'സിംബാബ്‌വേക്കെതിരെ രാജസ്ഥാന് വേണ്ടിയുള്ള കളി പുറത്തെടുക്കാം എന്നാണ് സഞ്ജു ഭായ് പറഞ്ഞത്'
Sports News
'സിംബാബ്‌വേക്കെതിരെ രാജസ്ഥാന് വേണ്ടിയുള്ള കളി പുറത്തെടുക്കാം എന്നാണ് സഞ്ജു ഭായ് പറഞ്ഞത്'
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th July 2024, 9:23 am

ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലെ അവസാന മത്സരത്തിലും വിജയിച്ച് ഇന്ത്യ പരമ്പര 4-1ന് സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന് ശേഷമായിരുന്നു ഇന്ത്യയുടെ വിജയക്കുതിപ്പ്.

കഴിഞ്ഞ ദിവസം ഹരാരെയില്‍ നടന്ന മത്സരത്തില്‍ 42 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 167 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഷെവ്‌റോണ്‍സ് 125ന് പുറത്തായി.

വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. 45 പന്തില്‍ നാല് സിക്സറും ഒരു ബൗണ്ടറിയും അടക്കം 58 റണ്‍സാണ് താരം നേടിയത്. 128.89 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ പ്രകടനം.

 

ഇന്ത്യയുടെ ടോപ് ഓര്‍ഡറിനെ കടന്നാക്രമിച്ച സിംബാബ്‌വേ ഒരുവേള ടീമിനെ 40ന് മൂന്ന് എന്ന നിലയിലേക്ക് തള്ളിയിട്ടിരുന്നു.

അഞ്ചാമനായി എത്തിയ റിയാന്‍ പരാഗിനെ ഒപ്പം കൂട്ടി സഞ്ജു സാംസണ്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള ചുമതല സ്വയമേറ്റെടുത്തു. വമ്പനടികള്‍ക്ക് ശ്രമിക്കാതെ ഉത്തരവാദിത്തത്തോടെയാണ് സഞ്ജു ബാറ്റ് വീശിയത്. വിക്കറ്റ് വീഴാതെ സ്‌കോര്‍ ഉയര്‍ത്തുക എന്നതായിരുന്നു തന്ത്രം.

സഞ്ജു – പരാഗ് കൂട്ടുകെട്ടില്‍ 65 റണ്‍സാണ് പിറന്നത്. ടീം സ്‌കോര്‍ 105ല്‍ നില്‍ക്കവെ പരാഗിനെ പുറത്താക്കി ബ്രാന്‍ഡന്‍ മവൂറ്റയാണ് കൂട്ടുകെട്ട് പൊളിച്ചത്.

മത്സരത്തിന് ശേഷം സഞ്ജുവിനൊപ്പമുള്ള ബാറ്റിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് റിയാന്‍ പരാഗ്.

‘ബാറ്റിങ്ങിനിടെ സഞ്ജു ഭായ് എന്നോട് സംസാരിച്ചുകൊണ്ടേയിരുന്നു. രാജസ്ഥാന്‍ റോയല്‍സ് പാര്‍ട്ണര്‍ഷിപ്പ് നമുക്കിവിടെ പടുത്തുയര്‍ത്താം എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്,’ റിയാന്‍ പരാഗ് പറഞ്ഞു.

പിന്നാലെയെത്തിയ ശിവം ദുബെ രണ്ട് സിക്‌സറും രണ്ട് ഫോറുമായി മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167ലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേക്ക് തുടക്കത്തിലേ പിഴച്ചു. വെസ്‌ലി മധേവരെയെ ബ്രോണ്‍സ് ഡക്കാക്കി മുകേഷ് കുമാര്‍ പുറത്താക്കി. പിന്നാലെയെത്തിയവരില്‍ നാല് താരങ്ങള്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാന്‍ സാധിച്ചത്.

32 പന്തില്‍ 34 റണ്‍സ് നേടി ഡിയോണ്‍ മയേഴ്സാണ് സിംബാബ്‌വേ നിരയിലെ ടോപ് സ്‌കോറര്‍. 13 പന്തില്‍ 27 റണ്‍സ് നേടി ഫറാസ് അക്രമും 24 പന്തില്‍ 27 താഡിവനാശെ മരുമാണിയും മികച്ച ചെറുത്തുനില്‍പ്പ് നടത്തി.

ഇന്ത്യക്കായി നാല് വിക്കറ്റുകള്‍ നേടിയ മുകേഷ് കുമാര്‍ ആണ് സിംബാബ്‌വേയെ എറിഞ്ഞു വീഴ്ത്തിയത്. ദുബെ രണ്ട് വിക്കറ്റും അഭിഷേക് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റും നേടി നിര്‍ണായകമായപ്പോള്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

 

Content Highlight: Riyan Parag about Sanju Samson’s advice during 5th T20 against Zimbabwe