രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ യങ് ബാറ്റര്‍ മികച്ച പ്രകടനമാണ് രഞ്ജി ട്രോഫിയില്‍ കാഴ്ചവെക്കുന്നത്. കഴിഞ്ഞ വര്‍ഷം ഐ.പി.എല്‍ സീസണില്‍ താരത്തിന് പ്രതീക്ഷക്കൊത്തുള്ള പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലായിരുന്നു. എന്നാല്‍ 2024 ഐ.പി.എല്‍ സീസണിലും താരത്തെ രാജസ്ഥാന്‍ നിലനിര്‍ത്തിയതോടെ ഇനി ടോപ് ഓര്‍ഡറില്‍ കളിക്കുമെന്നാണ് പരാഗ് പറയുന്നത്. സ്റ്റാര്‍ സ്‌പോട്‌സുമായിള്ള ഒരു അഭിമുഖത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്.
‘ഐ.പി.എല്‍ ഒരുപാട് വലുതാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഫോം ഐ.പി.എല്ലിലും ഉണ്ടാകുമെന്ന് ഞാന്‍ ചിന്തിക്കുന്നു. പക്ഷെ ഇത് ഒരു വ്യത്യസ്തമായ ടൂര്‍ണമെന്റ് ആണ്. ബൗളര്‍മാര്‍ വളരെ സ്‌കില്‍ ഫുള്‍ ആണ്, പക്ഷെ എന്റെ സ്‌കില്‍ എവിടേയും പോയിട്ടില്ല. ഐ.പി.എല്ലില്‍ എനിക്ക് ടോപ്ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. ഞാന്‍ അസമിന് വേണ്ടി നാലാമനായിട്ടാണ് ഇറങ്ങുന്നത്,’ പരാഗ് പറഞ്ഞു.
രഞ്ജിയില്‍ ചത്തീസ്ഗഢുമായുള്ള മത്സരത്തില്‍ താരം നിര്‍ണായക നേട്ടവും സ്വന്തമാക്കിയിരുന്നു. രഞ്ജി ട്രോഫി ചരിത്രത്തില്‍ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് പരാഗ് തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്.
ഛത്തീസ്ഗഢുമായുള്ള രണ്ടാം ഇന്നിങ്സില്‍ വെറും 87 പന്തില്‍ നിന്നാണ് താരം 155 റണ്‍സ് നേടിയത്. 12 സിക്സറുകളും 11 ബൗണ്ടറികളുമടങ്ങുന്നതായിരുന്നു താരത്തിന്റെ തീപാറും പ്രകടനം. വേഗമേറിയ സെഞ്ച്വറിക്ക് പുറമെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പാരാഗ് തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് നേടിയെടുത്തത്. വെറും 56 പന്തിലാണ് പരാഗ് തന്റെ ഫസ്റ്റ് ക്ലാസ് കരിയറിലെ രണ്ടാമത്തെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. റിഷഭ് പന്ത് ആണ് രഞ്ജിയിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടി റെക്കോഡ് ഇട്ടത്.
Content Highlight: Riyan Parag wants to play in the top order in the IPL