ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് ഏറെ പ്രതീക്ഷ നല്‍കുന്നത് തങ്ങളുടെ താരങ്ങളുടെ ഫോം തന്നെയാണ്. നാഷണല്‍ ഡ്യൂട്ടിയിലും മറ്റ് ഫ്രാഞ്ചൈസി ലീഗുകളിലും രാജസ്ഥാന്‍ താരങ്ങളും തകര്‍ത്തടിക്കമ്പോള്‍ ഓരോ ആരാധകരും 2023ലെ ഐ.പി.എല്‍ കപ്പുറപ്പിച്ചിരിക്കയാണ്.
എസ്.എ ട്വന്റിയില്‍ ജോസ് ബ്ടലറും ഐ.എല്‍.ടി-20യില്‍ ഷിംറോണ്‍ ഹെറ്റ്മെയറും ഇംഗ്ലണ്ട് നാഷണല്‍ ടീമിനായി ജോ റൂട്ടും അടക്കമുള്ള താരങ്ങള്‍ അടിച്ചുകതര്‍ക്കുകയാണ്.
എന്നാല്‍ പല രാജസ്ഥാന്‍ താരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോളും അധികമൊന്നും പറഞ്ഞുകേട്ടിട്ടില്ലാത്ത പേരാണ് റിയാന്‍ പരാഗിന്റേത്. കഴിഞ്ഞ സീസണ്‍ വരെ രാജസ്ഥാന്‍ ആരാധകര്‍ അത്രകണ്ട് സ്നേഹത്തോടെ പറയാതിരുന്ന പേരാണ് പരാഗിന്റേത്.
മോശം ഫോമില്‍ തുടരുമ്പോഴും താരത്തെ സ്ഥിരമായി ടീമിലെടുക്കുന്നത് തന്നെയാണ് ആരാധകരെ ചൊടിപ്പിച്ചിരുന്നത്. രാജസ്ഥാന്‍ ടീമിലെ ഉന്നതന്മാരുടെ പല രഹസ്യങ്ങളും അറിയാവുന്നതുകൊണ്ടാണ് താരത്തെ സ്ഥിരമായി ടീമില്‍ നിലനിര്‍ത്തുന്നതെന്ന് പോലും ഒരു ഘട്ടത്തില്‍ ആരാധകര്‍ പറഞ്ഞിരുന്നു.
എന്നാല്‍, കഴിഞ്ഞ സീസണിലെ എല്ലാ പോരായ്മകളും പരിഹരിച്ചുകൊണ്ടായിരിക്കും താന്‍ ഇത്തവണ പിങ്ക് ജേഴ്സിയണിയുക എന്നതിന്റെ ട്രെയ്ലറാണ് പരാഗ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഗുവാഹത്തി പ്രീമിയര്‍ ലീഗില്‍ ഗ്രൗണ്ടിന്റെ നാലുപാടും റണ്ണടിച്ചുകൂട്ടുന്ന പരാഗാണ് പ്രധാന കാഴ്ച.
റണ്ണടിക്കുമ്പോഴും തന്റെ പതിവ് രീതികളൊന്നും താരം തെറ്റിക്കുന്നില്ല. അല്‍പം കുരുത്തക്കേടും സ്വാഗും ഫാന്‍സി സെലിബ്രേഷനുമായി പരാഗവിടെ തകര്‍ക്കുകയാണ്.
കഴിഞ്ഞ ദിവസം ഗുവാഹത്തി പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. നബ്ജ്യോതി ക്ലബ്ബിനെതിരായ മത്സരത്തില്‍ ബഡ് സി.സിക്ക് വേണ്ടി സെഞ്ച്വറിയടിച്ചാണ് പരാഗ് തരംഗമായത്. പരാഗിന്റെ വണ്‍മാന്‍ ഷോയായിരുന്നു മത്സരമെന്ന് വേണം പറയാന്‍.
64 പന്തില്‍ നിന്നും 17 സിക്സറും ആറ് ബൗണ്ടറിയുമടക്കം 148 റണ്‍സാണ് താരം സ്വന്തമാക്കിയത്. പരാഗിന്റെ അണ്‍ബീറ്റബിള്‍ ഇന്നിങ്സിന്റെ ബലത്തില്‍ ബഡ് സി.സി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നബ്ജ്യോതി ക്ലബ്ബിന് 19.3 ഓവറില്‍ 183 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ.
ബാറ്റിങ്ങില്‍ മാത്രമല്ല ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും പരാഗ് തന്റെ മികവ് ആവര്‍ത്തിച്ചിരുന്നു. 3.3 ഓവറില്‍ 33 റണ്‍സിന് മൂന്ന് വിക്കറ്റാണ് താരം വീഴ്ത്തിയത്.
ഇതേപ്രകടനം ഐ.പി.എല്ലിലും ആവര്‍ത്തിക്കാന്‍ പരാഗിനായാല്‍ ഒരു സംശയവുമില്ലാതെ താരം ഫാന്‍ ഫേവറിറ്റാകുമെന്ന കാര്യമുറപ്പാണ്.
Content Highlight: Riyan Parag’s brilliant knock in Guwahati Premier League