റിയാദ്: സൗദി മതകാര്യ വകുപ്പിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന റിയാദ് സലഫി മദ്‌റസയുടെ 2017-2018 അദ്ധ്യയന വര്‍ഷത്തെ ക്ലാസ്സുകള്‍ക്ക് തുടക്കം കുറിച്ചു. എല്‍.കെ.ജി.മുതല്‍ എട്ടാം ക്ലാസ്സ് വരെയുള്ള മദ്രസയില്‍ റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി കുടുംബങ്ങളിലെ മക്കള്‍ പഠിച്ചു കൊണ്ടിരിക്കുന്നുണ്ട്.
മുജാഹിദ് പ്രസ്ഥാനത്തിലെ ഇരു വിഭാഗങ്ങള്‍ ഐക്യപ്പെട്ടതിന് ശേഷം കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡിന്റെയും സി.ഐ.ഇ.ആറിന്റെയും തെരഞ്ഞെടുത്ത പുസ്തകങ്ങളാണ് ഈ വര്‍ഷം മുതല്‍ ഏകീകൃത സില്ലബസായി പരിഗണിച്ചിട്ടുള്ളത്. വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചക്ക് ശേഷം 2:30 മുതല്‍ 6 മണിവരെയാണ് മദ്രസ പ്രവര്‍ത്തിച്ചു വരുന്നത്.
നഴ്‌സറി ക്ലാസ്സുകളില്‍ കേരള സര്‍ക്കാറിന്റെ മലയാളം പാഠാവലി ഉള്‍പ്പെടുത്തി മാതൃഭാഷ സ്വായത്തമാക്കാനുള്ള അവസരവും മദ്രസ നല്‍കിവരുന്നുണ്ട്. പരിചയസമ്പന്നരായ അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ അറബി ഭാഷ, വിശ്വാസം, കര്‍മ്മം, ചരിത്രം, ഖുര്‍ആന്‍, ഹദീസ് എന്നിവ പഠിപ്പിക്കുന്നതോടൊപ്പം പ്രക്ടികല്‍ ക്ലാസ്സുകള്‍ നല്‍കിവരുന്നുണ്ട്.
അവധിക്കാല പഠന ശിബിരങ്ങളും പൊതു പരീക്ഷയുടെ മുന്നോടിയായി കൊച്ചിങ്ങ് ക്യാമ്പുകള്‍ എന്നിവ മദ്രസയുടെ പ്രത്യേകതകളാണ്. ബത്ഹ, ശുമേസി, റൌള സ്‌കൂള്‍ ,യാര സ്‌കൂള്‍ എന്നിവിടങ്ങളിലായി റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ മദ്രസകളില്‍ ആയിരത്തില്‍പരം വിദ്യാര്‍ത്ഥികളാണ് പഠിച്ചു വരുന്നത്. മത ധാര്‍മ്മിക ശിക്ഷണത്തോടൊപ്പം ഉത്തമ പൗരന്മാരായി വാര്‍ത്തെടുക്കാനുള്ള നിരവധി സംരംഭങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ചു വരുന്നുണ്ട്.
വാര്‍ത്ത സമ്മേളനത്തില്‍ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് കെ.ഐ. അബ്ദുല്‍ ജലാല്‍ , മദ്രസ പ്രിന്‍സിപ്പല്‍ എം.ഡി.ഹുസ്സന്‍, മുഹമ്മദ് കുട്ടി കടന്നമണ്ണ, സഅദുദ്ദീന്‍ സ്വലാഹി, രക്ഷാകര്‍തൃ പ്രതിനിധി ഷറഫുദ്ദീന്‍ വി.സി എന്നിവര്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്