അസം, ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലേക്ക് ഐ.പി.എല്‍ എത്തിയപ്പോള്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ആവേശത്തിലായിരുന്നു. ഐ.പി.എല്ലിന്റെ 15 വര്‍ഷത്തെ ചരിത്രത്തിലാദ്യമായിട്ടാണ് നോര്‍ത്ത് ഈസ്‌റ്റേണ്‍ സംസ്ഥാനങ്ങളിലെ ഒരു ഗ്രൗണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കത്തിന് വേദിയാകുന്നത്.
അസമിലെ ബര്‍സാപര രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടാം ഹോം സ്‌റ്റേഡിയമായി പ്രഖ്യാപിച്ചപ്പോഴും ആരാധകര്‍ ആവേശത്തിലായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് അസമിലെത്തി ഹോം മത്സരങ്ങള്‍ കളിക്കുന്നു എന്നതിനേക്കാളുപരി റിയാന്‍ പരാഗ് സ്വന്തം മണ്ണില്‍ കളിക്കുന്നു എന്നതാണ് അവരെ ആവേശത്തിലാഴ്ത്തിയ പ്രധാന വസ്തുത.
എന്നാല്‍ സ്വന്തം ആരാധകരോട് നീതി പുലര്‍ത്താന്‍ പോന്ന ഒരു ബാറ്റിങ് പ്രകടനം പരാഗിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നതാണ് സങ്കടകരമായ വസ്തുത. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ 12 പന്തില്‍ നിന്നും 20 റണ്‍സ് നേടി പരാഗ് രണ്ടാം മത്സരത്തില്‍ 11 പന്തില്‍ നിന്നും ഏഴ് റണ്‍സാണ് നേടയത്.
പരാഗ് ക്രീസിലേക്കെത്തുമ്പോള്‍ ആര്‍പ്പുവിളികള്‍ കൊണ്ട് സ്റ്റേഡിയത്തെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുന്ന ആരാധകര്‍ക്ക് വേണ്ടതല്ല താരം കുറച്ചുകാലമായി നല്‍കിക്കൊണ്ടിരിക്കുന്നത്.
അഭ്യന്തര തലത്തില്‍ ബാറ്റിങ്ങില്‍ താന്‍ അടിച്ചുകളിക്കുമെങ്കിലും ഐ.പി.എല്ലില്‍ അങ്ങനെ ഒന്ന് പ്രതീക്ഷിക്കേണ്ടതില്ല എന്ന് പരാഗ് തന്നെ ആരാധകരോട് പറയാതെ പറയുന്നുണ്ട്. ഫീല്‍ഡിങ്ങിലെ വിശ്വസ്തനായ താരം ബാറ്റിങ്ങിലെത്തിയാല്‍ കളി മറക്കുകയണ്.
രാജസ്ഥാന് വേണ്ടി ഇതിനോടകം തന്നെ 50 മത്സരത്തിലെ 40 ഇന്നിങ്‌സുകള്‍ കളിച്ച താരം നേടിയത് 565 റണ്‍സ് മാത്രമാണ്. ആവറേജ് എടുക്കുമ്പോള്‍ 17ന് താഴെ. കൃത്യമായി പറഞ്ഞാല്‍ 16.35.
124.38 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണല്‍ സ്വന്തമാക്കിയ 56 നോട്ടൗട്ട് ആണ് അഞ്ച് വര്‍ഷത്തെ ഐ.പി.എല്‍ കരിയറിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇതടക്കം രണ്ട് അര്‍ധ സെഞ്ച്വറിയാണ് പരാഗിന്റെ പേരിലുള്ളത്.