| Monday, 9th December 2024, 5:08 pm

മെസി എല്ലായ്‌പ്പോഴും ക്രെഡിറ്റ് സ്വന്തമാക്കുന്ന ടീമില്‍ അവന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല; തുറന്നടിച്ച് റിവാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

2019 കാലഘട്ടത്തില്‍ മെസിയുടെ പ്രകടനത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം ഫിലിപ്പെ കുട്ടീന്യോ മങ്ങിപ്പോയെന്ന് ബ്രസീലിയന്‍ ഇതിഹാസ താരം റിവാള്‍ഡോ. മെസി കാരണമാണ് കുട്ടീന്യോക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടതെന്നും ബാഴ്‌സലോണയില്‍ അസംതൃപ്തനായതെന്നും റിവാള്‍ഡോ പറഞ്ഞു.

ബാഴ്‌സയിലെ തന്റെ പരിശ്രമങ്ങള്‍ക്ക് ഒരിക്കല്‍പ്പോലും താരത്തിന് ക്രെഡിറ്റ് ലഭിച്ചില്ലെന്നും മെസിയാണ് എല്ലായ്‌പ്പോഴും തലക്കെട്ടുകളില്‍ നിറഞ്ഞുനിന്നതെന്നും റിവാള്‍ഡോ ആരോപിച്ചു. ഇതാണ് കുട്ടീന്യോ ടീം വിടാന്‍ കാരണമായതെന്നും റിവാള്‍ഡോ കൂട്ടിച്ചേര്‍ത്തു. താരത്തിന്റെ വാക്കുകളെ ഉദ്ധരിച്ച് എവരിതിങ്ബാഴ്‌സയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ബാഴ്‌സലോണയില്‍ വിജയിക്കാനുള്ള എല്ലാ കഴിവുകളും കുട്ടീന്യോക്ക് ഉണ്ട് എന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ ഇതിന് കാലതാമസം ഉണ്ടായതോടെ ക്ലബ്ബും താരവും ട്രാന്‍സ്ഫറിന് സമ്മതിക്കുകയും കുട്ടീന്യോ ബയേണിലേക്ക് മാറുകയുമായിരുന്നു.

(ബാഴ്‌സലോണയുടെ) ഫസ്റ്റ് ടീമില്‍ എല്ലായ്‌പ്പോഴും അവന് സ്ഥാനം കണ്ടെത്താന്‍ സാധിക്കാതെ പോയത് എന്നെ നിരാശനാക്കിയിരുന്നു. ഇതില്‍ അവന്‍ അസന്തുഷ്ടനായിരുന്നു, അവന്റെ ആത്മവിശ്വാസം തകര്‍ന്നിരുന്നു. ഇതുകാരണമായിരിക്കാം ലിവര്‍പൂളിലേതെന്ന പോലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്ന മറ്റൊരു ടീമിലേക്ക് മാറാന്‍ അവന്‍ തീരുമാനിച്ചത്.

ലണല്‍ മെസി എല്ലായ്‌പ്പോഴും ക്രെഡിറ്റും ചുമതലകളും ഏറ്റെടുക്കുന്ന ഒരു ടീമില്‍ സ്ഥാനം കണ്ടെത്തുക എന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. ഇത്തരമൊരു സാഹചര്യത്തില്‍ ടീമില്‍ ഇടം കണ്ടെത്തുകയടക്കമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ലോകത്ത് വളരെ കുറച്ച് താരങ്ങള്‍ക്ക് മാത്രമേ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ ആ സ്ഥാനം നേടിയെടുക്കാനുള്ള ക്ഷമ കുട്ടീന്യോക്ക് ഉണ്ടായിരുന്നില്ല.

അര്‍ജന്റൈന്‍ താരം ടീമിന്റെ ലീഡറാണ്. മൂന്നോ നാലോ വര്‍ഷത്തോളം അവന്റെ ഏറ്റവും ബെസ്റ്റ് തന്നെ പുറത്തെടുത്ത് കളിക്കളത്തില്‍ തുടരാനും അവന് സാധിക്കും. ഇതുകൊണ്ടുതന്നെ മറ്റ് താരങ്ങള്‍ എത്ര മികച്ച പ്രകടനം പുറത്തെടുത്താനും ബാഴ്‌സയില്‍ അവര്‍ക്ക് തിളങ്ങാന്‍ ബുദ്ധിമുട്ടായിരുന്നു,’ റിവാള്‍ഡോ പറഞ്ഞു.

2013 മുതല്‍ ലിവര്‍പൂളിന്റെ സ്വന്തമായിരുന്നു കുട്ടീന്യോയെ 2018ലാണ് ബാഴ്‌സലോണ ക്യാമ്പ് നൗവിലെത്തിക്കുന്നത്. 142 മില്യണ്‍ പൗണ്ടിനാണ് താരം കറ്റാലന്‍മാരുടെ പടകുടീരത്തിലെത്തിയത്. 2022ല്‍ ടീമിനോട് ഗുഡ് ബൈ പറയും മുമ്പ് 106 മത്സരത്തിലാണ് താരം ബൂട്ടുകെട്ടിയത്. ഇതില്‍ നിന്നും 25 ഗോളും 14 അസിസ്റ്റും താരം സ്വന്തമാക്കി.

ഇതിനിടെ രണ്ട് സീസണില്‍ താരം ലോണില്‍ ബയേണ്‍ മ്യൂണിക്കിനായും ആസ്റ്ററണ്‍ വില്ലയ്ക്കായും കളിച്ചു. 2022ല്‍ വില്ലന്‍സിനൊപ്പം ചേര്‍ന്ന താരം നിലവില്‍ ലോണ്‍ അടിസ്ഥാനത്തില്‍ ബ്രസീലിയന്‍ ക്ലബ്ബായ വാസ്‌കോ ഡ ഗാമക്ക് വേണ്ടിയാണ് ബൂട്ടുകെട്ടുന്നത്.

Content Highlight: Rivaldo says Philippe Coutinho failed to shine at Barcelona due to Messi

We use cookies to give you the best possible experience. Learn more