| Thursday, 11th April 2024, 3:33 pm

അവന് എല്ലാ ഓവറും പവര്‍ പ്ലെയാണ്, പരാഗ് വീണ്ടും അമ്പരപ്പിക്കുന്നു; പുതിയ മുഖം, പുതിയ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്നലെ ജയ്പൂരില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്ന് വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ഇറങ്ങിയ രാജസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് നേടാന്‍ സാധിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍ 24 റണ്‍സ് നേടിയപ്പോള്‍ ജോസ് ബട്ലര്‍ 8 റണ്‍സ് നേടി പുറത്തായി. പിന്നീട് സഞ്ജു സാംസണിന്റെയും റിയാന്‍ പരാഗിന്റെയും തകര്‍പ്പന്‍ പ്രകടനത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ന്നത്.

സഞ്ജു 38 പന്തില്‍ നിന്ന് രണ്ട് സിക്സറും 7 ഫോറും അടക്കം 68 റണ്‍സ് നേടിയപ്പോള്‍ പരാഗ് 48 പന്തില്‍ നിന്ന് അഞ്ച് സിക്സറും മൂന്ന് ബൗണ്ടറിയും അടക്കം 76 റണ്‍സ് ആണ് സ്വന്തമാക്കിയത്. 5 പന്തില്‍ 13 റണ്‍സ് നേടി ഷിംറോണ്‍ ഹെറ്റ്മയര്‍ മികവു പുലര്‍ത്തി.

രാജസ്ഥാന് വേണ്ടി അഞ്ച് സിക്‌സര്‍ അടിച്ച റിയാന്‍ പരാഗ് തകര്‍പ്പന്‍ റെക്കോഡാണ് സ്വന്തമാക്കിയത്. 2024ല്‍ മിഡില്‍ ഓവറില്‍ (7-15) ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരം എന്ന നേട്ടമാണ് താരത്തെതേടിയെത്തിയിരിക്കുന്നത്.

റിയാന്‍ പരാഗ് – 10*

ശിവം ദുബെ – 8

ഹെന്റിച്ച് ക്ലാസന്‍ – 7

മത്സരത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. അവസാന ഓവറില്‍ ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 15 റണ്‍സ് ആയിരുന്നു. ആവേശ് ഖാന്‍ എറിഞ്ഞ് അവസാന ഓവറിലെ ആദ്യ പന്തുതന്നെ റാഷിദ് ഖാന്‍ ഫോര്‍ നേടുകയായിരുന്നു. രണ്ടാം പന്തില്‍ ഡബിളും മൂന്നാം പന്തില്‍ ഫോറും നേടുകയായിരുന്നു അഫ്ഗാന്‍ താരം.

അഞ്ചാം പന്തില്‍ 22 റണ്‍സ് നേടിയ രാഹുല്‍ തെവാട്ടിയ പുറത്തായി. എന്നാല്‍ അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് ആവശ്യമുള്ള സമയത്ത് ഫോര്‍ നേടികൊണ്ട് ഗുജറാത്തിന് ആവേശകരമായ വിജയം സമ്മാനിക്കുകയായിരുന്നു റാഷിദ് ഖാന്‍. 11 പന്തില്‍ പുറത്താവാതെ 24 റണ്‍സ് നേടികൊണ്ടായിരുന്നു റാഷിദ് ഗുജറാത്തിന്റെ വിജയശില്പി ആയത്. മത്സരത്തില്‍ പ്ലയര്‍ ഓഫ് ദ മാച്ച് അവാര്‍ഡും താരത്തിനായിരുന്നു.

Content Highlight: Riyan Parag In Record Achievement

We use cookies to give you the best possible experience. Learn more