| Thursday, 4th July 2024, 4:14 pm

സഞ്ജുവിനൊപ്പം കളിക്കുമ്പോൾ ഞാനും രാജസ്ഥാന്റെ ക്യാപ്റ്റനാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്: പരാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

ജൂലൈ ആറിന് ആരംഭിക്കുന്ന സിംബാബ്വെക്കെതിരെയുള്ള അഞ്ച് ടി-20 പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങള്‍ക്ക് എല്ലാം വിശ്രമം അനുവദിച്ചുകൊണ്ടാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്.

ഒരുപിടി യുവനിരയുമായാണ് ഇന്ത്യന്‍ ടീം സിംബാബ്വെക്കെതിരെയുള്ള പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മികച്ച പ്രകനം കാഴ്ചവച്ച റിയാന്‍ പരാഗും സണ്‍റൈസസ് ഹൈദരാബാദിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് നടത്തിയ അഭിഷേക് ശര്‍മ എന്നിവരും ടീമില്‍ ഇടം നേടി.

ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സില്‍ കളിക്കുമ്പോള്‍ സഞ്ജു സാംസണില്‍ നിന്നും ലഭിച്ച പിന്തുണയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് പരാഗ്. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പരാഗ്.

‘രാജസ്ഥാനില്‍ കളിക്കുമ്പോള്‍ ഞങ്ങള്‍ ഈ വര്‍ഷം ശരിക്കുമടുത്തു. കാരണം മത്സരങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍സിയുടെ ഭാഗമാവാന്‍ സഞ്ജു എന്നോട് ആവശ്യപ്പെട്ടു. അപ്പോള്‍ ഞാന്‍  ബൗളര്‍മാരോട് സംസാരിക്കുകയും ഫീല്‍ഡിങ്ങിനെ കുറിച്ച് പറയുകയും ചെയ്തു. അതിനാല്‍ ഈ സീസണില്‍ എനിക്ക് വളരെയധികം ടീമിൽ വലിയ ചുമതല  ലഭിച്ചു. ഇതെല്ലാം എനിക്ക് വളരെ നല്ലതായി തോന്നി. കാരണം മത്സരങ്ങളിലെ പല ഘട്ടത്തിലും ബൗളര്‍മാരോട് സംസാരിക്കുകയും ഫീല്‍ഡില്‍ മാറ്റം വരുത്തുകയും ചെയ്തു. ഇതെല്ലാം ക്യാപ്റ്റനില്‍ എന്നോടുള്ള വിശ്വാസമായിരുന്നു,’ പരാഗ് പറഞ്ഞു.

2024 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനമായിരുന്നു പരാഗ് നടത്തിയിരുന്നത്. 15 ഇന്നിങ്സുകളില്‍ നിന്നും നാല് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 573 റണ്‍സായിരുന്നു പരാഗ് അടിച്ചെടുത്തത്. 149.22 സ്ട്രൈക്ക് റേറ്റിലും 52.09 ആവറേജിലും ആണ് താരം ബാറ്റ് വീശിയത്.

ഇതോടെ രാജസ്ഥാന്‍ റോയല്‍സിനായി ഒരു സീസണില്‍ 500+ റണ്‍സ് നേടുന്ന രണ്ടാമത്തെ അണ്‍ ക്യാപ്ഡ് താരം എന്ന നേട്ടവും പരാഗ് സ്വന്തമാക്കിയിരുന്നു. ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് 2021ല്‍ യശസ്വി ജെയ്‌സ്വാള്‍ ആയിരുന്നു.

അതേസമയം സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ എന്നിവരെ സിംബാബ് വെക്കെതിരെയുള്ള ആദ്യ രണ്ട് ടി-20 മത്സരങ്ങള്‍ക്കായി തെരഞ്ഞെടുത്തിരുന്നു. ടി-20 ലോകകപ്പ് ടീമിന്റെ ഭാഗമായ സഞ്ജു സാംസണ്‍, ശിവം ദുബെ, യശസ്വി ജെയ്സ്വാള്‍ എന്നിവര്‍ക്ക് പകരക്കാരായ മൂന്ന് താരങ്ങളെയും ഇന്ത്യ തെരഞ്ഞെടുത്തത്.

ബാര്‍ബഡോസില്‍ നിന്നും ടീം ഇന്ത്യയിലെത്താന്‍ വൈകിയതിന് പിന്നാലെയാണ് ടീമില്‍ മാറ്റങ്ങള്‍ വന്നത്. ബെറിന്‍ ചുഴലിക്കാറ്റ് ബാര്‍ബഡോസില്‍ ശക്തമായ രീതിയില്‍ എത്തുമെന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ ടീമിന്റെ മടങ്ങിവരവ് വൈകിയത്.

Content Highlight: Riyan Parag talks about Sanju Samson

We use cookies to give you the best possible experience. Learn more