| Saturday, 26th November 2022, 4:04 pm

ഞാന്‍ ഈ ചെറുപ്രായത്തില്‍ തന്നെ ധോണിയുടെ കളിയാണ് കളിക്കുന്നത്; പ്രസ്താവനയുമായി രാജസ്ഥാന്റെ വികൃതിപ്പയ്യന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ താരങ്ങളില്‍ പ്രധാനിയായിരുന്നു യുവ ഓള്‍ റൗണ്ടര്‍ റിയാന്‍ പരാഗ്. ഒരു ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ഇതുവരെ താരത്തിന് ശോഭിക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും മാനേജ്‌മെന്റും കോച്ച് സംഗക്കാരയും സഞ്ജുവും താരത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ ഐ.പി.എല്‍ സീസണിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനം നടത്താനും പരാഗിന് സാധിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താകണം റോയല്‍സ് താരത്തെ ടീമില്‍ നിലനിര്‍ത്തിയത്.

കഴിഞ്ഞ സീസണില്‍ ഫീല്‍ഡിങ്ങിലടക്കം ചില മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച താരം കളിക്കളത്തില്‍ തന്നെ ചില വിവാദങ്ങളിലും തലവെച്ചിരുന്നു. എന്നാല്‍ പല സന്ദര്‍ഭങ്ങളിലും ടീം താരത്തെ പിന്തുണക്കുകയായിരുന്നു.

രാജസ്ഥാന്‍ റോയല്‍സ് തന്റെ മേല്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തെ കുറിച്ചും തന്റെ ബാറ്റിങ് ശൈലിയെ കുറിച്ചും സംസാരിക്കുകയാണ് റിയാന്‍ പരാഗ്. സ്‌പോര്‍ട്‌സ് കീഡക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

‘അവര്‍ എന്നില്‍ വിശ്വാസമര്‍പ്പിക്കുകയാണ്. പലര്‍ക്കും ഞാന്‍ നെറ്റ്‌സില്‍ എത്രത്തോളം നന്നായി ബാറ്റ് ചെയ്യാറുണ്ട് എന്ന കാര്യത്തെ കുറിച്ച് വലിയ പിടിയില്ല, അവര്‍ ഫൈനല്‍ പ്രൊഡക്ട് മാത്രമാണ് കാണുന്നത്.

എന്നെക്കൊണ്ട് എന്തൊക്കെ സാധ്യമാകുമെന്ന് റോയല്‍സ് ഫാമിലിക്ക് വ്യക്തമായ ബോധ്യമുണ്ട്. ആ വിശ്വാസം എപ്പോഴും ഉണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി അവര്‍ എന്നെ പിന്തുണക്കുന്നുണ്ട്. ഈ അഞ്ചാം വര്‍ഷത്തില്‍ അവര്‍ക്കായി മികച്ച പ്രകടനം നടത്താനുള്ള എന്റെ ഊഴമാണ്,’ പരാഗ് പറഞ്ഞു.

ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനിറങ്ങുന്നത് ഏറെ ശ്രമകരമാണെന്നും ധോണി മാത്രമാണ് അത് വിജയകരമായി എക്‌സിക്യൂട്ട് ചെയ്തതെന്നും താരം പറയുന്നു.

‘ടി-20 ക്രിക്കറ്റില്‍ ഏറ്റവും പ്രയാസമേറിയ കാര്യം ആറാം നമ്പറിലും ഏഴാം നമ്പറിലും ബാറ്റ് ചെയ്യുക എന്നതാണ്. എം.എസ്. ധോണി മാത്രമാണ് അത് ഭംഗിയായി നിര്‍വഹിച്ചിട്ടുള്ളത്. അതാണ് ഞാന്‍ ഈ ചെറിയ പ്രായത്തില്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആളുകള്‍ക്ക് എന്ത് വേണമെങ്കിലും പറയാം. എല്ലാവരെയും ഒരു പോലെ തൃപ്തിപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ വിമര്‍ശനങ്ങളുയരുന്നത് സാധാരണമാണ്.

നിങ്ങളുടെ കളിയെ കുറിച്ച് ധാരണയുള്ളവര്‍ മാത്രമായിരിക്കും നിങ്ങളെ പ്രശംസിക്കുന്നത്. നിങ്ങളെന്നെ രൂക്ഷമായി വിമര്‍ശിച്ചാലും ഞാനത് കാര്യമാക്കുന്നില്ല,’ പരാഗ് പറഞ്ഞു.

പരാഗിനെയും ദേവ്ദത്ത് പടിക്കലിനെയും നിലനിര്‍ത്തിയ റോയല്‍സ് ഒമ്പത് താരങ്ങളെയാണ് റിലീസ് ചെയ്തത്. അനുനയ് സിങ്, കോര്‍ബിന്‍ ബോഷ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷം, കരുണ്‍ നായര്‍, നഥാന്‍ കൂള്‍ട്ടര്‍നൈല്‍, റാസി വാന്‍ ഡെര്‍ ഡുസെന്‍, ശുഭം ഗര്‍വാള്‍, തേജസ് ബറോക്ക എന്നിവരാണ് രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും പുറത്തായത്.

Content highlight: Riyan Parag says he is playing a finisher’s role like MS Dhoni at such an early age

Latest Stories

We use cookies to give you the best possible experience. Learn more