രഞ്ജി ട്രോഫിയില്‍ ചരിത്രനേട്ടവുമായി അസം ക്യാപ്റ്റന്‍ റിയാന്‍ പരാഗ്. ചത്തീസ്ഗഢുമായുള്ള മത്സരത്തിലാണ് താരം നിര്‍ണായക നേട്ടം സ്വന്തമാക്കിയത്. രഞ്ജി ട്രോഫി ചരിത്രത്തില്‍ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് പരാഗ് തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്.
ഛത്തീസ്ഗഢുമായുള്ള രണ്ടാം ഇന്നിങ്‌സില്‍ വെറും 87 പന്തില്‍ നിന്നാണ് താരം 155 റണ്‍സ് നേടിയത്. 12 സിക്‌സറുകളും 11 ബൗണ്ടറികളുമടങ്ങുന്നതായിരുന്നു താരത്തിന്റെ തീപാറും പ്രകടനം. വേഗമേറിയ സെഞ്ച്വറിക്ക് പുറമെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പാരാഗ് തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് നേടിയെടുത്തത്. വെറും 56 പന്തിലാണ് പരാഗ് തന്റെ ഫസ്റ്റ് ക്ലാസ് കരിയറിലെ രണ്ടാമത്തെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. റിഷഭ് പന്ത് ആണ് രഞ്ജിയിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടി റെക്കോഡ് ഇട്ടത്.
അതേസമയം ആദ്യ ഇന്നിങ്‌സില്‍ ഛത്തീസ്ഗഢ് 327 നേടിയപ്പോള്‍ അസം 159 റണ്‍സ് മാത്രമായിരുന്നു കണ്ടെത്തിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ പരാഗിന്റെ മികവില്‍ അസം 254 റണ്‍സ് നേടിയിട്ടും 10 വിക്കറ്റിന് ഛത്തീസ്ഗഢിനോട് തോല്‍വി വഴങ്ങുകയായിരുന്നു.
Content Highlight: Riyan Parag makes history in Ranji Trophy