| Friday, 17th May 2024, 4:42 pm

കൊടുങ്കാറ്റായി സഞ്ജു, ഇടിമിന്നലായി പരാഗ്; സഞ്ജുമ്മൽ ബോയ്സ് അടിച്ചുകയറിയത് ഒരുത്തനും തൊടാൻ പറ്റാത്ത ചരിത്രനേട്ടത്തിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവില്‍ മൂന്ന് ടീമുകളാണ് ഇതുവരെ പ്ലേ ഓഫിന് യോഗ്യത നേടിയിട്ടുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളാണ് ഇതിനോടകം തന്നെ യോഗ്യത നേടിയത്.

13 മത്സരങ്ങളില്‍ നിന്നും എട്ടു വിജയവും അഞ്ചു തോല്‍വിയും അടക്കം 16 പോയിന്റോടെയാണ് സഞ്ജുവും കൂട്ടരും പ്ലേ ഓഫിലേക്ക് മുന്നേറിയത്. സീസണിലെ ആദ്യത്തെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് എട്ട് വിജയങ്ങള്‍ നേടിയ രാജസ്ഥാന് അവസാന നാല് മത്സരങ്ങളും പരാജയപ്പെടേണ്ടി വന്നിരുന്നു. മെയ് 14ന് നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് 19 റണ്‍സിന് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് രാജസ്ഥാന്‍ പ്ലേ ഓഫിലേക്ക് മുന്നേറിയത്.

രാജസ്ഥാനായി ഈ സീസണില്‍ നായകന്‍ സഞ്ജു സാംസണും യുവതാരം റിയാൻ പരാഗും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 13 മത്സരങ്ങളില്‍ നിന്നും അഞ്ച് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 504 റണ്‍സാണ് സഞ്ജു നേടിയത്. 56 ആവറേജിലും 156.52 സ്‌ട്രൈക്ക്‌റേറ്റിലും ആണ് രാജസ്ഥാന്‍ നായകന്‍ ബാറ്റ് വീശിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സീസണില്‍ സഞ്ജു 500 റണ്‍സ് എന്ന നാഴികക്കല്ലിലേക്ക് നടന്നു കയറുന്നത്.

മറുഭാഗത്ത് പരാഗ് 13 മത്സരങ്ങളില്‍ നിന്നും നാല് അര്‍സെഞ്ച്വറികള്‍ നേടിക്കൊണ്ട് 531 റണ്‍സ് ആണ് അടിച്ചെടുത്തത്. 59 ആവറേജിലും 152.59 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം താരം ബാറ്റ് വീശിയത്. ഇതോടെ രാജസ്ഥാന്‍ റോയല്‍സിനായി ഒരു സീസണില്‍ 500+ റൺസ് നേടുന്ന രണ്ടാമത്തെ അണ്‍ ക്യാപ്ഡ് താരം എന്ന നേട്ടവും പരാഗ് സ്വന്തമാക്കിയിരുന്നു. ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് 2021ല്‍ യശസ്വി ജെയ്സ്വാള്‍ ആയിരുന്നു.

സഞ്ജുവിന്റെയും പരാഗിന്റെയും ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് പിറവിയെടുത്തത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ഒരു ടീമിലെ ഓപ്പണര്‍മാര്‍ അല്ലാത്ത രണ്ട് താരങ്ങള്‍ 500+ റണ്‍സ് നേടുന്നത് ഇത് രണ്ടാം തവണയാണ്. ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് രോഹിത് ശര്‍മയും ദിനേശ് കാര്‍ത്തിക്കുമായിരുന്നു.

2013ല്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയാണ് ഇരു താരങ്ങളും ഈ നേട്ടത്തില്‍ എത്തിയത്. 19 മത്സരങ്ങളില്‍ നിന്നും നാല് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 538 റണ്‍സ് ആയിരുന്നു രോഹിത് അടിച്ചെടുത്തത്. മറുഭാഗത്ത് ഇത്ര തന്നെ മത്സരങ്ങളില്‍ നിന്നും 510 റണ്‍സായിരുന്നു കാര്‍ത്തിക്കിന്റെ ബാറ്റില്‍ നിന്നും പിറന്നത്. രണ്ട് അര്‍ധസെഞ്ച്വറികളാണ് താരം അടിച്ചെടുത്തത്.

അതേസമയം മെയ് 19നാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം നടക്കുന്നത്. ബര്‍സാപുരയില്‍ നടക്കുന്ന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് സഞ്ജുവിന്റെയും കൂട്ടരുടെയും എതിരാളികള്‍.

Content Highlight: Riyan Parag and Sanju Samson Great performance in IPL 2024

We use cookies to give you the best possible experience. Learn more