ട്രാഫിക് നിയമം തെറ്റിച്ച മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ ഗോളടിയന്ത്രം എര്‍ലിങ് ഹാലണ്ടിനെതിരെ പ്രതിഷേധവുമായി എതിര്‍ ടീം ആരാധകര്‍. ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചതിനെതിരെയാണ് ആരാധകര്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
ദി സണ്ണാണ് ഹാലണ്ട് ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളാണ് താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം ഉയരുന്നത്.
ചാമ്പ്യന്‍സ് ലീഗില്‍ ആര്‍.ബി ലീപ്‌സീഗിനെതിരെ നടന്ന മത്സരത്തിന് ശേഷമാണ് താരം ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചതെന്നാണ് കരുതുന്നത്. ഈ കുറ്റത്തിന് ആറ് പോയിന്റ് പെനാല്‍ട്ടിയും 200 പൗണ്ട് പിഴയുമാണ് വിധിക്കുക.
‘ഇതൊരു ഡയറക്ട് റെഡ് കാര്‍ഡാണ്. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഏറെ അപകടമാണ്. ഹാലണ്ടിനെ പോലെ ഗോളടിക്കുന്നതില്‍ മികവുകാട്ടുന്ന ഒരു താരത്തെ സംബന്ധിച്ച് ഇതൊരു സെല്‍ഫ് ഗോളായി മാറിയിരിക്കുകയാണ്,’ എന്നായിരുന്നു മോട്ടോറിങ് അസോസിയേഷനായ എ.എയുടെ വക്താവ് പറഞ്ഞത്.
ഗുരുതരമായ നിയമലംഘനമാണ് ഹാലണ്ടിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെങ്കിലും എതിര്‍ ടീം ആരാധകര്‍ ഈ കുറ്റത്തിന്റെ മറുവശം കാണാനാണ് ശ്രമിക്കുന്നത്. വിഷയത്തില്‍ ലീഗ് നേരിട്ട് ഇടപെടണമെന്നും ഹാലണ്ടിന് ഉചിതമായ ശിക്ഷ നല്‍കണമെന്നുമാണ് എതിര്‍ ടീം ആരാധകരുടെ വാദം.
സീസണില്‍ കളിച്ച 37 മത്സരത്തില്‍ നിന്നും ഇതിനോടകം തന്നെ 42 ഗോള്‍ അടിച്ചുകൂട്ടിയ ഹാലണ്ടിന് മാച്ചുകളില്‍ നിന്നും സസ്‌പെന്‍ഷന്‍ നല്‍കണമെന്നാണ് ഇവര്‍ വാദിക്കുന്നത്. കുറഞ്ഞത് 30 മത്സരത്തില്‍ നിന്നെങ്കിലും ഹാലണ്ടിനെ വിലക്കണമെന്നാണ് ഒരു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകന്‍ ആവശ്യപ്പെട്ടത്.
അതേസമയം, മാര്‍ച്ച് 18ന് നടന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ അവസാന മത്സരത്തിലും ഹാലണ്ട് ഹാട്രിക് നേടിയിരുന്നു. എഫ്.എ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബേണ്‍ലിക്കെതിരെയായിരുന്നു ഹാലണ്ടിന്‍ ഗോള്‍ നേട്ടം.