ടി.എ. ഷാഹിദിന്റെ തിരക്കഥയില്‍ വി.എം. വിനു സംവിധാനം ചെയ്ത ചിത്രമാണ് ബാലേട്ടന്‍. 2003ല്‍ പുറത്തിറങ്ങിയ സിനിമയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. തിയേറ്ററുകളില്‍ 200 ദിവസത്തിലധികം ഓടിയ ബാലേട്ടന്‍ ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളം ചിത്രമായിരുന്നു.
മോഹന്‍ലാലിന് പുറമെ ദേവയാനി, നെടുമുടി വേണു, ഹരിശ്രീ അശോകന്‍, റിയാസ് ഖാന്‍, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍ എന്നിവരും പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഇതില്‍ ഭദ്രന്‍ എന്ന വില്ലന്‍ വേഷത്തില്‍ ആയിരുന്നു റിയാസ് ഖാന്‍ എത്തിയത്.
താരത്തിന്റെ ആ കഥാപാത്രം വലിയ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിലെ റിയാസ് ഖാന്റെ ‘പോട്ടെടാ ബാലേട്ടാ’ എന്ന ഡയലോഗ് ഇന്നും ആളുകള്‍ ഓര്‍ത്തിരിക്കുന്നതാണ്. ഇത് ഒരു ഐക്കോണിക് ഡയലോഗാണെന്ന് പറയുകയാണ് റിയാസ് ഖാന്‍.
അന്ന് സിനിമയില്‍ തന്റെ എതിരെ നിന്ന മോഹന്‍ലാല്‍ കാരണമാണ് ആ ഡയലോഗിന് ഇത്ര റീച്ച് കിട്ടിയതെന്ന് താരം പറഞ്ഞു. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റിയാസ് ഖാന്‍. നമ്മള്‍ ഒരു ഡയലോഗ് പറയുമ്പോള്‍ ഓപ്പോസിറ്റ് നില്‍ക്കുന്നത് ആരാണോ അതു പോലെയിരിക്കും അതിന് കിട്ടുന്ന റീച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘പോട്ടെടാ ബാലേട്ടാ എന്നത് ഒരു ഐക്കോണിക്കായ ഡയലോഗാണ്. വേറെയാര് അഭിനയിച്ചാലും അതിന് അത്ര റീച്ച് വരില്ല. ലാല്‍ സാര്‍ കൂടെ ഉണ്ടായിരുന്നത് കൊണ്ടാണ് അത്രയും റീച്ച് വന്നത്. നമ്മള്‍ ഒരു കാര്യം പറയുമ്പോള്‍ ഓപ്പോസിറ്റ് നില്‍ക്കുന്നത് ആരാണോ അതുപോലെയിരിക്കും നമുക്ക് കിട്ടുന്ന റീച്ച്,’ റിയാസ് ഖാന്‍ പറഞ്ഞു.
Content Highlight: Riyas Khan Talks About Mohanlal And Balettan Movie