2022ല്‍ കണ്‍മുമ്പില്‍ നിന്നും കൈവിട്ട കിരീടം തിരിച്ചുപിടിക്കാനാണ് രാജസ്ഥാന്‍ റോയല്‍സും സഞ്ജു സാംസണും ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകേണ്ടി വന്നതിന്റെ നിരാശ ഈ സീസണില്‍ കിരീടത്തോടെ അവസാനിപ്പിക്കണെമന്നാണ് ആരാധകരും ആഗ്രഹിക്കുന്നത്.
കഴിഞ്ഞ സീസണില്‍ അവസാന നിമിഷം വരെ പ്ലേ ഓഫ് സാധ്യതകളുണ്ടായിരുന്ന ശേഷമാണ് രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 14 മത്സരത്തില്‍ നിന്നും ഏഴ് ജയവും ഏഴ് തോല്‍വിയുമാണ് ജയ്പൂരിന്റെ രാജാക്കന്‍മാര്‍ക്കുണ്ടായിരുന്നത്.
എന്നാല്‍ കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ടീം ഇത്തവണ കുറച്ചുകൂടി സ്‌ട്രോങ്ങാണ്. സഞ്ജുവിനും ബട്‌ലറിനും ജെയ്‌സ്വാളിനും ഹെറ്റിക്കും പുറമെ ലേലത്തില്‍ സ്വന്തമാക്കിയ ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റര്‍ റോവ്മന്‍ പവലും ആഭ്യന്തര തലത്തിലെ മിന്നും താരം ശുഭം ദുബെയും ബാറ്റിങ്ങില്‍ കരുത്താകും. ബൗളിങ്ങില്‍ നാന്ദ്രേ ബര്‍ഗറാണ് ഇത്തവണ ടീമിന്റെ ഏറ്റവും മികച്ച കണ്ടെത്തല്‍.
എന്നാല്‍ ഇത്തവണ ബാറ്റിങ്ങില്‍ യുവതാരം റിയാന്‍ പരാഗില്‍ നിന്നുള്ള കാര്യമായ സംഭാവനകളും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിന് കാരണം ആഭ്യന്തര ഫോര്‍മാറ്റില്‍ താരം പുലര്‍ത്തുന്ന മാരക ഫോമും.
ഇക്കഴിഞ്ഞ സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയാണ് പരാഗ് ആരാധകരുടെ കയ്യടി നേടിയത്. പത്ത് മത്സരത്തില്‍ നിന്നും സീസണിലെ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയായ 85ല്‍ 510 റണ്‍സാണ് താരം നേടിയത്. സീസണില്‍ 500+ റണ്‍സ് നേടിയ ഏക താരവും പരാഗ് തന്നൊയിരുന്നു.
ഏഴ് അര്‍ധ സെഞ്ച്വറികളാണ് താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടത്. പുറത്താകാതെ നേടിയ 76 ആണ് ഉയര്‍ന്ന സ്‌കോര്‍.
അസം എന്ന ആവറേജ് ടീമിനെ ക്യാപ്റ്റന്റെ റോളിലെത്തി മുമ്പോട്ടുകൊണ്ടുപോയ താരമാണ് പരാഗ്. പല മത്സരങ്ങളും പരാഗിന്റെ മികവ് കൊണ്ട് മാത്രമാണ് അസം വിജയിച്ചത്. ഇതിന് പുറമെ ബൗളിങ്ങിലും തിളങ്ങിയ പരാഗ് 11 വിക്കറ്റും നേടിയിട്ടുണ്ട്. ഫീല്‍ഡിങ്ങിലും തീപ്പൊരി പ്രകടനമാണ് താരം കാഴ്ചവെച്ചത്.
ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം അടിസ്ഥാനപ്പെടുത്തി ഇന്ത്യന്‍ ടീം സെല്കട് ചെയ്യുകയാണെങ്കില്‍ ഇന്ത്യയുടെ കരിനീല ജേഴ്‌സിയണിയാന്‍ ഏറ്റവും അര്‍ഹതയുള്ള താരവും പരാഗ് തന്നെ.
ഇതിന് പുറമെ ദേവ്ധര്‍ ട്രോഫിയിലും രഞ്ജിയിലും മികച്ച പ്രകടനം കാഴ്ചവെക്കാനും പരാഗിന് സാധിച്ചിരുന്നു.
ഐ.പി.എല്ലിലെ സ്ഥിരതയില്ലാത്ത പ്രകടനവും കളിക്കളത്തിലെ പെരുമാറ്റവും ആരാധകര്‍ക്കിടയില്‍ ചീത്തക്കുട്ടി ഇമേജാണ് പരാഗിന് നല്‍കിയിട്ടുള്ളത്. പരാഗിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ ആരാധകര്‍ തന്നെ പരസ്യമായി രംഗത്തുവന്നിരുന്നു.
എന്നാല്‍ ഈ സീസണില്‍ ഡൊമസ്റ്റിക് ലെവലില്‍ പുറത്തെടുത്ത പ്രകടനം ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ രാജസ്ഥാന്റെ ഗെയിം ചെയ്ഞ്ചറായി മറാന്‍ പരാഗിന് സാധിക്കുമെന്നുറപ്പാണ്.
Content Highlight: Riyan Parag to perform as well in IPL as he did in domestic cricket