| Wednesday, 27th April 2022, 9:17 am

56 റണ്‍സ്, 4 ക്യാച്ച്, ഒരു ഡാന്‍സ്; സീറോയില്‍ നിന്നും ഹീറോയായി പരാഗ്; ഗില്‍ക്രിസ്റ്റിന്റേയും കാല്ലീസിന്റേയും റെക്കോഡിനൊപ്പം

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോയല്‍സ് ആരാധകരുടെ കണ്ണില്‍ ഇത്രയും നാള്‍ മോശപ്പെട്ടവനായിരുന്ന റിയാന്‍ പരാഗിനിപ്പോള്‍ ഹീറോ പരിവേഷമാണ്. ഓരോ മത്സരം കഴിയുമ്പോഴും പരാഗിന്റെ ഇന്നിംഗ്‌സിനേയും പ്രകടനത്തേയും ഇഴകീറി ‘വധിച്ച’ ക്രിക്കറ്റ് ഗ്രൂപ്പുകളെല്ലാം തന്നെ പരാഗിനെ പുകഴ്ത്തി എസ്സേ എഴുതുന്ന തിരക്കിലാണ്.

ഒറ്റ മത്സരം കൊണ്ട് തന്റെയും മുന്‍നിര ബാറ്റന്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ മത്സരം തോറ്റെന്നുറപ്പിച്ച രാജസ്ഥാന്റേയും തലവര മാറ്റി എഴുതിയ താരമാണ് റിയാന്‍ പരാഗ്. രാജസ്ഥാന്റെ വിശ്വസ്തരായ ബട്‌ലറും പടിക്കലും ഹെറ്റ്‌മെയറും വീണുപോയപ്പോള്‍ പിങ്ക് പടയെ കൈപിടിച്ചുയര്‍ത്തിയത് പരാഗിന്റെ ഇന്നിംഗ്‌സാണ്.

ക്രീസിലെത്തിയതുമുതല്‍ ആഞ്ഞടിച്ച പരാഗ് രാജസ്ഥാന്‍ മാനേജ്‌മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസത്തെ കാത്തുസൂക്ഷിക്കുകയായിരുന്നു. 31 പന്തില്‍ നിന്നും അവസാന പന്തിലെ സിക്‌സറടകം 56 റണ്‍സായിരുന്നു പരാഗിന്റെ സമ്പാദ്യം.

മൂന്ന് ബൗണ്ടറിയും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു പരാഗിന്റെ ഇന്നിംഗ്‌സ്. 180.65 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.

ജോസ് ബട്‌ലറും പടിക്കലും സഞ്ജുവിനേയും കൂടാരം കയറ്റിയപ്പോള്‍ ആര്‍.സി.ബി ഒരിക്കലും കരുതിക്കാണില്ല ഇത്രയും നാള്‍ നനഞ്ഞ പടക്കമായിരുന്നവന്റെയുള്ളില്‍ ഇത്രയധികം സ്‌ഫോടനശേഷിയുണ്ടെന്ന്.

ഒരുവേള 100 കടക്കുമോയെന്ന് പോലും പേടിച്ച രാജസ്ഥാന്‍ ടോട്ടല്‍ 144ല്‍ എത്തിച്ചത് പരാഗിന്റെ രക്ഷാപ്രവര്‍ത്തനമായിരുന്നു. ഇതുവരെ ഐ.പി.എല്ലില്‍ കാര്യമായ ഒന്നും തന്നെ ചെയ്യാന്‍ സാധിക്കാതിരുന്ന പരാഗിന്റെ അവസരോചിത പ്രകടനമാണ് രാജസ്ഥാന് തുണയായയത്.

ബാറ്റിംഗില്‍ മാത്രമല്ല, ഫീല്‍ഡിംഗിലും മികച്ച പ്രകടനമായിരുന്നു ആ നോര്‍ത്ത് ഈസ്‌റ്റേണ്‍ താരം നടത്തിയത്. വിരാട് കോഹ്‌ലിയുടേതടക്കം എണ്ണം പറഞ്ഞ നാല് ക്യാച്ചുകളായിരുന്നു താരം കൈപ്പിടിയിലൊതുക്കിയത്.

വിരാട് കോഹ് ലി, ഷഹബാസ് അഹ്മ്മദ്, പ്രഭുദേശായി, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരായിരുന്നു പരാഗിന്റെ കൈയിലെത്തിയത്. ഇതോടെ ഒരു ഐ.പി.എല്‍ മത്സരത്തില്‍ തന്നെ അമ്പത് റണ്‍സും നാല് ക്യാച്ചും സ്വന്തമാക്കുന്ന മൂന്നാമത് താരമാവാനും പരാഗിനായി. ഇതിന് മുമ്പേ ക്രിക്കറ്റ് ഇതിഹാസങ്ങളായ ആദം ഗില്‍ ക്രിസ്റ്റും ജാക്ക് കാല്ലീസുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

കഴിഞ്ഞ മത്സരത്തിലെ മിന്നുന്ന പ്രകടനത്തോടെ മാന്‍ ഓഫ് ദി മാച്ച് അടക്കം നാല് പുരസ്‌കാരങ്ങളാണ് പരാഗ് സ്വന്തമാക്കിയത്. ഇതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ വിശ്വസ്തന്‍ എന്ന നിരയിലേക്കും താരം ഉയര്‍ന്നിരിക്കുകയാണ്.

Content Highlight: Riyan Parag helps Rajasthan Royals against RCB

Latest Stories

We use cookies to give you the best possible experience. Learn more