| Thursday, 30th May 2024, 9:09 am

അടിച്ചു കേറി വാടാ; സോഷ്യല്‍ മീഡിയയില്‍ ടര്‍ബോ ജോസിനെ വീഴ്ത്തി ദുബായ് ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിബി മലയില്‍ സംവിധാനത്തില്‍ 2004ലെത്തിയ ചിത്രമാണ് ജലോത്സവം. കുഞ്ചാക്കോ ബോബന്‍ നവ്യ നായര്‍ എന്നിവര്‍ ഒന്നിച്ച ചിത്രത്തില്‍ നെടുമുടി വേണു, റിയാസ് ഖാന്‍, ജഗതി ശ്രീകുമാര്‍, സുജാത, ജഗദീഷ് തുടങ്ങിയ മികച്ച താരനിര തന്നെയുണ്ട്.

കുട്ടനാട്ടിലെ വള്ളംക്കളിയുടെ പശ്ചാത്തലത്തില്‍ കഥപറഞ്ഞ ചിത്രത്തില്‍ റിയാസ് ഖാനായിരുന്നു വില്ലനായി എത്തിയത്. ചീങ്കണ്ണി ജോസെന്ന് വിളിപേരുള്ള ദുബായ് ജോസിന്റെ കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്.

സിനിമ ഇറങ്ങി 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ചീങ്കണ്ണി ജോസെന്ന ദുബായ് ജോസ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. മീമുകളായും എഡിറ്റ് ചെയ്ത വീഡിയോ ആയിട്ടുമാണ് ദുബായ് ജോസ് വൈറലാകുന്നത്.


ചിത്രത്തിലെ ജോസിന്റെ ‘അടിച്ചു കേറി വാ’ എന്ന ഡയലോഗും വലിയ രീതിയില്‍ ഏറ്റെടുക്കപ്പെടുന്നുണ്ട്. ഈയിടെ ഇറങ്ങിയ മമ്മൂട്ടി ചിത്രത്തിലെ ടര്‍ബോ ജോസിനോട് ചേര്‍ത്താണ് കൂടുതലും ദുബായ് ജോസ് ചര്‍ച്ചയാകുന്നത്. ‘ടര്‍ബോ ജോസല്ല ഹീറോ, ദുബായ് ജോസാണ് ഹീറോ’ എന്നാണ് പലരും കമന്റ് ചെയ്യുന്നത്.


അതേസമയം, മമ്മൂട്ടി നായകനായെത്തിയ മാസ് ആക്ഷന്‍ കോമഡി ചിത്രമാണ് ടര്‍ബോ. നാല് ദിവസം കൊണ്ട് 52 കോടി രൂപയാണ് ലോകമെമ്പാട് നിന്നുമായി ചിത്രം നേടിയ കളക്ഷന്‍. സൗദി അറേബ്യയില്‍ 32,000 ആളുകളാണ് ആദ്യ ആഴ്ചയില്‍ ടര്‍ബോ കാണാന്‍ എത്തിയത്.

മഞ്ഞുമ്മല്‍ ബോയ്‌സ് ഒഴികെ ബാക്കിയെല്ലാ മലയാള ചിത്രങ്ങളെയും പിന്തള്ളിയാണ് ടാര്‍ബോയുടെ ഈ കുതിപ്പ്. ‘ആവേശം’ എന്ന ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷനും ആദ്യ ആഴ്ച കൊണ്ട് തന്നെ ടര്‍ബോ കടത്തിവെട്ടിയിട്ടുണ്ട്.

Content Highlight: Riyas Khan’s Jalolsavam Movie Character Dubai Jose Has Gone Viral On Social Media

We use cookies to give you the best possible experience. Learn more