ഇപ്പോള്‍ ജൂലൈ ആറിന് ആരംഭിക്കുന്ന സിംബാബ്വെക്കെതിരെയുള്ള അഞ്ച് ടി-20 പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങള്‍ക്ക് എല്ലാം വിശ്രമം അനുവദിച്ചുകൊണ്ടാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്.
ഒരുപിടി യുവനിരയുമായാണ് ഇന്ത്യന്‍ ടീം സിംബാബ്വെക്കെതിരെയുള്ള പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യയുടെ ക്യാപ്റ്റനായി നിയമിച്ചത്. വിക്കറ്റ് കീപ്പര്‍മാരായി മലയാളി സൂപ്പര്‍താരം സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സ് താരം ധ്രൂവ് ജുറലുമാണ് ഇടം പിടിച്ചത്.
കഴിഞ്ഞ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മികച്ച പ്രകനം കാഴ്ചവച്ച റിയാന്‍ പരാഗും സണ്‍റൈസസ് ഹൈദരാബാദിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് നടത്തിയ അഭിഷേക് ശര്‍മ എന്നിവരും ടീമില്‍ ഇടം നേടി.
ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് റിയാന്‍ പരാഗ്. തന്റെ ജന്‍മനാടായ അസമിലെ ജനങ്ങള്‍ വലിയ കാര്യങ്ങള്‍ ചിന്തിക്കുന്നത് കുറവാണെന്നും അത് ക്രിക്കറ്റിലൂടെ മാറ്റിയെടുക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നുമാണ് പരാഗ് പറഞ്ഞത്.
‘അസമിലെ ജനങ്ങളെ വളരെയധികം മാറ്റിയെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഇതുവരെ ഒരു അന്താരാഷ്ട്ര മത്സരം പോലും കളിച്ചിട്ടില്ല. എനിക്കെന്റെ രാജ്യത്തിനുവേണ്ടി കളിക്കാന്‍ ആഗ്രഹമുണ്ട്. ഞാന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചാല്‍ എന്റെ നാട്ടില്‍ നിന്നും ഒരാളെങ്കിലും ഇവിടെ എത്തി എന്ന് എന്റെ നാട്ടിലുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഞാന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നന്നായി കളിച്ചു. ഞാന്‍ അസം പോലുള്ള ഒരു ചെറിയ സംസ്ഥാനക്കാരനാണെങ്കിലും ഇത്തരത്തില്‍ ഇന്ത്യന്‍ ടീമില്‍ മികച്ച നിലയിലെത്താന്‍ കഴിയുമെന്ന് ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്,’ പരാഗ് പറഞ്ഞു.
2024 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനമായിരുന്നു നടത്തിയിരുന്നത്. 15 ഇന്നിങ്‌സുകളില്‍ നിന്നും നാല് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 573 റണ്‍സായിരുന്നു പരാഗ് അടിച്ചെടുത്തത്. 149.22 സ്‌ട്രൈക്ക് റേറ്റിലും 52.09 ആവറേജിലും ആണ് താരം ബാറ്റ് വീശിയത്.
Content Highlight: Riyan Parag talks about Indian Cricket Team Debut