പ്രതികളായ മൂന്ന് പേര്‍ മോട്ടോര്‍ സൈക്കിളില്‍ പോകുന്നത് കണ്ടതായും മൊഴി നല്‍കിയിട്ടുണ്ട്.

പ്രതികള്‍ക്ക് മുസ്‌ലീങ്ങളോടുള്ള വിദ്വേഷമാണ് കൊലക്ക് കാരണമായതെന്ന് വ്യക്തമാക്കി മൂന്ന് സംഭവങ്ങളും കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന് ഒമ്പതിലധികം സാക്ഷികളെ വിസ്തരിച്ചു. പ്രതികള്‍ക്ക് പരിക്കേറ്റതിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും മൊബൈല്‍ ഫോണ്‍ സെല്‍ഫിയും തെളിവുകളായി ഹാജരാക്കി.

റിയാസ് മൗലവിയുടെ ബന്ധങ്ങള്‍, മൊബൈല്‍ സിം, വസ്ത്രങ്ങള്‍ തുടങ്ങിയവ പൊലീസിന്റെ കേസ് ഡയറിയിലുണ്ട്. കോടതിക്ക് സംശയമുണ്ടെങ്കില്‍ കേസ് ഡയറി വിളിച്ച് പരിശോധിക്കാമായിരുന്നു. അതുണ്ടായില്ല. കുത്തിയ കത്തി ഒന്നാം പ്രതിയുടെ കുറ്റസമ്മത പ്രകാരം ഇയാളുടെ വീട്ടുപരിസരത്തുനിന്ന് തോട്ടത്തില്‍ നിന്ന് സ്വയമാണ് കണ്ടെത്തിയത്. തഹസില്‍ദാരാണ് ഇതിന് സാക്ഷി. സ്ഥലത്തുവെച്ച് തന്നെ സീല്‍ ചെയ്ത കത്തിയും കോടതിയില്‍ ഹാജരാക്കി.

പ്രതിയുടെ വസ്ത്രവും കത്തിയും മറ്റ് തൊണ്ടിമുതലുകളും രേഖകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കണ്ടെടുത്തത്. നാല് തഹസില്‍ദാര്‍മാരെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ തെളിവുകളൊന്നും കോടതി മുഖവിലക്കെടുത്തില്ല.

കൊലപാതകം നടന്ന മുറിക്കുള്ളില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും അഞ്ച് സിം കാര്‍ഡുകളും ഒരു മെമ്മറി കാര്‍ഡും കണ്ടെത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ അതൊന്നും പരിഗണിച്ചില്ലെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. എന്നാല്‍ ഇത് പ്രതികളോ പ്രതിഭാഗം അഭിഭാഷകരോ വിചാരണയുടെ ഒരു ഘട്ടത്തിലും ഉന്നയിക്കാത്ത കാര്യമാണെന്നും ജഡ്ജിയുടെ മാത്രം കണ്ടെത്തലുകളാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.

We use cookies to give you the best possible experience. Learn more