മോഹന്‍ലാല്‍ നായകനായി 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബാലേട്ടന്‍. ടി.എ. ഷാഹിദിന്റെ തിരക്കഥയില്‍ വി.എം. വിനു ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. ദേവയാനി, നെടുമുടി വേണു, ഹരിശ്രീ അശോകന്‍, റിയാസ് ഖാന്‍, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍ എന്നിവരും ബാലേട്ടന്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
2003ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം തിയേറ്ററുകളില്‍ 200 ദിവസത്തിലധികം ഓടിയിരുന്നു. ബാലേട്ടനില്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു റിയാസ് ഖാന്റേത്. ഭദ്രന്‍ എന്ന ശക്തമായ വില്ലന്‍ വേഷത്തിലാണ് താരം എത്തിയത്.
താന്‍ എങ്ങനെയാണ് ബാലേട്ടനില്‍ എത്തിയതെന്ന് പറയുകയാണ് റിയാസ് ഖാന്‍. എ.ആര്‍. മുരുകദാസിന്റെ രമണയെന്ന സിനിമയില്‍ നിന്നാണ് താന്‍ ഈ മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത് എന്നാണ് താരം പറയുന്നത്. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റിയാസ് ഖാന്‍.
‘തമിഴ് സംവിധായകന്‍ എ.ആര്‍. മുരുകദാസിന്റെ രണ്ടാമത്തെ സിനിമയായ രമണയില്‍ വിജയകാന്ത് സാര്‍ ആയിരുന്നു നായകന്‍. അതില്‍ ഞാന്‍ വളരെ സ്ട്രോങ്ങായ ഒരു കഥാപാത്രമായിരുന്നു ചെയ്തത്. അത് റിലീസായി അമ്പതോ അറുപതോ ദിവസമായിട്ടും തിയേറ്ററില്‍ ഹൗസ് ഫുള്ളായിരുന്നു.
അന്ന് ബാലേട്ടന്‍ സിനിമയുടെ ക്രൂ ചെന്നൈയില്‍ ഉണ്ടായിരുന്നു. അവര് പാട്ട് റെക്കോഡ് ചെയ്യാന്‍ വന്നതായിരുന്നു. ആ സമയത്ത് ഭദ്രന്‍ എന്ന കഥാപാത്രത്തിലേക്ക് ആരെയും ഫിക്സായിരുന്നില്ല. അതിനായി ഹിന്ദിയില്‍ നിന്നും മറ്റു ഭാഷകളില്‍ നിന്നുമെല്ലാം ആളെ നോക്കുകയായിരുന്നു.
നോര്‍മലായി കാണുന്ന വില്ലനെ ആയിരുന്നില്ല അവര്‍ക്ക് വേണ്ടിയിരുന്നത്. ഹീറോ ലുക്കുള്ള ആളെയായിരുന്നു വേണ്ടത്. ഡയറക്ടര്‍ തുളസിദാസും അസോസിയേറ്റ് ഗോവിന്ദന്‍ കുട്ടിയും ‘രമണ’ കണ്ടിരുന്നു. അവര് പറഞ്ഞിട്ടാണ് സിനിമയുടെ ക്രൂ രമണ കാണുന്നതും ഞാന്‍ ബാലേട്ടനില്‍ എത്തുന്നതും,’ റിയാസ് ഖാന്‍ പറഞ്ഞു.
Content Highlight: Riyas Khan Says How He Got Role In Balettan Movie