നെയ്മര്‍ പി.എസ്.ജി വിടുന്നു?; അങ്ങനെയെങ്കില്‍ അവന് കൊള്ളാം: ബ്രസീലിയന്‍ താരം
Football
നെയ്മര്‍ പി.എസ്.ജി വിടുന്നു?; അങ്ങനെയെങ്കില്‍ അവന് കൊള്ളാം: ബ്രസീലിയന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 14th January 2023, 10:10 am

ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയറിന്റെ ട്രാന്‍സ്ഫറിനെ കുറിച്ച് ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. താരം ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ നിന്ന് മറ്റ് ക്ലബ്ബിലേക്ക് ചേക്കേറാന്‍ ശ്രമങ്ങള്‍ നടത്തുണ്ടെന്ന രീതിയിലായിരുന്നു അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

പി.എസ്.ജിയില്‍ ലയണല്‍ മെസിയെയും കിലിയന്‍ എംബാപ്പെയെയും നിലനിര്‍ത്താനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. നെയ്മറിന്റെ ശമ്പളം വെട്ടിക്കുറക്കാന്‍ ക്ലബ്ബ് പദ്ധതിയിടുന്നതായും സൂചനകളുണ്ട്.

വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ ബ്രസീല്‍ ഇതിഹാസതാരം റിവാള്‍ഡോ. നെയ്മര്‍ പി.എസ്.ജി വിടുന്നതാണ് താരത്തിന്റെ ഭാവിക്ക് നല്ലതെന്നും മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകുന്നതാകും കൂടുതല്‍ ഉചിതമെന്നും റിവാള്‍ഡോ പറഞ്ഞു.

സിറ്റിയുടെ കളി ശൈലിയെ കുറിച്ചും താരം പ്രശംസിക്കുകയും ചെയ്തു. പ്രമുഖ മാധ്യമമായ ഗോള്‍ ഡോട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ആരൊക്കെ കൂടുമാറ്റ നടത്തുമെന്ന് പറയനാകില്ല. എന്നാല്‍ നെയ്മറെ പി.എസ്.ജി റിലീസ് ചെയ്യാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. താരത്തിന് പി.എസ്.ജി വിടാന്‍ ഇതാണ് മികച്ച അവസരം. മാഞ്ചസ്റ്റര്‍ സിറ്റിയുമായി സൈന്‍ ചെയ്യാനായാല്‍ അത് വളരെ നല്ലതാകും.

മികച്ച ഫോമില്‍ തുടരുന്ന മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എത്തിയാല്‍ താരത്തിന് കൂടുതല്‍ മികവ് പുലര്‍ത്താനാകും. സിറ്റി വളരെയധികം അറ്റാക്കിങ് നടത്തുന്ന ടീമാണ്. കോച്ച് പെപ് ഗ്വാര്‍ഡിയോളക്ക് കീഴില്‍ ടീം കുതിച്ച് മുന്നേറുന്നുണ്ട്,’ റിവാള്‍ഡോ പറഞ്ഞു.

കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പി.എസ്.ജി ഏഞ്ചേഴ്‌സിനെ തോല്‍പ്പിച്ചത്. മത്സരത്തില്‍ മെസി ഒരു ഗോള്‍ നേടിയിരുന്നു. ഈ സീസണില്‍ പി.എസ്.ജിക്ക് വേണ്ടി മെസി നേടുന്ന പതിമൂന്നാമത്തെ ഗോള്‍ ആണ് ഇത്.

കിലിയന്‍ എംബാപ്പെക്ക് വിശ്രമം നല്‍കിയാണ് പി.എസ്.ജി ഏഞ്ചേഴ്‌സിനെതിരെ ഇറങ്ങിയത്. എംബാപ്പെക്ക് പകരം സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിച്ച ഹ്യൂഗോ എക്കിറ്റക്കെയാണ് അഞ്ചാം മിനിട്ടില്‍ തന്നെ പി.എസ്.ജിയെ മുന്നിലെത്തിച്ചത്.

നോര്‍ഡി മുകിയേലയുടെ പാസില്‍ നിന്നായിരുന്നു ഫ്രഞ്ച് യുവതാരം പി.എസ്.ജിക്കായി ആദ്യ ഗോള്‍ നേടിയത്. പിന്നീട് ആദ്യ പകുതിയില്‍ മെസിക്കും റാമോസിനും മികച്ച അവസരം ലഭിച്ചെങ്കിലും ആങ്കേഴ്സ് ഗോള്‍ കീപ്പര്‍ പോള്‍ ബെര്‍നാര്‍ഡോണിയുടെ മിന്നും സേവുകള്‍ അവരുടെ രക്ഷക്കെത്തി. രണ്ടാം പകുതിയില്‍ 72-ാം മിനിറ്റിലായിരുന്നു നെയ്മറുമായി ചേര്‍ന്നുള്ള മെസിയുടെ വണ്‍ ടച്ച് ഗോള്‍ പിറന്നത്.

ജനുവരി 16ന് റെന്നെസിന് എതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights: Rivaldo talking about Neymar’s transfer