| Sunday, 28th July 2024, 4:11 pm

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇവന്‍ ഒന്നാമന്‍; ഇതുവരെ ആര്‍ക്കും സാധിക്കാത്ത നേട്ടവുമായി റിയാന്‍ പരാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ടി-20 പരമ്പര ആരംഭിച്ചിരിക്കുകയാണ്. പല്ലേക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ 43 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പരയില്‍ ലീഡ് നേടിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയും റിഷബ് പന്ത്, യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍ എന്നിവരുടെ ഇന്നിങ്‌സുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 84 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ സ്വന്തമാക്കിയത്. 45 റണ്‍സ് നേടി ക്രീസില്‍ നിലയുറപ്പിച്ച കുശാല്‍ മെന്‍ഡിസിനെ പുറത്താക്കി അര്‍ഷ്ദീപ് സിങ്ങാണ് ബ്രേക് ത്രൂ നല്‍കിയത്.

മെന്‍ഡിസ് പുറത്തായെങ്കിലും പിന്നാലെയെത്തിയ കുശാല്‍ പെരേരയെ കൂട്ടുപിടിച്ച് പാതും നിസങ്ക സ്‌കോര്‍ ഉയര്‍ത്തി. 48 പന്തില്‍ 79 റണ്‍സാണ് താരം നേടിയത്. നാല് സിക്സറും ഏഴ് ഫോറും അടക്കം 164.58 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് സ്‌കോര്‍ ചെയ്തത്.

ടീം സ്‌കോര്‍ 140ല്‍ നില്‍ക്കവെ നിസങ്കയെ അക്സര്‍ പട്ടേല്‍ മടക്കിയതോടെ കളി ഇന്ത്യയുടെ കൈകളിലേക്ക് തിരിച്ചുവന്നു. രണ്ടാം വിക്കറ്റിന് ശേഷം മികച്ച സ്‌കോര്‍ സ്വന്തമാക്കാനോ കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ ഇന്ത്യന്‍ ബൗളര്‍മാര്‍ എതിരാളികളെ അനുവദിച്ചില്ല.

ഇന്ത്യക്കായി റിയാന്‍ പരാഗ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അര്‍ഷ്ദീപ് സിങ്ങും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം നേടി. മുഹമ്മദ് സിറാജും രവി ബിഷ്ണോയിയുമാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

കാമിന്ദു മെന്‍ഡിസിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് പരാഗ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. അന്താരാഷ്ട്ര ടി-20യില്‍ പരാഗിന്റെ ആദ്യ വിക്കറ്റായിരുന്നു ഇത്. ശേഷം മഹീഷ് തീക്ഷണയെയും ദില്‍ഷന്‍ മധുശങ്കയെയും പരാഗ് ക്ലീന്‍ ബൗള്‍ഡാക്കി മടക്കി.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും റിയാന്‍ പരാഗിന്റെ പേരില്‍ കുറിക്കപ്പെട്ടു. അന്താരാഷ്ട്ര ടി-20യില്‍ തന്റെ ആദ്യ മൂന്ന് വിക്കറ്റും ബൗള്‍ഡിലൂടെ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് പരാഗ് സ്വന്തമാക്കിയത്.

1.2 ഓവറില്‍ അഞ്ച് റണ്‍സ് വഴങ്ങിയാണ് താരം മൂന്ന് വിക്കറ്റ് നേടിയത്.

അതേസമയം, രണ്ടാം മത്സരത്തിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. ഞായറാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം. പല്ലേക്കലെയാണ് വേദി.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഒരുങ്ങുന്നത്.

Content Highlight: Riyan Parag scripts a unique record in India – Sri Lanka 1st T20

We use cookies to give you the best possible experience. Learn more