| Friday, 20th May 2022, 10:40 pm

രവീന്ദ്ര ജഡേജയുടെയും രോഹിത് ശര്‍മയുടെയും എക്കാലത്തേയും മികച്ച റെക്കോഡ് തകര്‍ത്ത് രാജസ്ഥാന്റെ വികൃതിപ്പയ്യന്‍; ഇനി ലക്ഷ്യം ഡി വില്ലിയേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ പുതിയ റെക്കോഡുമായി രാജസ്ഥാന്‍ താരം റിയാന്‍ പരാഗ്. ഐ.പി.എല്ലിന്റെ ഒരു സീസണില്‍ ഏറ്റവുമധികം ക്യാച്ചുകള്‍ നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡാണ് റിയാന്‍ പരാഗ് സ്വന്തമാക്കിയത്.

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടറും മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനുമായ രവീന്ദ്ര ജഡേജയുടെയും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെയും പേരിലുണ്ടായിരുന്ന റെക്കോഡാണ് പരാഗ് മറികടന്നത്.

ഐ.പി.എല്‍ 2022ലെ തന്റെ 14ാം ക്യാച്ചാണ് പരാഗിനെ റെക്കോഡിനുടമയാക്കിയത്. ചെന്നൈ ഇന്നിംഗ്‌സിലെ ഒമ്പതാം ഓവറിലെ നാലാം പന്തിലായിരുന്നു താരത്തിന്റെ റെക്കോഡിലേക്കുള്ള ക്യാച്ച് പിറന്നത്.

വെസ്റ്റ് ഇന്‍ഡീസ് താരം ഒബെഡ് മക്കോയ് എറിഞ്ഞ പന്തിലായിരുന്നു ചെന്നൈ താരം നാരായണ്‍ ജഗദീശന്‍ റിയാന്‍ പരാഗിന് ക്യാച്ച് നല്‍കി മടങ്ങിയത്. മക്കോയ്‌യുടെ സ്ലോ ഡെലിവറിയില്‍ വമ്പന്‍ ഷോട്ടിന് മുതര്‍ന്ന ജദഗീശന് പിഴയ്ക്കുകയും പരാഗിന് ക്യാച്ച് നല്‍കുകയുമായിരുന്നു.

ഇതിന് മുമ്പ് വരെ രവീന്ദ്ര ജഡേജയുടെയും രോഹിത് ശര്‍മയുടെയും 13 ആയിരുന്നു ഒരു സീസണിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത് ക്യാച്ചുകള്‍. രവീന്ദ്ര ജഡേജ 2015, 2021 സീസണിലും രോഹിത് ശര്‍മ 2012ലുമായിരുന്നു 13 ക്യാച്ച് വീതം സ്വന്തമാക്കിയത്.

റോയല്‍ ചാലഞ്ചേഴ്‌സിന്റെ സൂപ്പര്‍ താരവും ഹാള്‍ ഓഫ് ഫെയ്മറുമായ എ.ബി. ഡി വില്ലിയേഴ്‌സിന്റെ പേരിലാണ് ഒരു സീസണില്‍ ഏറ്റവുമധികം ക്യാച്ച് നേടിയതിന്റെ റെക്കോഡ്. ഐ.പി.എല്‍ 2016ല്‍ 16 മത്സരത്തില്‍ നിന്നും 19 ക്യാച്ചുകളാണ് ഡി വില്ലിയേഴ്‌സ് സ്വന്തമാക്കിയത്.

ജദഗീശിന് പിന്നാലെ മോയിന്‍ അലിയേയും ക്യാച്ചെടുത്ത് പുറത്താക്കി എ.ബി. ഡിയുടെ റെക്കോഡിന് പിന്നാലെ കുതിക്കുകയാണ് പരാഗ്. ഡി വില്ലിയേഴ്‌സിന്റെ റെക്കോഡിനൊപ്പമെത്താന്‍ നാല് ക്യാച്ച് കൂടിയാണ് ഈ സീസണില്‍ പാരിഗന് വേണ്ടത്.

ഈ സീസണിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് റിയാന്‍ പരാഗ്. ബാറ്റിംഗില്‍ സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നില്ലെങ്കിലും ഫീല്‍ഡിംഗില്‍ മികച്ച സംഭാവനയാണ് താരം ടീമിനായി നല്‍കുന്നത്. പ്രയാസമെന്ന് തോന്നിക്കുന്ന പല ക്യാച്ചുകളും അനായാസേനയാണ് താരം കൈപ്പിടിയിലൊതുക്കുന്നത്.

അതേസമയം, 150 റണ്‍സിന്റെ വിജയലക്ഷ്യയമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാന് മുമ്പില്‍ വെച്ചിരിക്കുന്നത്. 93 റണ്‍സെടുത്ത മോയിന്‍ അലിയുടെ അപരാജിത ഇന്നിംഗ്‌സാണ് ചെന്നൈയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ മക്കോയ്‌യും ചഹലുമാണ് ചെന്നൈയെ പിടിച്ചുകെട്ടിയത്. നാലോവറില്‍ മക്കോയ് 20ഉം ചഹല്‍ 26ഉം റണ്‍സ് വഴങ്ങിയാണ് വിക്കറ്റ് സ്വന്തമാക്കിയത്. ഇവര്‍ക്ക് പുറമെ ബോള്‍ട്ടും അശ്വിനും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു

Content Highlight:  Riyan Parag breaks all-time record of Ravindra Jadeja and Rohit Sharma

 

We use cookies to give you the best possible experience. Learn more