| Saturday, 1st December 2018, 11:47 pm

റയലിന്റെ തട്ടകത്തില്‍ കളിക്കാനാകില്ലെന്ന് റിവര്‍പ്ലേറ്റ്; ഫൈനല്‍ അനിശ്ചിതത്വത്തില്‍

സ്പോര്‍ട്സ് ഡെസ്‌ക്

കോപ്പ ലിബെര്‍ടാഡോറെസിന്റെ രണ്ടാം പാദ ഫൈനല്‍ സ്‌പെയിനിലെ റയല്‍ മാഡ്രിഡിന്റെ ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണബ്യുവിലേക്ക് മാറ്റിയതിനെതിരെ റിവര്‍പ്ലേറ്റ്. ഇത്രയും ദൂരം സഞ്ചരിച്ച് മത്സരിക്കാനാകില്ലെന്ന് റിവര്‍പ്ലേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

യൂറോപ്പിലെ ചാംപ്യന്‍സ് ലീഗിന് തുല്യമാണ് കോപ ലിബെര്‍ടാഡോറെസ്. മത്സരം ഇത്രയും ദൂരത്തേക്ക് മാറ്റുന്നത് കളിയുടെ ആവേശത്തെ കുറയ്ക്കുമെന്നും നിലവിലെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും റിവര്‍പ്ലേറ്റ് വ്യക്തമാക്കി. അതുകൊണ്ട് തന്നെ മാഡ്രിഡില്‍ പോയി ഫൈനല്‍ കളിക്കണ്ട എന്നാണ് തീരുമാനം. ക്ലബ് അധികൃതര്‍ വ്യക്തമാക്കി.

മത്സരം മറ്റൊരിടത്തേക്ക് മാറ്റുന്നത് അഭികാമ്യമല്ല. അത് രാജ്യത്തിലെ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് പ്രതികൂലമാകും. പ്രശ്‌നമുണ്ടാക്കുന്ന ആരാധകര്‍ക്കെതിരെ നടപടിയാണ് വേണ്ടത് ക്ലബ് വ്യക്തമാക്കി.

മത്സരം രണ്ട് തവണ മാറ്റിയതിനേയും ക്ലബ് വിമര്‍ശിക്കുന്നുണ്ട്. ടിക്കറ്റെടുത്ത ആരാധകര്‍ രണ്ട് തവണയാണ് മടങ്ങേണ്ടി വന്നതെന്നും ക്ലബ് പറയുന്നു.

അര്‍ജന്റീനയില്‍ നിന്ന് ഒരുപാട് അകലെയുള്ള സ്‌പെയിനിലേക്ക് മത്സരം മാറ്റിയത് നേരത്തെ വിവാദമായിരുന്നു. ആരാധകര്‍ക്ക് വലിയചെലവില്‍ എത്തപ്പെടാന്‍ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാന വിമര്‍ശനം.


നേരത്തെ രണ്ടാം പാദ മത്സരത്തിനായി ബോക ജൂനിയര്‍ ടീം റിവര്‍പ്ലേറ്റിന്റെ മൈതാനത്തെത്തിയപ്പോള്‍ കളിക്കാര്‍ സഞ്ചരിച്ച ബസിന് നേരെ റിവര്‍പ്ലേറ്റ് ആരാധകര്‍ ആക്രമണം അഴിച്ചുവിട്ടു. അര്‍ജന്റീനിയന്‍ മുന്‍താരം ടെവസ് അടക്കമുള്ള താരങ്ങള്‍ക്ക് ഇതേതുടര്‍ന്ന് പരുക്കേറ്റിരുന്നു.

തുടര്‍ന്ന് മത്സരം 24 മണിക്കൂര്‍ നേരത്തേക്ക് നീട്ടിവെച്ചു. എന്നാല്‍ മത്സര നടത്തിപ്പിന് കഴിയാത്ത സാഹചര്യത്തെ തുടര്‍ന്നാണ് വേദി മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്.

ബോക ജൂനിയറിന്റെ മൈതാനത്ത് നടന്ന ആദ്യപാദ മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more