ഈ പ്രതികാരം സഞ്ജുവിന് വേണ്ടി; 'ചേട്ടനില്ലാത്തപ്പോള്‍ ചേട്ടന്റെ ടീമിനെ തോല്‍പിച്ച' കശ്മീരിനെ തകര്‍ത്തെറിഞ്ഞ് റിയാന്‍ പരാഗ്
Sports News
ഈ പ്രതികാരം സഞ്ജുവിന് വേണ്ടി; 'ചേട്ടനില്ലാത്തപ്പോള്‍ ചേട്ടന്റെ ടീമിനെ തോല്‍പിച്ച' കശ്മീരിനെ തകര്‍ത്തെറിഞ്ഞ് റിയാന്‍ പരാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 29th November 2022, 9:27 am

വിജയ് ഹസാരെ തകര്‍പ്പന്‍ ജയവുമായി അസം. ഏഴ് വിക്കറ്റും 23 പന്തും ബാക്കി നില്‍ക്കവെയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അസം ജമ്മു കശ്മീരിനെ തോല്‍പിച്ചത്.

രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ താരം കൂടിയായ റിയാന്‍ പരാഗിന്റെ സെഞ്ച്വറിയുടെ മികവിലാണ് ജമ്മു കശ്മീര്‍ ഉയര്‍ത്തിയ റണ്‍മല അസം മറികടന്നത്. 351 എന്ന വിജയലക്ഷ്യം ചെയ്‌സ് ചെയ്തിറങ്ങിയ അസം 46.1 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

നേരത്തെ ടോസ് നേടിയ അസം ജമ്മു കശ്മീരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണറായ ശുഭം ഖാജുരിയയുടെയും മൂന്നാമന്‍ ഹെനാന്‍ നാസിറിന്റെയും സെഞ്ച്വറിയുടെ ബലത്തിലാണ് കശ്മീര്‍ വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. കശ്മീരിനായി ഖാജുരിയ 80 പന്തില്‍ 120 റണ്‍സും നാസിര്‍ 113 പന്തില്‍ നിന്നും 124 റണ്‍സും സ്വന്തമാക്കി.

ഇവര്‍ക്ക് പുറമെ 46 പന്തില്‍ നിന്നും 53 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഫാസില്‍ റഷീദും ജമ്മു കശ്മീര്‍ സ്‌കോറില്‍ കരുത്തായി.

351 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അസമിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ടീം സ്‌കോര്‍ 33ല്‍ നില്‍ക്കവെ ക്യാപ്റ്റന്‍ കുണാല്‍ സൈക്കിയയെയും 45ല്‍ നില്‍ക്കവെ രാഹുല്‍ ഹസാരികയെയും അസമിന് നഷ്ടമായി.

എന്നാല്‍ വണ്‍ ഡൗണായെത്തിയ റിഷവ് ദാസും നാലാമനായി കളത്തിലിറങ്ങിയ റിയാന്‍ പരാഗും തകര്‍ത്തടിച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു.

116 പന്തില്‍ നിന്നും 12 ബൗണ്ടറിയുടെയും 12 സിക്‌സറിന്റെയും അകമ്പടിയോടെ പരാഗ് 174 റണ്‍സ് നേടി പുറത്തായപ്പോള്‍ 118 പന്തില്‍ നിന്നും 114 റണ്‍സ് നേടി റിഷവ് ദാസ് പുറത്താകാതെ നിന്നു. ഇരുവരുടെയും വെടിക്കെട്ട് ഇന്നിങ്‌സിന്റെ ബലത്തില്‍ അസം 46.1 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഇതോടെ രാജസ്ഥാന്‍ റോയല്‍സ് താരം കൂടിയായ റിയാന്‍ പരാഗിന് അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചും പരാഗ് തന്നെയായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ കേരളത്തെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു കശ്മീര്‍ വിജയ് ഹസാരെ ട്രോഫിയില്‍ മുന്നോട്ട് കുതിച്ചത്. ഇതോടെ ‘സഞ്ജുവിന്റെ അഭാവത്തില്‍ കേരളത്തെ തോല്‍പിച്ച ജമ്മു കശ്മീരിനോട് പകരം വീട്ടിയ റിയാന്‍ പരാഗിന്’ അഭിനന്ദനങ്ങളര്‍പ്പിച്ചും ട്രോളുകള്‍ ഉയരുന്നുണ്ട്.

അതേസമയം, അടുത്ത ദിവസം നടക്കാനിരിക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ മഹാരാഷ്ട്രയെയാണ് അസമിന് നേരിടാനുള്ളത്. സൂപ്പര്‍ താരം ഋതുരാജ് ഗെയ്ക്വാദിന്റെ ഇരട്ട സെഞ്ച്വറിയുടെ ബലത്തില്‍ ഉത്തര്‍ പ്രദേശിനെ തോല്‍പിച്ചുകൊണ്ടായിരുന്നു മഹാരാഷ്ട്ര സെമിയില്‍ പ്രവേശിച്ചത്.

Content Highlight: Riyan Parag’s brilliant innings leads Assam to the Semi Final of Vijay Hazare Trophy