ഞാന്‍ ഒരുപാട് ട്രോള്‍ ചെയ്യപ്പെട്ടു, ഇപ്പോള്‍ എന്നെ ഇന്ത്യന്‍ ടീമിന്‍ എടുക്കണമെന്ന് ആവശ്യപ്പെടുന്നു: റിയാന്‍ പരാഗ്
Sports News
ഞാന്‍ ഒരുപാട് ട്രോള്‍ ചെയ്യപ്പെട്ടു, ഇപ്പോള്‍ എന്നെ ഇന്ത്യന്‍ ടീമിന്‍ എടുക്കണമെന്ന് ആവശ്യപ്പെടുന്നു: റിയാന്‍ പരാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd July 2024, 8:07 pm

ജൂലൈ ആറിന് ആരംഭിക്കുന്ന സിംബാബ്വെക്കെതിരെയുള്ള അഞ്ച് ടി-20 പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. വിജയിച്ച ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങള്‍ക്ക് എല്ലാം വിശ്രമം അനുവദിച്ചുകൊണ്ടാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്.

ഒരുപിടി യുവനിരയുമായാണ് ഇന്ത്യന്‍ ടീം സിംബാബ്വെക്കെതിരെയുള്ള പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യയുടെ ക്യാപ്റ്റനായി നിയമിച്ചത്. വിക്കറ്റ് കീപ്പര്‍മാരായി മലയാളി സൂപ്പര്‍താരം സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സ് താരം ധ്രൂവ് ജുറലുമാണ് ഇടം പിടിച്ചത്. രാജസ്ഥാന്റെ റിയാന്‍ പരാഗും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.

എന്നാല്‍ ടീമില്‍ എത്തുന്നതിന് മുമ്പ് തനിക്ക് എതിരെ ഉണ്ടായ വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് പരാഗ്. ക്രിക്ക് ബസുമായുള്ള അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

‘കഴിഞ്ഞ വര്‍ഷം വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ തിരിച്ചറിഞ്ഞു, ബുദ്ധിമുട്ടുകള്‍ തരണം ചെയ്ത് ഞാന്‍ തിരിച്ച് വരാന്‍ തയ്യാറെടുത്തു. വീഴ്ചകളില്‍ ഞാന്‍ മുന്നോട്ട് വരാന്‍ പൂര്‍ണമായും പരിശ്രമിച്ചു. ഞാന്‍ ഒരുപാട് ട്രോള്‍ ചെയ്യപ്പെട്ടു. അതില്‍ എനിക്ക് കൂടുതല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. എനിക്ക് ഐ.പി.എല്‍ കളിക്കാന്‍ കഴിവില്ലെന്ന് അവര്‍ പറഞ്ഞു. പക്ഷെ ഇപ്പോള്‍ അവര്‍ എന്നെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു, പൊതുജന അഭിപ്രായങ്ങള്‍ അങ്ങനെയാണ് മാറിക്കൊണ്ടിരിക്കും,’ റിയാന്‍ പരാഗ് ക്രിക്ക് ബസിനോട് പറഞ്ഞു.

2024 ഐ.പി.എല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയായിരുന്നു റിയാന്‍ പരാഗ് കളിച്ചത്. സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരമാകാനും പരാഗിന് സാധിച്ചു. 16 മത്സരങ്ങളില്‍ നിന്ന് 573 റണ്‍സ് സ്‌കോറുചെയ്ത പരാഗ് 52.09 എന്ന മികച്ച ശരാശരിയും 149.21 എന്ന സ്ട്രൈക്ക് റേറ്റും നിലനിര്‍ത്തി. 4 അര്‍ധസെഞ്ച്വറികള്‍ നേടിയ താരം 84 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും സ്വന്തമാക്കിയിട്ടുണ്ട്.

ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍, ശിവം ദുബെ, യശസ്വി ജെയ്‌സ്വാള്‍ എന്നിവര്‍ക്ക് പകരക്കാരായി സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ എന്നിവരെ ഉള്‍പ്പെടുത്തി. കാലാവസ്ഥാ ഭീഷണി തുടര്‍ന്നതോടെ ടീമിന്റെ നാട്ടിലേക്കുള്ള മടക്കം പ്രതിസന്ധിയില്‍ ആയതിനാലാണ് മൂന്ന് താരങ്ങള്‍ക്ക് മാറേണ്ടിവന്നത്.

സിംബാബ്‌വെക്കെതിരെയുള്ള ടി-20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, ഹര്‍ഷിത് റാണ, തുഷാര്‍ ദേശ്പാണ്ഡേ.

സിംബാബ്വെക്കെതിരെയുള്ള ടി-20 പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബൈ, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡേ.

 

Content Highlight: Riyan Parag Talking About His Struggling Time