പരാഗിന്റെ വാരിക്കുഴിയില്‍ വീണ് പാകിസ്ഥാന്റെ കൊമ്പന്‍; ചെക്കന്റെ ബുദ്ധി വിമാനമാണല്ലോ!!! വീഡിയോ
Sports News
പരാഗിന്റെ വാരിക്കുഴിയില്‍ വീണ് പാകിസ്ഥാന്റെ കൊമ്പന്‍; ചെക്കന്റെ ബുദ്ധി വിമാനമാണല്ലോ!!! വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 20th July 2023, 3:24 pm

എമേര്‍ജിങ് ഏഷ്യാ കപ്പില്‍ പാകിസ്താന്‍ എ ടീമിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യയുടെ യുവനിര വിജയം കൊയ്തിരുന്നു. ഈ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയില്‍ കടക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു.

ബൗളിങ്ങില്‍ രാജ് വര്‍ധന്‍ ഹംഗാര്‍ഗേക്കറും ബാറ്റിങ്ങില്‍ സായ് സുദര്‍ശനും കത്തിക്കയറിയപ്പോള്‍ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കി. ഹംഗാര്‍ഗേക്കര്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തപ്പോള്‍ സായ് സുദര്‍ശന്‍ സെഞ്ച്വറിയടിച്ചാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.

ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മറ്റൊരു താരവും ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് ഓള്‍ റൗണ്ടര്‍ റിയാന്‍ പരാഗിന്റെ പ്രകടനത്തിന് ആരാധകര്‍ക്കിടയില്‍ നിന്നും കയ്യടി ലഭിക്കുകയാണ്.

ഒരു മെയ്ഡന്‍ ഉള്‍പ്പെടെ ആറ് ഓവര്‍ പന്തെറിഞ്ഞ പരാഗ് വെറും 24 റണ്‍സ് മാത്രമാണ് വഴങ്ങിയത്. 4.00 എന്ന മികച്ച എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. ഒരു വിക്കറ്റും പരാഗ് നേടി.

ഒറ്റ വിക്കറ്റ് മാത്രമാണ് പരാഗിന് നേടാന്‍ സാധിച്ചതെങ്കിലും മത്സരത്തിന്റെ ഗതിയൊന്നാകെ മാറ്റിമറിച്ചത് ആ വിക്കറ്റാണ്. പാകിസ്ഥാന്‍ ഓപ്പണറും സ്റ്റാര്‍ ബാറ്ററുമായ സാഹിബ്‌സാദ ഫര്‍ഹാന്റെ വിക്കറ്റാണ് പരാഗ് സ്വന്തമാക്കിയത്. ബൗണ്ടറി ലൈനിന് സമീപം നിതീഷ് കുമാര്‍ റെഡ്ഡിക്ക് ക്യാച്ച് നല്‍കിയാണ് ഫര്‍ഹാന്‍ പുറത്തായത്. 36 പന്തില്‍ നിന്നും 35 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

ലെഗ് സൈഡിന് പുറത്ത് പിച്ച് ചെയ്ത നിരുപദ്രവകാരിയായ ഡെലിവെറിയായിരുന്നു അത്. എന്നാല്‍ ഇതിന് മുമ്പുള്ള താരത്തിന്റെ ഷോട്ടുകള്‍ കൃത്യമായി അനലൈസ് ചെയ്ത പരാഗ് തന്ത്രപൂര്‍വം കെണിയൊരുക്കുകയും ആ കെണിയില്‍ ഫര്‍ഹാന്‍ വീഴുകയുമായിരുന്നു. പരാഗിന്റെ ആ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച ഫര്‍ഹാന്‍ പരാജയപ്പെടുകയായിരുന്നു.

വേണ്ടത്ര ദൂരത്തില്‍ ഫര്‍ഹാന് ആ ഷോട്ട് കളിക്കാന്‍ സാധിച്ചിരുന്നില്ല. ഡീപ് മിഡ്‌വിക്കറ്റില്‍ നിതീഷ് കുമാറിന്റെ കയ്യില്‍ ഫര്‍ഹാന്‍ ഒതുങ്ങുമ്പോള്‍ പാകിസ്ഥാന്‍ 45ന് മൂന്ന് എന്ന നിലയിലേക്ക് വീണു.

ഒടുവില്‍ 48 ഓവറില്‍ പാകിസ്ഥാന്‍ 205ന് ഓള്‍ ഔട്ടാവുകയായിരുന്നു. പരാഗിനും ഹംഗാര്‍ഗേക്കറിന് പുറമെ മാനവ് സുതര്‍ മൂന്നും നിഷാന്ത് സിന്ധു ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 37ാം ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം പിടിച്ചടക്കുകയായിരുന്നു. സായ് സുദര്‍ശന്റെ സെഞ്ച്വറിക്കൊപ്പം നികിന്‍ ജോസിന്റെ അര്‍ധ സെഞ്ച്വറിയും ഇന്ത്യന്‍ വിജയം എളുപ്പമാക്കി.

 

Content Highlight: Riyan Parag’s tactics in India A vs Pakistan A match