ജോകിഹട്ട്: അഭിമാന പോരാട്ടത്തില്‍ ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന് തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടന്ന ബീഹാറിലെ ജോകിഹട്ടില്‍ ആര്‍.ജെ.ഡിക്ക് മുന്നേറ്റം. പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥി മുന്നിട്ടുനില്‍ക്കുന്നത്.
കഴിഞ്ഞവര്‍ഷം നിതീഷ് കുമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നതില്‍ പ്രതിഷേധിച്ച് ജെ.ഡി.യു എം.എല്‍.എ സര്‍ഫാറസ് ആലം രാജിവെച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
അഭിമാനപോരാട്ടമായി കണ്ടുകൊണ്ടുതന്നെയായിരുന്നു നിതീഷ് കുമാര്‍ ഇവിടെ പ്രചരണത്തിനിറങ്ങിയത്. മന്ത്രിസഭയിലെ പകുതി മന്ത്രിമാരെയും പ്രചരണത്തിനായി ഇറക്കിയിരുന്നു.
Also Read: ഇത് പിണറായി സര്‍ക്കാരിന്റെ വിജയം; രാഷ്ട്രീയത്തിന് അധീതമായി ജനങ്ങള്‍ വോട്ടുചെയ്‌തെന്നും സജി ചെറിയാന്‍
സര്‍ഫാറസ് ആലത്തിന്റെ ഇളയസഹോദരന്‍ ഷാനവാസ് ആലത്തെയാണ് ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥിയാക്കിയത്. മുര്‍ഷിദ് ആലമായിരുന്നു ജെ.ഡി.യു സ്ഥാനാര്‍ത്ഥി. ബലാത്സംഗക്കേസ് അടക്കം ഏഴ് ക്രിമിനല്‍ കേസുകള്‍ ഇദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജയിലില്‍ കിടക്കുന്ന ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റ അസാന്നിധ്യത്തില്‍ തേജസ്വി യാദവാണ് ഉപതെരഞ്ഞെടുപ്പ് പ്രചരണം നയിച്ചത്. ആര്‍.ജെ.ഡിയെയും കോണ്‍ഗ്രസിനേയും തള്ളി സഖ്യം വിഭജിച്ച അന്ന് മുതല്‍ നിതീഷ് കുമാറിന്റെ ജനപ്രീതി ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് തേജസ്വി പ്രതികരിച്ചു.