ഗുവാഹത്തി പ്രീമിയര്‍ ലീഗില്‍ റിയാന്‍ പരാഗിന്റെ ടോട്ടല്‍ ഡോമിനേഷന്‍ അവസാനിക്കുന്നില്ല. ടൂര്‍ണമെന്റിന്റെ സമസ്ത മേഖലയിലും താരം ഇതിനോടകം തന്നെ കയ്യൊപ്പ് പതിപ്പിച്ചിരിക്കുകയാണ്.
ടൂര്‍ണമെന്റിന്റെ ബാറ്റിങ് സ്റ്റാറ്റ്‌സ് പരിശോധിക്കുമ്പോള്‍ സകലയിടത്തും റിയാന്‍ പരാഗ് മയമാണ്. ഏറ്റവുമധികം റണ്‍സും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഉള്‍പ്പെടെ ബാറ്റിങ്ങിലെ സകല സ്റ്റാറ്റുകളിലും മുമ്പന്‍ ഈ വികൃതി പയ്യന്‍ തന്നെ.
താരത്തിന്റെ ഈ സ്റ്റാറ്റുകള്‍ രാജസ്ഥാന്‍ റോയല്‍സും പങ്കുവെച്ചിട്ടുണ്ട്. ‘ഈറ്റ്. സ്ലീപ്പ്. ഡോമിനേറ്റ്. റിപ്പീറ്റ്,’ എന്ന ക്യാപ്ഷനൊപ്പമാണ് റോയല്‍സ് താരത്തിന്റെ സ്റ്റാറ്റുകള്‍ പങ്കുവെച്ചിരിക്കുന്നത്.
ടൂര്‍ണമെന്റില്‍ ഇതുവരെ ഏറ്റവുമധികം റണ്‍സ് നേടിയിരിക്കുന്നത് റിയാന്‍ പരാഗാണ്. 511 റണ്‍സാണ് താരം ഇതിനോടകം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം നബ്‌ജ്യോതി ക്ലബ്ബിനെതിരെ താരം നേടിയ 148 റണ്‍സാണ് ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റും (222.17), ഏറ്റവും മികച്ച ബാറ്റിങ് ആവറേജും (102.20) റിയാന്‍ പരാഗിന്റെ പേരില്‍ തന്നെയാണ്. സിക്‌സര്‍ അടിച്ചതിന്റെ കണക്കിലും രാജസ്ഥാന്റെ ഈ യുവ ഓള്‍ റൗണ്ടര്‍ തന്നെയാണ് മുന്‍പന്തിയില്‍. 59 മാക്‌സിമമാണ് താരം ഇതിനോടകം സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസം നബ്‌ജ്യോതി ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടി 64 പന്തില്‍ നിന്നും 17 സിക്‌സറും ആറ് ബൗണ്ടറിയുമടക്കം 148 റണ്‍സായിരുന്നു റിയാന്‍ പരാഗ് നേടിയത്. പരാഗിന്റെ വണ്‍ മാന്‍ ഷോയില്‍ 34 റണ്‍സിന്റെ വിജയമായിരുന്നു ബഡ് സി.സി നേടിയത്.
പരാഗിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ കളിച്ച ആറ് മത്സരത്തില്‍ ആറും വിജയിച്ചാണ് ബഡ് സി.സി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി നില്‍ക്കുന്നത്. ആറ് മത്സരത്തില്‍ നിന്നും നാല് വിജയവുമായി സിറ്റി സി.സി യാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.
ഫെബ്രുവരി 28നാണ് ബഡ് സി.സിയുടെ അടുത്ത മത്സരം. ഗുവാഹത്തി ടൗണ്‍ ക്ലബ്ബാണ് എതിരാളികള്‍.
പരാഗ് ഇപ്പോള്‍ ഗുവാഹത്തി പ്രീമിയര്‍ ലീഗില്‍ കാഴ്ചവെക്കുന്ന ഇതേ പ്രകടനം ഐ.പി.എല്ലിലും കാഴ്ചവെക്കാന്‍ സാധിച്ചാല്‍ അത് രാജസ്ഥാന്‍ റോയല്‍സിന് ഉണ്ടാക്കുന്ന ഇംപാക്ട് ചില്ലറയായിരിക്കില്ല.
Content highlight: Riyan Parag’s brilliant batting in Guwahati Premier League