| Wednesday, 6th November 2024, 4:59 pm

സഞ്ജുവിന്റെ കീഴിലല്ല, എന്നെ ഇന്നത്തെ താരമാക്കിയത് അദ്ദേഹമാണ്; വെളിപ്പെടുത്തലുമായി റിയാന്‍ പരാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോയല്‍സിലൂടെ ഇന്ത്യയുടെ യുവ ഓള്‍ റൗണ്ടര്‍ നിരയിലേക്ക് വളര്‍ന്ന താരമാണ് റിയാന്‍ പരാഗ്. പരാഗിനെപോലെ ധ്രുവ് ജുറെല്‍, യശസ്വി ജെയ്‌സ്വാള്‍ തുടങ്ങിയ താരങ്ങളും രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് വളര്‍ന്നവരാണ്. സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ കളിച്ച മൂവരേയും 2025 ഐ.പി.എല്‍ സീസണില്‍ ഫ്രാഞ്ചൈസി നിലനിര്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ ജന്മദിനത്തോടനുബന്ധിച്ച് പരാഗ് ഷെയര്‍ ചെയ്ത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അതില്‍ കളിക്കാരനെന്ന നിലയില്‍ തന്നെ താനാക്കി മാറ്റിയത് വിരാട് കോഹ്‌ലിയാണെന്നാണ് പരാഗ് പറഞ്ഞത്. വിരാടിന്റെ അഗ്രഷനും ക്രിക്കറ്റിനോടുള്ള അഭിനിവേശവും വലിയരീതിയില്‍ തനിക്ക് പ്രചോദനമായെന്നാണ് പരാഗ് പറഞ്ഞത്.

റിയാന്‍ പരാഗ് വിരാട് കോഹ്‌ലിയെക്കുറിച്ച് പറഞ്ഞത്‌

‘നിങ്ങളുടെ ക്രിക്കറ്റിനോടുള്ള നിങ്ങളുടെ അഭിനിവേശവും ആക്രമണ സമീപനവും ക്രിക്കറ്റില്‍ നിലവാരം സ്ഥാപിക്കുക മാത്രമല്ല ചെയ്തത്. എന്നെ ഇന്നത്തെ കളിക്കാരനായി രൂപപ്പെടുത്തുകയും ചെയ്തു. നിങ്ങള്‍ കളിക്കുന്നത് കാണുന്നത് വലിയ പ്രചോദനമാണ്. നിങ്ങളോടൊപ്പം ഒരു ഫീല്‍ഡ് പങ്കിടുന്നത് ഓര്‍മയാണ്. ഒരു യഥാര്‍ത്ഥ ഇതിഹാസമായതിന് നന്ദി, ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഇവിടെയുണ്ട്,’ റിയാന്‍ പരാഗ് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.

രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, യുവതാരങ്ങളായ യശസ്വി ജെയ്സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍ എന്നിവര്‍ക്കൊപ്പം അണ്‍ ക്യാപ്ഡ് താരമായി സന്ദീപ് ശര്‍മയെയും റോയല്‍സ് ചേര്‍ത്തുപിടിച്ചു. ഷിംറോണ്‍ ഹെറ്റ്മെയറാണ് ടീം നിലനിര്‍ത്തിയ ഏക വിദേശ താരം.

സഞ്ജുവിനും ജെയ്സ്വാളിനും 18 കോടി വീതം ലഭിച്ചപ്പോള്‍ പരാഗിനെയും ജുറെലിനെയും 14 കോടി നല്‍കിയാണ് ടീം നിലനിര്‍ത്തിയത്. ഹെറ്റ്‌മെയറിനായി 11 കോടി മാറ്റിവെച്ചപ്പോള്‍ നാല് കോടിയാണ് സന്ദീപ് ശര്‍മക്ക് ലഭിച്ചത്.

79 കോടിയാണ് രാജസ്ഥാന്‍ റിറ്റെന്‍ഷനില്‍ ചെലവഴിച്ചത്. മറ്റേത് ടീമിനേക്കാളും കൂടുതല്‍. ഇതോടെ സ്വാഭാവികമായും ലേലത്തില്‍ ഏറ്റവും കുറവ് തുക ചെലവഴിക്കാന്‍ സാധിക്കുന്ന ടീമായും രാജസ്ഥാന്‍ മാറി. ലേലത്തില്‍ 41 കോടി മാത്രമാണ് ടീമിന് ചെലവഴിക്കാന്‍ സാധിക്കുക. 19 സ്ലോട്ടുകളാണ് ടീമിന് ബാക്കിയുള്ളത്. ആര്‍.ടി.എം ഓപ്ഷനുകള്‍ ഒന്നും തന്നെ അവശേഷിക്കുന്നുമില്ല.

Content Highlight: Riyan Parag Talking About Virat Kohli

We use cookies to give you the best possible experience. Learn more