രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ സെഞ്ച്വറി നേടി അസം നായകന്‍ റിയാന്‍ പരാഗ്. 125 പന്തില്‍ 92.80 സ്‌ട്രൈക്ക് റേറ്റില്‍ 116 റണ്‍സ് നേടിയാണ് ബര്‍സാപരയുടെ ഹോം ടൗണ്‍ ബോയ് ടീം അസം നിരയില്‍ നിര്‍ണായകമായത്.
16 ബൗണ്ടറിയും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു പരാഗിന്റെ ഇന്നിങ്‌സ്. താരത്തിന്റെ ബലത്തില്‍ അസം ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങാതിരിക്കാനുള്ള ശ്രമത്തിലാണ്.
കേരളം ഉയര്‍ത്തിയ 419 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് പിന്നാലെ ആദ്യ ഇന്നിങ്‌സ് ആരംഭിച്ച അസം മൂന്നാം ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ ഏഴ് വിക്കറ്റിന് 231 റണ്‍സ് എന്ന നിലയിലാണ്. 37 പന്തില്‍ 11 റണ്‍സുമായി ആകാശ് സെന്‍ഗുപ്തയും 24 പന്തില്‍ 19 റണ്‍സുമായി മുക്താര്‍ ഹുസൈനുമാണ് അസമിനായി ക്രീസില്‍ തുടരുന്നത്.
ചണ്ഡീഗഡിനെതിരായ സീസണിലെ ആദ്യ മത്സരത്തിലും റിയാന്‍ പരാഗ് സെഞ്ച്വറി നേടിയിരുന്നു. അസമിന്റെ രണ്ടാം ഇന്നിങ്‌സില്‍ 87 പന്തില്‍ നിന്നും 155 റണ്‍സ് നേടിയാണ് പരാഗ് ടെസ്റ്റില്‍ ടി-20 കളിച്ചത്. താന്‍ ഏറ്റവും മികച്ച രീതിയില്‍ ബാറ്റ് വീശുന്ന ടി-20 രീതിയില്‍ തന്നെയാണ് പരാഗ് രഞ്ജിയിലും സ്‌കോര്‍ ഉയര്‍ത്തുന്നത്.
ഓരോ തവണ ആഭ്യന്തര തലത്തില്‍ റിയാന്‍ പരാഗ് മികച്ച പ്രകടനം നടത്തുമ്പോഴും താരത്തിന് ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്താന്‍ കാത്തിരിക്കുന്നത് നിരവധി ക്രിക്കറ്റ് ആരാധകരാണ്. അസമില്‍ നിന്നും ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തുന്ന ആദ്യ താരമെന്ന നേട്ടമാണ് താരത്തിന് മുമ്പിലുള്ളത്. എന്നാല്‍ പലപ്പോഴും അര്‍ഹതയുണ്ടായിട്ടും ഇന്ത്യന്‍ ജേഴ്‌സിയിലെത്താന്‍ പരാഗിന് സാധിക്കാതെ പോയിരുന്നു.
ആഭ്യന്തര തലത്തില്‍ പ്രകടനം അടിസ്ഥാനമാക്കി ടീം സെലക്ട് ചെയ്യുകയാണെങ്കില്‍ ഇന്ത്യയുടെ ടി-20 ജേഴ്‌സിയണിയാന്‍ ഏറ്റവും യോഗ്യതയുള്ള താരങ്ങളില്‍ ഒരാള്‍ റിയാന്‍ പരാഗ് തന്നെയാണ്. പലപ്പോഴായി പരാഗ് ഇത് തെളിയിച്ചതുമാണ്.
ഇക്കഴിഞ്ഞ സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവുമധികം റണ്‍സ് നേടിയത് റിയാന്‍ പരാഗായിരുന്നു. 10 ഇന്നിങ്‌സില്‍ നിന്നും 18.73 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലും 85.00 എന്ന മികച്ച ആവറേജിലും 510 റണ്‍സാണ് പരാഗ് നേടിയത്. സീസണില്‍ 500+ റണ്‍സ് നേടിയ ഏക താരവും പരാഗ് തന്നെയായിരുന്നു.
എന്നാല്‍ സീസണിലെ ടോപ് സ്‌കോററായിട്ടും പരാഗിനെ സെലക്ടര്‍മാര്‍ ടി-20 ഫോര്‍മാറ്റില്‍ അവഗണിക്കുകയായിരുന്നു. ഇതിന് ശേഷം നടന്ന ഇന്ത്യ – ഓസ്‌ട്രേലിയ, ഇന്ത്യ – സൗത്ത് ആഫ്രിക്ക എന്നീ പരമ്പരകളിലൊന്നും താരത്തിന് ഇടം ലഭിച്ചിരുന്നില്ല. ഇപ്പോള്‍ അഫ്ഗാന്റെ ഇന്ത്യന്‍ പര്യടനത്തിലും റിയാന്‍ പരാഗ് ടീമിന് പുറത്ത് തന്നെയാണ്.
കഴിഞ്ഞ വര്‍ഷം ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിനുള്ള സ്‌ക്വാഡിലും അസം നായകന് സ്ഥാനമുണ്ടായിരുന്നില്ല. യുവതാരങ്ങളെ തന്നെ പരിഗണിച്ചപ്പോഴും സെലക്ടര്‍മാര്‍ പരാഗിന് മുമ്പില്‍ മുഖം തിരിക്കുകയായിരുന്നു.
ഇതിന് മുമ്പുള്ള സീസണില്‍ 63.25 എന്ന ശരാശരിയിലും 165.35 സ്‌ട്രൈക്ക് റേറ്റിലും 253 റണ്‍സും താരം നേടിയിരുന്നു.
അതേസമയം, രഞ്ജിയില്‍ കേരളത്തിനെതിരെ സമനില പിടിക്കാനണ് അസം ഒരുങ്ങുന്നത്. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ നിലവില്‍ 188 റണ്‍സിന് ടീം പുറകിലാണ്.
Content highlight: Riyan Parag scored century against Kerala