മാഡ്രിഡ്: വേദി മാറ്റവും ഏവെ ഗോള്‍ ആനുകൂല്യം നഷ്ടപ്പെട്ടതും റിവര്‍പ്ലേറ്റ് ടീമിനെ തളര്‍ത്തിയില്ല. നാണക്കേടിന്റെ പാപഭാരം ഒഴുക്കി കളയാന്‍ ജയം മാത്രം ലക്ഷ്യമിട്ട് സാന്റിയാഗോ ബെര്‍ണബ്യുവില്‍ റിവര്‍പ്ലേറ്റ് പന്ത് തട്ടിയപ്പോള്‍ നേടിയത് ബൊക്ക ജൂനിയറിനെതിരെ ആധികാരിക ജയം. കോപ്പ ലിബര്‍ട്ടഡോറസിന്റെ രണ്ടാം പാദ ഫൈനലില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു റിവറിന്റെ ജയം. ആദ്യ പാദത്തില്‍ ഇരുടീമും രണ്ട് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ അഞ്ച് ഗോള്‍ ജയവുമായാണ് നാലാം തവണ റിവര്‍ കിരീടത്തില്‍ മുത്തമിട്ടത്.
എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ 109-ാം മിനിറ്റിലായിരുന്നു റിവര്‍പ്ലേറ്റിന്റെ വിജയ ഗോള്‍ പിറന്നത് യുവാന്‍ ഫെര്‍ണാണ്ടോ ക്വന്റേറൊയാണ് സ്‌കോറര്‍. എക്‌സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമില്‍ ഗോണ്‍സാലോ മാര്‍ട്ടിനെസ് കൂടി ലക്ഷ്യം കണ്ടതോടെ ബോക്ക ദഹനം സമ്പൂര്‍ണം.
Que GOLAZO. The goal that gave @CARPoficial the #CopaLibertadores title, courtesy of @TelemundoSports. pic.twitter.com/JzYfbIb1DV
— NBC Sports Soccer (@NBCSportsSoccer) December 9, 2018
ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ ഡാറിയോ ബെനെഡെറ്റോയുടെ കീഴില്‍ ബോക്ക ജൂനിയേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്. ഗോള്‍ തിരിച്ചടിക്കാന്‍ റിവര്‍ നിരന്തരം ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടത് 68 ആം മിനിറ്റില്‍. ബാര്‍സിലോന മുന്‍ മുന്നേറ്റതാരം ലൂക്കാസ് പ്രാറ്റൊയാണ് സ്‌കോറര്‍. ഇതോടെ മത്സരം സമനിലയിലായി.
എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ ബോക്കയ്ക്ക് തിരിച്ചടിയായി വില്‍മര്‍ ബാരിയോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
കോപ്പ ലിബര്‍ട്ടഡോറെസിന്റെ ചരിത്രത്തില്‍ 58 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലീഗിലെ ബ്യൂണസ് ഏയ്‌രിസ് എതിരാളികള്‍ കലാശപ്പോരിന് നേര്‍ക്കുനേര്‍ വരുന്നത്.
മത്സരത്തിലുടനീളം റിവര്‍പ്ലേറ്റാണ് മുന്നിട്ട് നിന്നത്. ഷോട്ടുകളിലും പന്തടക്കത്തിലും പാസിങിലെ കൃത്യതയിലും റിവര്‍ മുന്നിട്ട് നിന്നപ്പോള്‍ ബോക്ക പലപ്പോഴും ചിത്രത്തിലേ ഇല്ലാതായി.
6000 മൈലുകള്‍ കടന്ന് പതിനായിരക്കണക്കിന്‍ റിവര്‍പ്ലേറ്റ്, ബോക്ക ജൂനിയര്‍ ആരാധകരാണ് മത്സരം കാണുന്നതിനായി മാഡ്രിഡില്‍ എത്തിയത്.