ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ മരുമകന്‍ പുഴ കൈയേറിയതായി റിപ്പോര്‍ട്ട്
Daily News
ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ മരുമകന്‍ പുഴ കൈയേറിയതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th August 2015, 12:34 am

sreenijan1തിരുവനന്തപുരം: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മരുമകന്‍ പി.വി.ശ്രീനിജന്‍ ചാലക്കുടി പുഴയോരത്ത് ഭൂമി കൈയേറിയതായി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കി. പുഴയോരം കൈയേറി അനധികൃതമായി കരിങ്കല്‍ ഭിത്തി, പുല്‍ത്തകിടി തുടങ്ങിയവ പണിതെന്നും റവന്യൂ, ജലവിഭവ വകുപ്പുകള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

കയ്യേറ്റം സംബന്ധിച്ച് റവന്യൂ, പഞ്ചായത്ത്, ജലവിഭവ വകുപ്പുകള്‍, ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ചാലക്കുടി പുഴയുടെ തീരത്തെ ഒരേക്കറോളം ഭൂമി ശ്രീനിജന്‍ കൈയേറിയെന്ന് ചൂണ്ടിക്കാട്ടി 2011ല്‍ ചാലക്കുടി കോടതിയില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്.

ശ്രീനിജന്‍ പുഴയുടെ 20 മീറ്ററോളം കൈയേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് പഞ്ചായത്തിന്റെ അനുമതി കൂടാതെയാണ്. പുഴയോരങ്ങളിലും മറ്റും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് അനുമതി വേണമെന്നിരിക്കെയാണിത്.

പുഴയോരത്ത് നടത്തിയ പരിശോധനയില്‍ കരിങ്കല്‍ ഭിത്തികെട്ടി പുല്‍ത്തകിടിയും പ്ലാറ്റ്‌ഫോമും പടവുകളും നിര്‍മിച്ചതായി കണ്ടെന്നും ഇതിനൊന്നും അനുമതിയില്ലെന്നുമാണ് ജലവിഭവ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പുഴയില്‍ നിന്ന് പട്ടയഭൂമിയുടെ അതിര്‍ത്തി വരെ 15 മീറ്ററോളം നീളത്തില്‍ കൈയേറ്റമുണ്ടെന്നാണ് റവന്യൂവകുപ്പിന്റെ കണ്ടെത്തല്‍.

പുഴയുടെ അതിര്‍ത്തി നിര്‍ണയിക്കാത്തതിനാല്‍ തന്നെ എത്ര മീറ്റര്‍ കൈയേറിയെന്ന് വ്യക്തമായി കണ്ടെത്താനായിട്ടില്ല. ഇതിന് കൂടുതല്‍ പരിശോധന വേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒക്ടോബര്‍ ആറിന് റിപ്പോര്‍ട്ട് കോടതി പരിഗണിക്കും. ഇതിനുശേഷമേ ശ്രീനിജനെതിരെ കേസെടുക്കണമോയെന്ന് കോടതി തീരുമാനിക്കുക.