യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തിന് പിന്നാലെ ബാഴ്‌സക്കെതിരെയും സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്റര്‍ മിലാനോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്‌സയുടെ പരാജയം.
ഇന്റര്‍ മിലാന്റെ ടര്‍ക്കിഷ് താരം ഹാകന്‍ കാല്‍ഹാനോഗ്ലു ആയിരുന്നു മത്സരത്തിലെ ഏക ഗോള്‍ സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ അധിക സമയത്തായിരുന്നു താരം ഗോള്‍ നേടിയത്.
ഇതിന് മറുപടിയായ ബാഴ്‌സലോണ തിരിച്ചടിച്ചെങ്കിലും ഗോള്‍ അനുവദിച്ചിരുന്നില്ല. മത്സരത്തിന്റെ 66ാം മിനിട്ടില്‍ ഒസ്മാനെ ഡെംബാലെയുടെ ക്രോസില്‍ നിന്നും സൂപ്പര്‍ താരം പെഡ്രിയായിരുന്നു മിലാന്‍ വല കുലുക്കിയത്.
എന്നാല്‍ അന്‍സു ഫാറ്റിക്കെതിരെ ഹാന്‍ഡോ ബോള്‍ സംശയമുയര്‍ന്നതിനാല്‍ റഫറി വാറിന്റെ (VAR) സഹായം തേടുകയും ഹാന്‍ഡ് ബോള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനാല്‍ ഗോള്‍ അനുവദിക്കാതിരിക്കുകയുമായിരുന്നു.
എന്നാല്‍ റഫറിയുടെ നിര്‍ണയത്തിനെതിരെ ബാഴ്‌സ കോച്ച് സാവിയും ആരാധകര്‍ രംഗത്തുവന്നിരുന്നു. സംഭവത്തിന് ശേഷം 91ാം മിനിട്ടില്‍ ഇന്റര്‍ താരത്തിന് നേരെ ഉയര്‍ന്ന ഹാന്‍ഡ് ബോള്‍ കോള്‍ വാറില്‍ കണ്ടില്ലേ എന്നും റഫറി ഇന്ററിന് അനുകൂലമായാണ് പ്രവര്‍ത്തിച്ചെതെന്നും ആരോപണമുണ്ട്.
എന്നാല്‍ ചാമ്പ്യന്‍സ് ലീഗിലെ ബാഴ്‌സയുടെ തോല്‍വി ആഘോഷിക്കുകയാണ് എതിര്‍ ടീമുകളുടെ, പ്രത്യേകിച്ച് റയല്‍ മാഡ്രിഡിന്റെ ആരാധകര്‍. ട്വിറ്ററില്‍ എപ്പോഴും ആരാധകര്‍ തമ്മിലുള്ള ഫൈറ്റുകള്‍ ഉണ്ടാവാറുണ്ടെങ്കിലും ഇവിടെ എതിര്‍ ടീം ആരാധകര്‍ ബാഴ്‌സയെ കടന്നാക്രമിക്കുകയാണ്.
ബാഴ്‌സ ആരാധകരുടെ കണ്ണീര് കാണുന്നതാണ് താനിപ്പോള്‍ ഏറെ ഇഷ്ടപ്പെടുന്നതെന്നായിരുന്നു ഒരു ആരാധകരന്റെ കമന്റ്. യുവേഫ യൂറോപ്പ ലീഗ് നിങ്ങളെ മാടി വിളിക്കുന്നുണ്ടെന്നും ബാഴ്‌സലോണ അവസാനിച്ചു എന്നും കമന്റുകള്‍ ഉയരുന്നുണ്ട്.
അതേസമയം, കഴിഞ്ഞ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ബാഴ്‌സലോണ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കളിച്ച മൂന്നിലും വിജയവുമായി ബുണ്ടസ് ലീഗ ജയന്റ്സായ ബയേണ്‍ മ്യൂണിക്ക് ഗ്രൂപ്പില്‍ ഒന്നാമതും സീരി എ സൂപ്പര്‍ ടീം ഇന്റര്‍ മിലാന്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുമാണ്. ഇന്ററിനോട് മൂന്ന് പോയിന്റ് പിന്നില്‍ മൂന്നാം സ്ഥാനത്താണ് ബാഴ്സ ഇപ്പോള്‍.
കളിച്ച എല്ലാ മത്സരത്തിലും പരാജയപ്പെട്ട ചെക്ക് ഫസ്റ്റ് ലീഗ് സൂപ്പര്‍ ടീമായ വിക്ടോറിയ പ്ലസാനിയയാണ് ബാഴ്‌സക്ക് താഴെ ഉള്ളത്.
ലാ ലീഗയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി നില്‍ക്കവെയാണ് ചാമ്പ്യന്‍സ് ലീഗില്‍ മോശം പ്രകടനം തുടരുന്നത് എന്നതും ആരാധകരെ ചൊടിപ്പിക്കുന്നുണ്ട്.