Fact Check- റിയാസ് മൗലവി വധക്കേസ് പ്രതികള്‍ പുറത്തെന്ന പ്രചരണത്തിന്റെ സത്യമെന്ത്?
Riyas Maulavi Murder Case
Fact Check- റിയാസ് മൗലവി വധക്കേസ് പ്രതികള്‍ പുറത്തെന്ന പ്രചരണത്തിന്റെ സത്യമെന്ത്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th March 2021, 11:34 pm

കാസര്‍ഗോഡ്: കാസര്‍ഗോഡ് പള്ളിയില്‍ കയറി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ റിയാസ് മൗലവിയുടെ ഘാതകരായ സംഘപരിവാര്‍ നേതാക്കള്‍ പിണറായി ഭരണത്തില്‍ സസുഖം വാഴുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പ്രചരണം.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായിട്ടാണ് വെല്‍ഫെയര്‍ പാര്‍ട്ടി സോഷ്യല്‍ മീഡിയയിലൂടെ ഈ പ്രചരണം നടത്തുന്നത്. എന്നാല്‍ നാല് വര്‍ഷമായി സംഘപരിവാര്‍ പ്രവര്‍ത്തകരായ മൂന്ന് പ്രതികളും ജയിലിലാണ്.


ഇതിനിടെയില്‍ ഒരിക്കല്‍ പോലും പ്രതികള്‍ ജാമ്യത്തിലിറങ്ങിയിട്ടില്ലെന്ന് അഡ്വ. ഷുക്കൂര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കേസില്‍ നിതിന്‍ (19), അജേഷ് (20), അഖിലേഷ് (25) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കുറ്റപത്രം വിചാരണക്കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

വിവിധ ഘട്ടങ്ങളില്‍ കോടതിയില്‍ സമര്‍പ്പിച്ച പ്രതികളുടെ ജാമ്യ ഹരജി കോടതി തള്ളുകയും ചെയ്തിരുന്നു. റിയാസ് മൗലവി കേസില്‍ 4 വര്‍ഷമായി പ്രതികള്‍ ജയിലില്‍ വിചാരണ തടവുകാരാണ്. കൊവിഡ് ഘട്ടങ്ങളില്‍ പ്രതികള്‍ ജമ്യത്തിനു വേണ്ടി ശ്രമിച്ചിരുന്നു.

ചിത്രം കടപ്പാട് -ഫേസ്ബുക്ക് (അഡ്വ. ഷുക്കൂര്‍)

എന്നാല്‍ ജാമ്യഹരജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കര്‍ശന നിലപാടു സ്വീകരിച്ചു. ഇതോടെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചില്ല. കേസില്‍ വിചാരണ പൂര്‍ത്തിയായിട്ടുണ്ട്.

2017 മാര്‍ച്ച് 20നാണ് കാസര്‍കോട്ടെ ജുമാ മസ്ജിദിനുള്ളില്‍വെച്ച് 34 കാരനായ മുഹമ്മദ് റിയാസ് ആര്‍.എസ്.എസുകാരാല്‍ കൊല്ലപ്പെട്ടത്.

സെക്ഷന്‍ 449 (അതിക്രമിച്ചു കടക്കല്‍), 302 (കൊലപാതകം), 153എ (മതവിദ്വേഷം സൃഷ്ടിക്കല്‍), 295 (ആരാധനാലയം കളങ്കപ്പെടുത്തല്‍), 201 (തെളിവുനശിപ്പിക്കല്‍) എന്നീ വകുപ്പുകളാണ് പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.


കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്. കേസില്‍ 90 ദിവസത്തിന് മുമ്പ് 1000 പേജുള്ള കുറ്റപ്പത്രം സമര്‍പ്പിച്ചത്. തളിപ്പറമ്പ് സി.ഐയും ഇപ്പോള്‍ ഡി.വൈ.എസ്.പിയുമായ പി.കെ സുധാകരനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Riyas Maulavai Murder Case Welfare Party of India Kerala Election 2021