തിരുവനന്തപുരം: സ്പീക്കറുടെ പേര് നാഥുറാം ഗോഡ്‌സെ എന്നായിരുന്നെങ്കില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ സിന്ദാബാദ് വിളിക്കുമായിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ബോധപൂര്‍വം സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മിത്ത് വിവാദത്തില്‍ ആരും ഒന്നും തിരുത്തിയിട്ടില്ലെന്നും റിയാസ് പറഞ്ഞു.
‘ആരും ഒന്നും തിരുത്തിയിട്ടില്ല. സ്പീക്കര്‍ പറഞ്ഞത് വളരെ വ്യക്തമാണ്. ഒരു മതവിശ്വാസത്തിനെതിരെയും സ്പീക്കര്‍ ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടി സെക്രട്ടറിയും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിലൊരു സംശയവുമില്ല. ബോധപൂര്‍വം സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇതൊരു നല്ല അവസരമായി കാണണമെന്ന് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് പറഞ്ഞത് ഇപ്പോള്‍ പുറത്തേക്ക് വന്ന് കഴിഞ്ഞു. ബോധപൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണ്.
കേരളത്തില്‍ സാമുദായിക മതധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്പീക്കറുടെ പേര് നാഥുറാം ഗോഡ്‌സെ എന്നായിരുന്നെങ്കില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നു,’ റിയാസ് പറഞ്ഞു.
അതേസമയം സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പരാമര്‍ശത്തെ തെരഞ്ഞെടുപ്പ് ആയുധമാക്കാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മഹിള മോര്‍ച്ച സംസ്ഥാന സമിതി യോഗത്തിന്റെ സമാപന ചടങ്ങില്‍ വെച്ച് പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. ശബരിമലക്ക് സമാനമായ സ്ഥിതി വന്നിരിക്കുകയാണെന്നും തങ്ങളോട് മാത്രമാണ് ഗണപതി മിത്താണെന്ന് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കാലത്ത് ബി.ജെ.പിയിലെ സ്ത്രീകള്‍ നടത്തിയ പ്രക്ഷോഭത്തിന്റെ ഫലം ലഭിച്ചത് മറ്റ് ചിലര്‍ക്കാണെന്നും ഇത്തവണ അത് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘ശബരിമലക്ക് സമാനമായ സ്ഥിതി വന്നിരിക്കുകയാണ്. നമ്മളോട് മാത്രമാണോ പറയാനുള്ളത്, നിങ്ങളുടേത് മിത്താണ്. ഗണപതി മിത്താണ്. അല്ലാഹു നല്ല ആളാണ്. സ്വര്‍ഗത്തില്‍ ചെന്നാല്‍ ഹൂറിമാരെ കാണാം. ആരാണ് ഹൂറിമാരെ കണ്ടിട്ടുള്ളതെന്ന് സുകുമാരന്‍ നായര്‍ ഇന്നലെ ചോദിച്ചു.
അതിനെ പറ്റി ഷംസീറിനെ പോലെയുള്ള അലവലാതികള്‍ക്ക് ഒന്നും പറയാനില്ല. കഴിഞ്ഞ ദിവസം 30 ദിവസം നോമ്പെടുക്കുന്നതിനെ പറ്റി വേറെ വീഡിയോ വന്നിരുന്നു. അയ്യപ്പന്‍ കല്യാണം കഴിച്ചതാണെന്നായിരുന്നു വേറൊരുത്തന്‍. അയ്യപ്പന്‍ കല്യാണം കഴിച്ചോയെന്ന് നോക്കലാണോ ഇവന്മാരുടെയൊക്കെ ജോലി. ഇവനെയൊക്കെ കണ്ടാലേ കാണ്ടാമൃഗത്തെക്കാളും വലിയ തൊലിക്കട്ടിയാണ്. ഇവനൊക്കെ മുട്ടിന്റെ മുകളില്‍ മുണ്ടും ഉടുത്ത് 30 ദിവസം നൊമ്പെടുത്ത് എല്ലാ വെള്ളിയാഴ്ചയും പള്ളിയില്‍ പോയി ഹിന്ദുക്കളെ ആക്ഷേപിക്കുകയാണ്,’ എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്.
content highlights: riyas against surendran