വി.എം. വിനുവിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2003ല്‍ എത്തിയ ചിത്രമാണ് ബാലേട്ടന്‍. നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ദേവയാനി, നിത്യാദാസ്, ഹരിശ്രീ അശോകന്‍, ഇന്നസെന്റ് എന്നിവരായിരുന്നു ഈ സിനിമയില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്.
ടി.എ. ഷാഹിദ് കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ച ബാലേട്ടനില്‍ വില്ലനായി അഭിനയിച്ചത് നടന്‍ റിയാസ് ഖാന്‍ ആയിരുന്നു. അത്താണിപറമ്പില്‍ ബാലചന്ദ്രമേനോന്‍ എന്ന ബാലേട്ടനായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ ഭദ്രന്‍ എന്ന കഥാപാത്രമായാണ് റിയാസ് ഖാന്‍ അഭിനയിച്ചത്.
ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളം ചിത്രമായി മാറിയ ബാലേട്ടന്‍ തിയേറ്ററുകളില്‍ 200 ദിവസത്തിലധികം ഓടുകയും ചെയ്തിരുന്നു. ഇത്ര വലിയ ഹിറ്റായിട്ടും ബാലേട്ടന്‍ തെലുങ്കിലേക്ക് മാത്രമാണ് റീമേക്ക് ചെയ്യപ്പെട്ടത്. 2006ല്‍ രാജബാബു എന്ന പേരിലായിരുന്നു റീമേക്ക് ചെയ്യപ്പെട്ടത്.
ബാലേട്ടന്‍ എന്ന ചിത്രം വലിയ ആവേശം സൃഷ്ടിച്ച സിനിമയാണെന്ന് പറയുകയാണ് റിയാസ് ഖാന്‍. ആ സിനിമ എല്ലാ ഭാഷയിലേക്കും റീമേക്ക് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ഭദ്രന്‍ എന്ന വില്ലന്‍ കഥാപാത്രം സിനിമയില്‍ ഡോമിനേറ്റ് ചെയ്ത് നില്‍ക്കുന്നത് കാരണം ആളുകള്‍ അതിന് തയ്യാറായില്ലെന്നും നടന്‍ പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റിയാസ് ഖാന്‍.
‘ബാലേട്ടന്‍ എന്ന സിനിമ വലിയ ആവേശം സൃഷ്ടിച്ച സിനിമയാണ്. ആ സിനിമ എല്ലാ ഭാഷയിലേക്കും റീമേക്ക് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമൊക്കെ റീമേക്ക് ചെയ്യാന്‍ കരുതിയിരുന്നു. പക്ഷെ അവരാരും ബാലേട്ടന്‍ കണ്ടിരുന്നില്ല.
അങ്ങനെ ചിലര്‍ റീമേക്ക് ചെയ്യാനായി സിനിമ കണ്ടു. പക്ഷെ ബാലേട്ടന്‍ കണ്ടപ്പോള്‍ അവര്‍ക്കൊന്നും ഈ സിനിമ റീമേക്ക് ചെയ്യേണ്ട എന്ന ചിന്ത വന്നു. അതിന് കാരണം ഭദ്രന്‍ എന്ന കഥാപാത്രമായിരുന്നു ആ സിനിമ ഡോമിനേറ്റ് ചെയ്ത് നിന്നത് എന്നതായിരുന്നു.
ബാലേട്ടന്‍ സിനിമ കണ്ടവര്‍ക്ക് അറിയാം, ആ സിനിമയുടെ ഹൈലൈറ്റ് ഭദ്രനാണ്. അങ്ങനെ മറ്റു ഭാഷകളില്‍ ആ സിനിമ റീമേക്ക് ചെയ്യാതെ പോയി. മലയാളികളുടെ സിനിമയായി മലയാളത്തില്‍ മാത്രമായി ബാലേട്ടന്‍ നിന്നു. പക്ഷെ ആ സിനിമ എന്നെ ഒരുപാട് ഫേയ്മസാക്കി.
ബാലേട്ടന്‍ എന്ന സിനിമയിലൂടെ മറ്റു ഭാഷകളിലും ഞാന്‍ ഫേയ്മസായി. തെലുങ്ക് ബാലേട്ടനായി ഒരുപാട് അഭിനേതാക്കളെ അവര്‍ കൊണ്ടുവന്നു. എന്നിട്ട് ആ പടത്തിന് പകരം എന്നെ മറ്റുള്ള ഒരുപാട് സിനിമകളിലേക്ക് കാസ്റ്റ് ചെയ്തു. അങ്ങനെ ബാലേട്ടനിലൂടെ എനിക്ക് മറ്റുള്ള ഒരുപാട് ഭാഷകളില്‍ അവസരം ലഭിച്ചു. മുപ്പതോ നാല്‍പതോ സിനിമകള്‍ ലഭിച്ചിരുന്നു,’ റിയാസ് ഖാന്‍ പറഞ്ഞു.
Content Highlight: Riyas Khan Talks About Mohanlal’s Balettan Movie Remake