പഞ്ച് ഡയലോഗുകളിൽ ലാലേട്ടന്റെ ആ രണ്ടെണ്ണമാണ് ഏറ്റവും ഇഷ്ടം: റിയാസ് ഖാൻ
Entertainment
പഞ്ച് ഡയലോഗുകളിൽ ലാലേട്ടന്റെ ആ രണ്ടെണ്ണമാണ് ഏറ്റവും ഇഷ്ടം: റിയാസ് ഖാൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th June 2024, 8:03 am

സിബി മലയിലിന്റെ സംവിധാനത്തില്‍ 2004ലെത്തിയ ചിത്രമാണ് ജലോത്സവം. ഈ സിനിമയില്‍ ചീങ്കണ്ണി ജോസെന്ന് വിളിപ്പേരുള്ള ദുബായ് ജോസിന്റെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് റിയാസ് ഖാനായിരുന്നു. സിനിമ ഇറങ്ങി 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ദുബായ് ജോസ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.

ചിത്രത്തിലെ ജോസിന്റെ ‘അടിച്ചു കേറി വാ’ എന്ന ഡയലോഗും വലിയ രീതിയില്‍ വൈറലാകുന്നുണ്ട്. ഒരുപാട് ഇമോഷനിൽ താൻ ആ ഡയലോഗ് പറയുന്നുണ്ടെന്ന് റിയാസ് ഖാൻ പറയുന്നു. തന്റെ ഡയലോഗുകളിൽ ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് അടിച്ച് കയറി വായെന്നും പഞ്ച് ഡയലോഗുകളിൽ മോഹൻലാലിന്റെ പോ മോനേ ദിനേശയും സവാരി ഗിരിഗിരിയും ഇഷ്ടമാണെന്നും റിയാസ് ഖാൻ പറഞ്ഞു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു താരം.

അന്ന് ഈ രംഗം ചിത്രീകരിക്കുമ്പോൾ സമൂഹമാധ്യമങ്ങളും മറ്റും ഇത്രയും ആക്ടീവ് അല്ലായിരുന്നു. അതുകൊണ്ടുതന്നെ ചെറിയ പഞ്ച് ഡയലോഗ് പോലെ ഇതങ്ങു പറഞ്ഞു പോയി. സംവിധായകനായ സിബി മലയിൽ സർ പറഞ്ഞു തന്നതും എൻ്റെ ചില ശൈലിയും കൂട്ടിച്ചേർത്ത് അങ്ങനെ പറയുകയായിരുന്നു.

ആ സിനിമ കണ്ടവർക്ക് അറിയാം ‘അടിച്ചു കയറി വാ’ എന്ന ആ ഡയലോഗിന് പലതരം ഇമോഷൻസ് ഉണ്ട്. കഥാപാത്രമായ ജോസ് ആ പഞ്ച് ഡയലോഗ് സന്തോഷത്തോടെയും സങ്കടത്തോടെയും അൽപം റൊമാന്റിക്കായും ദേഷ്യത്തോടെയും ഒക്കെ പറയുന്നുണ്ട്.

എന്റെ സ്വന്തം ഡയലോഗുകൾ ആണെങ്കിൽ ഇപ്പോൾ ഏറ്റവും ഇഷ്‌ടപ്പെടുന്നത് അടിച്ചു കയറിവാ എന്നതു തന്നെയാണ്. ‘പോട്ടെടാ ബാലേട്ടാ’ ആണു മറ്റൊന്ന്. കൊച്ചി രാജാവിൽ ‘തെറ്റെന്റെ ഭാഗത്താണു സൂര്യ’ എന്ന ഡയലോഗും ഇഷ്ടമാണ്. ലാലേട്ടൻ പറഞ്ഞതിൽ ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് ഡയലോഗുകളാണ് ‘നീ പോ മോനെ ദിനേശാ’ സവാരി ഗിരിഗിരി,’ റിയാസ് ഖാൻ പറയുന്നു.

Content Highlight: Riyas Khan Talk About His Favorite  Punch Dialogues In Malayalam