രഞ്ജി ട്രോഫിയില്‍ അസമിന് വേണ്ടി ഹൈദരാബാദിനെതിരെ അമ്പരപ്പിക്കുന്ന വെടിക്കെട്ട് പ്രകടനം പുറത്തെടുത്തിരിക്കുകയാണ് റിയാന്‍ പരാഗ്. വെറും 28 പന്തില്‍ എട്ട് ഫോറും ആറ് സിക്സും സഹിതം 78 റണ്‍സാണ് പരാഗ് അടിച്ചുകൂട്ടിയത്.
പരാഗിന്റെ ഐ.പി.എല്‍ മത്സരത്തെ വെല്ലുന്ന ബാറ്റിങ് മികവില്‍ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ അസം ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് എടുത്തത്.
നാലാമതായാണ് പരാഗ് ക്രീസിലെത്തിയത്. ആദ്യ ഇന്നിങ്‌സില്‍ മൂന്ന് റണ്‍സിന് ലീഡ് വഴങ്ങിയതിനാല്‍ മത്സരം ജയിക്കേണ്ടത് അസമിന് അത്യാവശ്യമാണ്. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടായിരുന്നു പരാഗിന്റെ വെടിക്കെട്ട്.
ആദ്യ ഇന്നിങ്‌സില്‍ അസം 205 റണ്‍സാണ് നേടിയത്. പരാഗ് 10 റണ്‍സിന് പുറത്താകുകയും ചെയ്തിരുന്നു. 83 റണ്‍സെടുത്ത സ്വരൂപം പുര്‍കയാസ്തയാണ് അസമിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. മുറപടി ബാറ്റിങ്ങില്‍ ഹൈദരാബാദ് 208 റണ്‍സെടുത്തു.
20 ഓവറില്‍ 48 റണ്‍സ് വഴങ്ങി പരാഗ് നാല് വിക്കറ്റും വീഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ഇന്നിങ്‌സില്‍ പരാഗ് തന്റെ വെടിക്കെട്ട് പുറത്തെടുത്തത്. മൂന്നാം വിക്കറ്റില്‍ റിഷവ് ദാസിനൊപ്പം 101 റണ്‍സ് കൂട്ടുകെട്ടും പരാഗ് സ്വന്തമാക്കി.
അതേസമയം, ഒരു കാലത്ത് ഏറെ വിമര്‍ശനം കേട്ട യുവ ഓള്‍റൗണ്ടറായ റിയാഗ് പരാഗ്. ഐ.പി.എല്ലില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനായി എല്ലാ മത്സരത്തിലും പരാഗിനെ കളിപ്പിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.
ഐ.പി.എല്‍ 2023ന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ താരങ്ങളില്‍ പ്രധാനിയായിരുന്നു യുവ ഓള്‍ റൗണ്ടര്‍ റിയാന്‍ പരാഗ്. ഒരു ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ഇതുവരെ താരത്തിന് ശോഭിക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും മാനേജ്‌മെന്റും കോച്ച് സംഗക്കാരയും സഞ്ജുവും താരത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഐ.പി.എല്‍ സീസണിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനം നടത്താനും പരാഗിന് സാധിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താകണം റോയല്‍സ് താരത്തെ ടീമില്‍ നിലനിര്‍ത്തിയത്. അക്കാര്യം തെളിയ്ക്കുന്നതാണ് പരാഗിന്റെ സമീപകാല പ്രകടനങ്ങള്‍.
കഴിഞ്ഞ സീസണില്‍ ഫീല്‍ഡിങ്ങിലടക്കം ചില മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച താരം കളിക്കളത്തില്‍ തന്നെ ചില വിവാദങ്ങളിലും തലവെച്ചിരുന്നു.