കൊച്ചി: ലൈംഗികാരോപണം ഉയര്‍ന്ന കൊച്ചി മുസിരിസ് ബിനാലെ സഹസ്ഥാപകനും കലാകരനുമായ റിയാസ് കോമു ബിനാലെ ഫൗണ്ടേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ നിന്നും രാജിവെച്ചു. ബിനാലെയുമായി ബന്ധപ്പെട്ട എല്ലാ പദവികളും റിയാസ് കോമു ഒഴിഞ്ഞിട്ടുണ്ട്.
കോമുവിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതി രൂപീകരിക്കാനും ബിനാലെ ഫൗണ്ടേഷന്‍ തീരുമാനിച്ചു.
ബിനാലെ ഫൗണ്ടേഷന്‍ മാനേജിങ് കമ്മിറ്റി ഇന്ന് യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് കോമുവിന്റെ രാജിപ്രഖ്യാപനം. സംഘടന ഇതുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.
റിയാസ് കോമുവിനെതിരെ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെങ്കിലും എന്നാലും കമ്മ്യൂണിറ്റിക്കുള്ളില്‍ സുരക്ഷയൊരുക്കുന്നതില്‍ ഫൗണ്ടേഷന് ബാധ്യതയുള്ളതിനാല്‍ അന്വേഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
ആരോപണത്തില്‍ റിയാസ് കോമു മാപ്പ് പറഞ്ഞിരുന്നു. ആ സംഭവം പെണ്‍കുട്ടിയെ വേദനിപ്പിച്ചതില്‍ ഖേദമുണ്ട്. വിഷയത്തില്‍ പെണ്‍കുട്ടിയുമായി സംഭാഷണത്തിന് തയാറാണെന്നും റിയാസ് കോമു വ്യക്തമാക്കിയിരുന്നു.
റിയാസ് കോമുവിന് എതിരായ മീടൂ ആരോപണത്തെ ഗൗരവമായാണ് കാണുന്നതെന്ന് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞിരുന്നു. കൊച്ചിയില്‍ വിളിച്ചുവരുത്തി റിയാസ് കോമു ലൈംഗികമായി ഉപദ്രവിച്ചെന്ന് ഒരു ചിത്രകാരിയാണ് ആരോപിച്ചിരുന്നത്.
കൊച്ചിയിലെത്തിയ തന്നോട് റിയാസ് കോമു മോശമായി പെരുമാറിയെന്നും ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തില്‍ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു, റൂമില്‍ അതിക്രമിച്ചു കയറി ബലമായി ചുംബിച്ചു തുടങ്ങിയ ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
ബിനാലെ നാലാം എഡിഷന്‍ നവംബര്‍ 18ന് തുടങ്ങാനിരിക്കുകയാണ്. അനിതാ ദുബെയാണ് ഇത്തവണത്തെ ക്യുറേറ്റര്‍. ബിനാലെയുടെ ആദ്യ വനിതാ ക്യുറേറ്ററാണ് അനിത.