ബോളിവുഡ് താരങ്ങള്‍ വേണ്ടെന്നും ആ കഥാപാത്രം ഞാന്‍ തന്നെ ചെയ്താല്‍ മതിയെന്നും പറഞ്ഞത് ആമിര്‍ സാര്‍: റിയാസ് ഖാന്‍
Entertainment
ബോളിവുഡ് താരങ്ങള്‍ വേണ്ടെന്നും ആ കഥാപാത്രം ഞാന്‍ തന്നെ ചെയ്താല്‍ മതിയെന്നും പറഞ്ഞത് ആമിര്‍ സാര്‍: റിയാസ് ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th June 2024, 12:38 pm

എ.ആര്‍. മുരുകദാസ് സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഗജിനി. അസിനും സൂര്യയും ഒന്നിച്ച ചിത്രത്തില്‍ നയന്‍താര, പ്രദീപ് റാവത്ത് തുടങ്ങിയ താരങ്ങളും ഒന്നിച്ചിരുന്നു. ഗജിനിയില്‍ പൊലീസ് ഓഫീസറായി എത്തിയത് റിയാസ് ഖാനായിരുന്നു.

2005ല്‍ അല്ലു അരവിന്ദ് സിനിമ തെലുങ്കില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്തു. 2008ല്‍ മുരുകദാസ് ഗജിനി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. സിനിമയില്‍ സൂര്യക്ക് പകരം നായകനായി എത്തിയത് ആമിര്‍ ഖാനായിരുന്നു. നായികയായി അസിനും വില്ലനായി പ്രദീപ് റാവത്തും തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഗജിനിയിലെ പൊലീസുക്കാരനായി ആമിര്‍ ഖാനൊപ്പം എത്തിയത് റിയാസ് ഖാന്‍ തന്നെയായിരുന്നു. ആ സിനിമയിലേക്ക് താന്‍ എത്തിയതിനെ കുറിച്ച് പറയുകയാണ് റിയാസ്. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘എ.ആര്‍. മുരുകദാസിനൊപ്പമുള്ള മൂന്നാമത്തെ സിനിമയായിരുന്നു ഗജിനി. അതിന് മുമ്പ് ദീന, രമണ എന്നീ സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. അപ്പോഴേക്കും ഞാനും മുരുകദാസ് സാറുമായി നല്ല ലിങ്ക് ആയിരുന്നു. അദ്ദേഹത്തിന് എന്നെ നന്നായി അറിയാമായിരുന്നു.

ഞാന്‍ എങ്ങനെ പെര്‍ഫോം ചെയ്യുമെന്നൊക്കെ സാറിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് നോര്‍മലി ഞാന്‍ ആ സിനിമയിലേക്ക് ഇന്‍വോള്‍വ് ആവുകയായിരുന്നു. ഗജിനിയില്‍ സൂര്യ ഉള്‍പെടെ രണ്ട് സ്‌ട്രോങ്ങായിട്ടുള്ള ആളുകള്‍ വേണമായിരുന്നു. അങ്ങനെയാണ് ഞാന്‍ അതിലേക്ക് എത്തിയത്. അതുവഴിയാണ് ഞാന്‍ സിനിമയുടെ ഹിന്ദിയിലേക്കും എത്തുന്നത്.

ആദ്യം അവര്‍ ഹിന്ദി നടന്മാരെയാണ് നോക്കിയത്. എന്നാല്‍ ഇതില്‍ റിയാസ് തന്നെ ആ കഥാപാത്രം ചെയ്താല്‍ മതിയെന്ന് പറയുന്നത് ആമിര്‍ സാറാണ്. ഗജിനിയിലെ മൂന്നുപേരെ മാറ്റരുതെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. സിനിമയിലെ ഹീറോയിനും പൊലീസ് ഓഫീസറും വില്ലനും അതേ ആളുകള്‍ തന്നെ മതിയെന്ന് അദ്ദേഹം പറയുകയായിരുന്നു,’ റിയാസ് ഖാന്‍ പറഞ്ഞു.


Content Highlight: Riyas Khan Talks About Aamir Khan And Ghajini Movie