| Wednesday, 8th March 2023, 4:27 pm

സഞ്ജുവിന്റെ വലംകൈ അടിച്ചുതകര്‍ത്തു; ഫൈനലിന്റെ താരം, ടൂര്‍ണമെന്റിന്റെ താരം, മികച്ച ബാറ്റര്‍, മികച്ച ബൗളര്‍, ചാമ്പ്യന്‍; എല്ലാം ഒരാള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഗുവാഹത്തി പ്രീമിയര്‍ ലീഗില്‍ റിയാന്‍ പരാഗ് ഗാഥ അവസാനിക്കുന്നില്ല. ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ 91 യാര്‍ഡ് ക്രിക്കറ്റ് ക്ലബ്ബിനെ എട്ട് വിക്കറ്റിന് തോല്‍പിച്ചാണ് റിയാന്‍ പരാഗിന്റെ ബഡ് സി.സി ചാമ്പ്യന്‍മാരായത്.

മത്സരത്തില്‍ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ബഡ് സി.സിയുടെ തീരുമാനം തെറ്റുന്ന കാഴ്ചയായിരുന്നു കണ്ടത്. ആദ്യ വിക്കറ്റില്‍ 77 റണ്‍സ് കൂട്ടിച്ചേര്‍ത്ത 91 യാര്‍ഡ് ക്രിക്കറ്റ് ക്ലബ്ബ് ബഡ് സി.സിയെ ഞെട്ടിച്ചിരുന്നു.

അര്‍ധ സെഞ്ച്വറി തികച്ച ക്യാപ്റ്റന്‍ കുണാല്‍ സയ്കയും സിദ്ധേഷ് വാത്തുമാണ് ആദ്യ വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്. സയ്ക 51 റണ്‍സ് നേടിയപ്പോള്‍ വാത് 20 റണ്‍സും നേടി ഒന്നാം വിക്കറ്റില്‍ ഇന്നിങ്‌സിന് അടിത്തറയിട്ടു.

ടീം സ്‌കോര്‍ 77ല്‍ നില്‍ക്കവെ സയ്കയെ പുറത്താക്കി പുഷ്പരാജ് ശര്‍മ ടീമിന് ബ്രേക് ത്രൂ നല്‍കി. ആദ്യ വിക്കറ്റില്‍ പടുത്തുയര്‍ത്തിയ കൂട്ടുകെട്ടോ പ്രകടനമോ 91 യാര്‍ഡിന് പിന്നീട് ആവര്‍ത്തിക്കാനായില്ല. ആദ്യ വിക്കറ്റായി പുറത്തായ എതിര്‍ ടീം ക്യാപ്റ്റനെ കാഴ്ചക്കാരനാക്കി ബഡ് സി.സി എതിരാളികളെ ഒന്നൊന്നായി എറിഞ്ഞിട്ടു.

ഒടുവില്‍ 19 ഓവറില്‍ ടീം 154ന് ഓള്‍ ഔട്ടായി. നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അഭിലാഷ് ഗഗോയ്‌യും നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ റിയാന്‍ പരാഗുമാണ് ബൗളിങ്ങില്‍ തിളങ്ങിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബഡ് സി.സി റിയാന്‍ പരാഗിന്റെ വെടിക്കെട്ടില്‍ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. വണ്‍ ഡൗണായിറങ്ങിയ റിയാന്‍ പരാഗ് പത്ത് സിക്‌സറും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെ 35 പന്തില്‍ നിന്നും പുറത്താകാതെ 81 റണ്‍സ് നേടി.

14.3 ഓവറില്‍ ബഡ് സി.സി വിജയം സ്വന്തമാക്കുകയായിരുന്നു.

ഈ പ്രകടനത്തിന് പിന്നാലെ ഫൈനലിന്റെ താരമാകാനും റിയാന്‍ പരാഗിനായി. ഫൈനലിന്റെ താരം മാത്രമല്ല, ടൂര്‍ണമെന്റിന്റെ താരം, ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ താരം, ഏറ്റവുമധികം റണ്‍സ് നേടിയ താരം തുടങ്ങി എല്ലാ റെക്കോഡും കീശയിലാക്കിയാണ് റിയാന്‍ പരാഗ് ടൂര്‍ണമെന്റിനോട് വിട പറയുന്നത്.

താരത്തിന്റെ ഈ പ്രകടനം രാജസ്ഥാന്‍ ആരാധകര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല. ഐ.പി.എല്‍ 2023ലും റിയാന്‍ പരാഗിനെ ഇതേ പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുകയാണെങ്കില്‍ രാജസ്ഥാന് കിരീടം നേടാന്‍ സാധ്യത അധികമാണെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content highlight: Riyan Parag bags all awards in Guwahati Premeir league

We use cookies to give you the best possible experience. Learn more