രഞ്ജി ട്രോഫിയില്‍ അസമിന് വേണ്ടി സെഞ്ച്വറി നേടി ക്യാപ്റ്റന്‍ റിയാന്‍ പരാഗ്. ഛത്തീസ്ഗഢിനെതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിലാണ് പരാഗ് സെഞ്ച്വറി നേടിയത്.
86 പന്തില്‍ നിന്നും 155 റണ്‍സ് നേടിയാണ് താരം പുറത്തായത്. 12 സിക്‌സറും 11 ഫോറുമാണ് പരാഗിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. ടീമിലെ മറ്റെല്ലാ താരങ്ങളും സ്‌കോര്‍ കണ്ടെത്താന്‍ പാടുപെട്ടപ്പോഴാണ് ക്യാപ്റ്റന്റെ ഒറ്റയാള്‍ പോരാട്ടം ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തിയത്.
മത്സരത്തില്‍ ടോസ് നേടിയ അസം എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കം പാളിയെങ്കിലും ഛത്തീസ്ഗഢ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി.
ക്യാപ്റ്റന്‍ അമന്‍ദീപ് ഖേരെയുടെ സെഞ്ച്വറിയും ശശാങ്ക് സിങ്, അശുതോഷ് സിങ് എന്നിവരുടെ അര്‍ധ സെഞ്ച്വറിയുമാണ് ഛത്തീസ്ഗഢിന് ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഖേരെ 218 പന്തില്‍ 116 റണ്‍സ് നേടിയപ്പോള്‍ ശശാങ്ക് സിങ് 107 പന്തില്‍ 82 റണ്‍സും അശുതോഷ് സിങ് 152 പന്തില്‍ 58 റണ്‍സും നേടി.
327 റണ്‍സാണ് ഛത്തീസ്ഗഢ് ആദ്യ ഇന്നിങ്‌സില്‍ സ്വന്തമാക്കിയത്.
അസമിനായി മുക്താര്‍ ഹുസൈന്‍, ആകാശ് സെന്‍ഗുപ്ത, രാഹുല്‍ സിങ്, മൃണ്‍മയ് ദത്ത, കുനാല്‍ ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ അസമിന് വന്‍ തകര്‍ച്ചയായിരുന്നു നേരിടേണ്ടി വന്നത്. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് അടക്കമുള്ളവര്‍ പരാജയപ്പെട്ടപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ റൈനോസ് 159ലൊതുങ്ങി. 108 പന്തില്‍ 52 റണ്‍സ് നേടിയ ദെനിഷ് ദാസ് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്.
ഛത്തീസ്ഗഢിനായി സൗരഭ് മജുംദാര്‍ ആറ് വിക്കറ്റ് നേടിയപ്പോള്‍ രവി കിരണ്‍ മൂന്ന് വിക്കറ്റും നേടി. വസുദേവ് ഭരത്താണ് ശേഷിക്കുന്ന വിക്കറ്റ് വീഴത്തിയത്.
ഫോളോ ഓണിനിറങ്ങേണ്ടി വന്ന അസമിന് ആദ്യ ഇന്നിങ്‌സിനെ അപേക്ഷിച്ച് മികച്ച തുടക്കമാണ് ലഭിച്ചത്. റിഷവ് ദാസും രാഹുല്‍ ഹസാരികയും ചേര്‍ന്ന് ഇന്നിങസിന് അടിത്തറയിട്ടു. എന്നാല്‍ ഇരുവരുടെയും ഇന്നിങ്‌സ് അധികനേരം നീണ്ടു നിന്നില്ല. ദാസ് 19 റണ്‍സിന് പുറത്തായപ്പോള്‍ ഹസാരിക 39 റണ്‍സും നേടി മടങ്ങി.
നാലാം നമ്പറിലാണ് ക്യാപ്റ്റന്‍ ക്രീസിലെത്തിയത്. നേരിട്ട ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ പരാഗ് നയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്തുണ നല്‍കാന്‍ ഒരാള്‍ക്ക് പോലും സാധിക്കാതെ വന്നതോടെ അസം പരുങ്ങി.
സ്‌ട്രൈക്ക് നിലനിര്‍ത്തി പരാഗ് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുമ്പോഴും മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു. അഞ്ചാം നമ്പര്‍ മുതല്‍ കളത്തിലെത്തിയ ഒരാള്‍ക്ക് പോലും ഇരട്ടയക്കം കാണാന്‍ സാധിച്ചില്ല.
ടീം സ്‌കോര്‍ 245ല്‍ നില്‍ക്കവെ ഒമ്പതാം വിക്കറ്റായി പരാഗും പുറത്തായി. ഒടുവില്‍ 254 റണ്‍സാണ് അസം രണ്ടാം ഇന്നിങ്‌സില്‍ നേടിയത്. 86 റണ്‍സിന്റെ ലീഡാണ് നിലവില്‍ അസമിനുള്ളത്.
ഛത്തീസ്ഗഢിനായി ജിവേഷ് ഭുട്ടെയും വസുദേവ് ഭരത്തും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ശശാങ്ക് സിങ്ങും സൗരഭ് മജുംദാര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
രണ്ടാം ഇന്നിങ്‌സില്‍ 87 റണ്‍സ് നേടിയാല്‍ ഛത്തീസ്ഗഢിന് വിജയിക്കാം. വിജയലക്ഷ്യത്തിന് മുമ്പ് പത്ത് വിക്കറ്റുകളും നേടിയാല്‍ മാത്രമേ അസമിന് വിജയിക്കാന്‍ സാധിക്കൂ. ഈ ചെറിയ ലക്ഷ്യം മറികടക്കാതെ ഈ ദിവസം അവസാനിപ്പിക്കാന്‍ സാധിച്ചാല്‍ അസമിന് സമനില സ്വന്തമാക്കാം.
Content highlight: Riyan Parag’s brilliant innings in Ranji Trophy