| Friday, 7th October 2022, 12:06 pm

'വിരമിക്കാനായില്ലേ കിഴവാ' 'ഗോട്ട് ഇനി പൂജ്യവും തിന്ന് നടന്നോ'; ജയിച്ചിട്ടും റൊണാള്‍ഡോക്കെതിരെ വിമര്‍ശന ശരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഇയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയിച്ചിരുന്നു. ഒമോണിയ എഫ്.സിക്കെതിരായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയം.

മാര്‍കസ് റാഷ്‌ഫോര്‍ഡും ആന്തണി മാര്‍ഷ്വലുമാണ് യുണൈറ്റഡിനായി ഗോള്‍ കണ്ടെത്തിയത്. റാഷ്‌ഫോര്‍ഡ് മത്സരത്തില്‍ ഡബിള്‍ തികച്ചപ്പോള്‍ രണ്ടാം ഗോളിന് വഴിയൊരുക്കിയത് റൊണാള്‍ഡോ ആയിരുന്നു. താരത്തിന്റെ മികച്ച അസിസ്റ്റാണ് മാഞ്ചസ്റ്ററിന്റെ വിജയത്തിന് കാരണമായത്.

എന്നാല്‍ താരത്തിനെതിരെ വിമര്‍ശനമുയരുകയാണ്. ഗോള്‍ നേടാന്‍ സാധിക്കാത്തതും എല്ലാത്തിനുമുപരി മികച്ച ഒരു ചാന്‍സ് നഷ്ടപ്പെടുത്തിയതുമാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ ക്രിസ്റ്റ്യാനോയുടെ മോശം അവസ്ഥയെ പരമാവധി തന്നെ ചൂഷണം ചെയ്യാനാണ് എതിര്‍ ടീമിന്റെ ആരാധകര്‍ ശ്രമിക്കുന്നത്. റൊണാള്‍ഡോയുടെ മോശം പ്രകടനത്തേക്കാള്‍ താരത്തിന്റെ പ്രായത്തെ കളിയാക്കിക്കൊണ്ടാണ് ഇവര്‍ രംഗത്തുവരുന്നത്.

റൊണാള്‍ഡോ കളി മതിയാക്കേണ്ട സമയം എപ്പോഴേ അതിക്രമിച്ചിരിക്കുകയാണെന്നും റൊണാള്‍ഡോ പല്ലുകൊഴിഞ്ഞ സിംഹമാണെന്നും വിമര്‍ശനവും ഉയരുന്നുണ്ട്.

അതേസമയം, മത്സരത്തിന്റെ ആദ്യ പകുതിയില്‍ പിന്നിലായതിന് ശേഷമാണ് മാഞ്ചസ്റ്റര്‍ തിരിച്ചുവന്നത്. മത്സരത്തിന്റെ 34ാം മിനിട്ടില്‍ തന്നെ ഒമോണിയ താരം കരീം അന്‍സാരിഫാര്‍ദ് മാഞ്ചസ്റ്ററിനെ ഞെട്ടിച്ചിരുന്നു. ഹാഫ് ടൈമില്‍ 1-0 എന്ന നിലയില്‍ പിന്നിലായിരുന്നു റെഡ് ഡെവിള്‍സ്.

എന്നാല്‍ രണ്ടാം പകുതിയില്‍ പുതിയ തന്ത്രങ്ങളുമായെത്തിയ മാഞ്ചസ്റ്റര്‍ കളിയിലേക്ക് തിരിച്ചുവന്നു. 53ാം മിനിട്ടില്‍ റാഷ്‌ഫോര്‍ഡ് തുടങ്ങിവെച്ച ഗോളടിയില്‍ 63ാം മിനിട്ടില്‍ ആന്തണിയും പങ്കാളിയായി.

ശേഷം 84ാം മിനിട്ടിലായിരുന്നു മാഞ്ചസ്റ്റര്‍ ഗോള്‍ നേടിയത്. റൊണാള്‍ഡോയുടെ അസിസ്റ്റില്‍ റാഷ്‌ഫോര്‍ഡാണ് ഗോള്‍ സ്വന്തമാക്കിയത്. ഇതിനിടെ സ്‌കോര്‍ ചെയ്യാനുള്ള ഒരു അവസരം റൊണാള്‍ഡോ നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു.

3-1ന്റെ ലീഡില്‍ നില്‍ക്കവെ 85ാം മിനിട്ടില്‍ ഒമോണിയ ഒരു ഗോള്‍ തിരിച്ചടിച്ചിരുന്നു.

കഴിഞ്ഞ ദിവസത്തെ മത്സരത്തിന് പിന്നാലെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താനും മാഞ്ചസ്റ്ററിനായി. മൂന്ന് മത്സരത്തില്‍ രണ്ട് ജയും ഒരു തോല്‍വിയുമാണ് റെഡ് ഡെവിള്‍സിനുള്ളത്.

കളിച്ച മൂന്നിലും ജയിച്ച റയല്‍ സോസിഡാഡാണ് ഗ്രൂപ്പ് ഇയിലെ ഒന്നാം സ്ഥാനക്കാര്‍.

യൂറോപ്പ ലീഗില്‍ ഒക്ടോബര്‍ 14നാണ് മാഞ്ചസ്റ്ററിന്റെ അടുത്ത മത്സരം. ഒമോണിയ തന്നെയാണ് എതിരാളികള്‍.

Content Highlight: Rival fans brutally trolls Cristiano Ronaldo

We use cookies to give you the best possible experience. Learn more