| Saturday, 29th July 2023, 9:11 am

11 സിക്‌സര്‍, 5 ഫോര്‍, തകര്‍ത്തടിച്ച് സഞ്ജുവിന്റെ വലം കൈ; അമ്പരന്ന് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ദേവ്ധര്‍ ട്രോഫിയില്‍ തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനവുമായി രാജസ്ഥാന്‍ റോയല്‍സിന്റെ ഈസ്റ്റ് സോണ്‍ താരം റിയാന്‍ പരാഗ്. കഴിഞ്ഞ ദിവസം പുതുച്ചേരിയില്‍ നടന്ന മത്സരത്തില്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും വിരുത് കാട്ടിയാണ് പരാഗ് കയ്യടി നേടിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഈസ്റ്റ് സോണിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. 25 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീണതോടെ ടീം ഒന്നടങ്കം പരുങ്ങലിലായിരുന്നു. 60 കടക്കും മുമ്പേ മറ്റ് രണ്ട് വിക്കറ്റുകള്‍ കൂടി വീണതോടെ ഈസ്റ്റ് സോണ്‍ ഡഗ് ഔട്ട് ഭീതിയിലായി.

എന്നാല്‍ ആറാം നമ്പറില്‍ റിയാന്‍ പരാഗ് കളത്തിലിറങ്ങിയതോടെ കളി ഈസ്റ്റ് സോണിന്റെ കയ്യിലേക്കെത്തി. 102 പന്ത് നേരിട്ട് 131 റണ്‍സ് നേടിയാണ് പരാഗ് കളം വിട്ടത്. അഞ്ച് ബൗണ്ടറിയും 11 സിക്‌സറും നേടിയാണ് പരാഗ് ഈസ്റ്റ് സോണിനെ ഒറ്റക്ക് തോളിലേറ്റിയത്. 128.43 എന്ന പ്രഹര ശേഷിയിലായിരുന്നു താരം റണ്‍സ് നേടിയത്.

പരാഗിന് പുറമെ ഏഴാം നമ്പറില്‍ ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ കുമാര്‍ കുശാഗ്രയും തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ചിരുന്നു. എട്ട് ബൗണ്ടറിയും നാല് സിക്‌സറുമായി പരാഗിന് കട്ട സപ്പോര്‍ട്ടുമായി ക്രീസില്‍ നിലയുറപ്പിച്ച കുശാഗ്ര അര്‍ഹിച്ച സെഞ്ച്വറി നേട്ടത്തിന് വെറും രണ്ട് റണ്‍സകലെ കാലിടറി വീഴുകയായിരുന്നു.

ഇരുവരുടെയും ബാറ്റിങ് കരുത്തില്‍ ഈസ്റ്റ് സോണ്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് നേടി.

നോര്‍ത്ത് സോണിനായി മായങ്ക് യാദവ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ഷിത് റാണ മൂന്നും സന്ദീപ് ശര്‍മ ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നോര്‍ത്ത് സോണിനായി ടോപ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും ഇന്നിങ്‌സ് കെട്ടിപ്പൊക്കാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഈസ്റ്റ് സോണ്‍ വമ്പന്‍ പാര്‍ട്ണര്‍ഷിപ്പിലേക്ക് പോകാതെ നോര്‍ത്ത് സോണ്‍ ബാറ്റര്‍മാരെ പിടിച്ചുകെട്ടി.

അഭിഷേക് ശര്‍മ (52 പന്തില്‍ 44), ഹിമാംശു റാണ (48 പന്തില്‍ 44), മന്‍ദീപ് സിങ് (52 പന്തില്‍ 50), ശുഭം റോഹില്ല (34 പന്തില്‍ 41) എന്നിവരാണ് നോര്‍ത്ത് സോണിനായി മികച്ച ബാറ്റിങ് കാഴ്ചവെച്ചത്.

നേരത്തെ ബാറ്റുകൊണ്ട് തകര്‍ത്തടിച്ച പരാഗ് പന്ത് കൊണ്ടും വിസ്മയം കാട്ടിയിരുന്നു. ഒരു മെയ്ഡന്‍ ഉള്‍പ്പടെ പത്ത് ഓവര്‍ പന്തെറിഞ്ഞ 54 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഹിമാംശു റാണ, മന്‍ദീപ് സിങ്, ശുഭം റോഹില്ല, സന്ദീപ് ശര്‍മ എന്നിവരെയാണ് പരാഗ് മടക്കിയത്.

പരാഗിന് പുറമെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷഹബാസ് അഹമ്മദും ബൗളിങ്ങില്‍ തിളങ്ങി. ആകാശ് ദീപ്, മുക്താര്‍ ഹുസൈന്‍, ഉത്കര്‍ഷ് സിങ് എന്നിവരാണ് ശേഷിക്കുന്ന നോര്‍ത്തേണ്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ഞായറാഴ്ചയാണ് ഈസ്റ്റ് സോണിന്റെ അടുത്ത മത്സരം. സൗത്ത് സോണാണ് എതിരാളികള്‍.

Content Highlight: Riyan Parag’s all round performance led East Zone to victory

We use cookies to give you the best possible experience. Learn more