| Tuesday, 18th June 2024, 1:59 pm

മലയാള സിനിമയില്‍ അടിച്ചുകേറി വന്ന ഒരേയൊരു സ്റ്റാര്‍ അദ്ദേഹമാണ്: റിയാസ് ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടിച്ചുകേറി വാ എന്ന ഒരൊറ്റ ഡയലോഗിലൂടെ സോഷ്യല്‍ മീഡിയയില്‍ സ്റ്റാര്‍ ആയി മാറിയ താരമാണ് റിയാസ് ഖാന്‍. മമ്മൂട്ടിയുടെ ടര്‍ബോ തിയേറ്ററില്‍ റിലീസായതിന് പിന്നാലെയാണ് റിയാസ് ഖാന്റെ ജലോത്സവം സിനിമയിലെ ദുബായ് ജോസ് എന്ന കഥാപാത്രവും ചര്‍ച്ചയിലേക്ക് എത്തുന്നത്.

ടര്‍ബോ ജോസ് വൈറലായതിന് പിന്നാലെ മലയാള സിനിമയിലെ മറ്റ് ജോസുമാരെ കുറിച്ചുള്ള അന്വേഷണമാണ് ദുബായ് ജോസില്‍ ചെന്നെത്തിയത്.

കുട്ടനാട്ടിലെ വള്ളം കള്ളിയുടെ പശ്ചാത്തലത്തില്‍ കഥപറഞ്ഞ ജലോത്സവം എന്ന ചിത്രത്തില്‍ റിയാസ് ഖാനായിരുന്നു വില്ലനായി എത്തിയത്. ചീങ്കണ്ണി ജോസെന്ന് വിളിപ്പേരുള്ള ദുബായ് ജോസ് എന്ന കഥാപാത്രത്തെയായിരുന്നു താരം ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ അടിച്ചുകേറി വാ എന്നൊരു ഡയലോഗ് ദുബായ് ജോസ് ഇടയ്ക്കിടെ പറയുന്നുണ്ട്. ഈ ഡയലോഗാണ് സോഷ്യല്‍മീഡിയയില്‍ ആഘോഷമായത്.

സിനിമ ഇറങ്ങി 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയിലാണ് ചീങ്കണ്ണി ജോസെന്ന ദുബായ് ജോസ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ഒട്ടും പ്രതീക്ഷിക്കാതെ ഇങ്ങനെയൊരു കഥാപാത്രം വീണ്ടും പ്രേക്ഷകര്‍ ആഘോഷമാക്കിയതില്‍ സന്തോഷമുണ്ടെന്ന് റിയാസ് ഖാന്‍ പറഞ്ഞിരുന്നു.

മലയാള സിനിമയില്‍ അടിച്ചുകേറി വന്ന ഒരു താരം ആരാണെന്ന് ചോദിച്ചാല്‍ ആരുടെ പേരായിരിക്കും പറയുക എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് റിയാസ് ഖാന്‍. തന്റെ അഭിപ്രായത്തില്‍ മലയാള സിനിമയില്‍ അത്തരത്തില്‍ അടിച്ചുകേറി വന്ന ഒരേ ഒരു നടനേ ഉള്ളൂവെന്നും അത് പൃഥ്വിരാജാണെന്നുമായിരുന്നു റിയാസ് ഖാന്റെ മറുപടി.

‘ മലയാളത്തില്‍ അടിച്ചു കേറിവന്ന ഒരു നടന്‍ ആരാണെന്ന് ചോദിച്ചാല്‍ ഉറപ്പായും ഞാന്‍ പൃഥ്വിരാജിന്റെ പേര് പറയും. കാരണം ഞാന്‍ വേഷം എന്ന സിനിമ ചെയ്യുന്ന സമയം. ഞങ്ങള്‍ കോഴിക്കോട് മഹാറാണിയിലാണ് താമസിക്കുന്നത്. അവിടെ ഇന്ദ്രജിത്തുമുണ്ട്. ആ സിനിമയില്‍ അദ്ദേഹമുണ്ട്.

ഒരു ദിവസം ഷൂട്ടില്ലാത്ത ദിവസമോ മറ്റോ ആണ്. അമ്മയും അനിയനും ഇന്ന് ഇവിടേക്ക് വരുന്നുണ്ട് എന്ന് ഇന്ദ്രന്‍ പറഞ്ഞു. ഈ സംസാരം വരുന്നത് സുകുമാരന്‍ സാറും എന്റെ ഫാദറും തമ്മില്‍ അറിയാം. അങ്ങനെ സംസാരത്തില്‍ ഞങ്ങളൊക്കെ എപ്പോഴൊക്കെയോ കുട്ടിക്കാലത്ത് പരസ്പരം കണ്ടിട്ടുണ്ട്. പക്ഷേ അതൊന്നും ആര്‍ക്കും ഓര്‍മയില്ല.

ആ കാര്യങ്ങളൊക്കെ ഞാനും ഇന്ദ്രനും സംസാരിക്കുകയാണ്. അങ്ങനെയാണ് കുടുംബത്തെ കുറിച്ചൊക്കെ സംസാരം വന്നത്. ഇന്ന് അമ്മയും അനിയനും വരുന്നുണ്ട് എന്ന് ഇന്ദ്രന്‍ പറഞ്ഞു. അവര്‍ വന്ന ശേഷം ഞാനും ഇന്ദ്രനും അവരുടെ മുറിയില്‍ പോയി.

അമ്മയും പൃഥ്വിയും അവിടെ ഉണ്ട്. പൃഥ്വി അന്ന് കരിയര്‍ തുടങ്ങുന്നേയുള്ളൂ. പിന്നെ ഞാന്‍ പൃഥ്വിവിന്റെ ഗ്രോത്ത് കാണുന്നത് ലൂസിഫറില്‍ ആണ്. അതിന് ശേഷം ആടുജീവിതത്തില്‍ ആണ്. എക്‌സ്ട്രാ ഓഡിനറി ഹാര്‍ഡ് വര്‍ക്ക് മാത്രമാണ് അതിന് പിന്നില്‍. അടിച്ചുകേറി വന്നതാണ് അദ്ദേഹം,’ റിയാസ് ഖാന്‍ പറഞ്ഞു.

Content Highlight: Riyas Khan about Prithviraj

Latest Stories

We use cookies to give you the best possible experience. Learn more