| Tuesday, 20th August 2024, 7:58 am

അദ്ദേഹത്തിന് സീനിയർ ജൂനിയർ എന്ന വ്യത്യാസമൊന്നുമില്ല: ധ്രുവ് ജുറെൽ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെൽ. കളിക്കളത്തില്‍ രോഹിത്തിന്റെ സ്വഭാവഗുണം എങ്ങനെയാണെന്നതിനെക്കുറിച്ചാണ് ജുറല്‍ പറഞ്ഞത്. സ്പോര്‍ട്സ് ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജുറെൽ.

‘സത്യം പറഞ്ഞാല്‍ രോഹിത് വളരെ ശാന്തനാണ്. അദ്ദേഹത്തിന് സീനിയര്‍ ജൂനിയര്‍ എന്ന വ്യത്യാസമൊന്നുമില്ല. അദ്ദേഹം എപ്പോഴും വളരെ സാധാരണമായിട്ടാണ് സംസാരിക്കുക. ഞങ്ങൾക്ക് എന്തെങ്കിലും സഹായം ആവശ്യമായി വന്നാല്‍ അദ്ദേഹം കൃത്യമായി അത് ചെയ്ത് തരും,’ ജുറെല്‍ പറഞ്ഞു.

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ജുറെല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലാണ് ജുറെല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. തന്റെ അരങ്ങേറ്റ പരമ്പരയില്‍ തന്നെ തകര്‍പ്പന്‍ പ്രകടനം നടത്താനും ജുറെലിന് സാധിച്ചിരുന്നു.

മൂന്ന് ടെസ്റ്റില്‍ നിന്നും 190 റണ്‍സായിരുന്നു താരം അടിച്ചെടുത്തത്. 63.33 എന്ന മികച്ച ശരാശയിലായിരുന്നു ജുറല്‍ ബാറ്റ് വീശിയത്. ടി-20 ലോകകപ്പിന് ശേഷം നടന്ന സിംബാബ്‌വേക്കെതിരെയുള്ള ടി-20 പരമ്പരയിലായിരുന്നു താരം കുട്ടിക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ പരമ്പരയില്‍ ഒരു മത്സരത്തില്‍ മാത്രമേ ജുറെലിന് കളിക്കാൻ സാധിച്ചുള്ളൂ. ഈ മിന്നും പ്രകടങ്ങൾക്ക് പിന്നാലെ ഇന്ത്യൻ ടീമിന്റെ സെൻട്രൽ കോൺട്രാക്റ്റും താരത്തിന് ലഭിച്ചിരുന്നു.

അതേസമയം അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ 2-0ത്തിന് പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീടുള്ള രണ്ടു മത്സരങ്ങളും ശ്രീലങ്ക വിജയിച്ചുകൊണ്ട് സീരീസ് വിജയം ഉറപ്പിക്കുകയായിരുന്നു.

മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മിഡില്‍ ഓര്‍ഡറില്‍ ഇറങ്ങിയ താരങ്ങള്‍ തിളങ്ങാതെ പോയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ ബാറ്റിങ്ങില്‍ രോഹിത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പ് രോഹിത്തിന്റെ കീഴിലായിരുന്നു ഇന്ത്യ സ്വന്തമാക്കിയിരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ടായിരുന്നു രോഹിത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ രണ്ടാം ടി-20 കിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ ആയിരുന്നു ഇന്ത്യ കിരീടം ചൂടിയത്.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. സെപ്റ്റംബര്‍ 19 മുതലാണ് ഈ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്. ഈ പരമ്പരയില്‍ ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Riyan Parag Talks About Rohit Sharma

We use cookies to give you the best possible experience. Learn more