Sports News
ഒറ്റ ഇന്നിങ്‌സിന്റെ പവറ് നോക്കണേ, ഒറ്റയടിക്ക് അടിച്ചുകയറിയത് 13 റാങ്ക്; ആദ്യ പത്തില്‍ സൂര്യക്ക് കൂട്ടായി
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 10, 10:48 am
Wednesday, 10th July 2024, 4:18 pm

ഐ.സി.സി ടി-20 ബാറ്റര്‍മാരുടെ പട്ടികയില്‍ വന്‍ മുന്നേറ്റമുണ്ടാക്കി ഇന്ത്യന്‍ സൂപ്പര്‍ താരം ഋതുരാജ് ഗെയ്ക്വാദ്. 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്കാണ് താരം ഉയര്‍ന്നിരിക്കുന്നത്.

സിംബാബ്‌വേക്കെതിരായ രണ്ടാം ടി-20ക്ക് പിന്നാലെയാണ് ഗെയ്ക്വാദ് റാങ്കിങ്ങില്‍ മികച്ച നേട്ടമുണ്ടാക്കിയിരിക്കുന്നത്. 662 എന്ന റേറ്റിങ്ങാണ് നിലവില്‍ താരത്തിനുള്ളത്.

 

ഇന്ത്യന്‍ സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാളിനെയടക്കം താഴേക്ക് തള്ളിയിട്ടാണ് ഗെയ്ക്വാദിന്റെ കുതിച്ചുചാട്ടം. ജെയ്‌സ്വാള്‍ മൂന്ന് റാങ്ക് താഴേക്കിറങ്ങി നിലവില്‍ പത്താം സ്ഥാനത്താണ്.

ജെയ്‌സ്വാളിനും ഗെയ്ക്വാദിനും പുറമെ രണ്ടാം റാങ്കില്‍ തുടരുന്ന സൂര്യകുമാര്‍ യാദവാണ് ആദ്യ പത്തിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം.

ഗെയ്ക്വാദ് ഒറ്റയടിക്ക് 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയപ്പോള്‍ നിക്കോളാസ് പൂരന്‍, റഹ്‌മാനുള്ള ഗുര്‍ബാസ്, ക്വിന്റണ്‍ ഡി കോക്ക്, ജോണി ബെയര്‍സ്‌റ്റോ, റീസ ഹെന്‍ഡ്രിക്‌സ്, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ മാര്‍ഷ്, ഫിന്‍ അലന്‍, റിലീ റൂസോ എന്നിവര്‍ക്ക് ഓരോ റാങ്ക് വീതവും നഷ്ടപ്പെട്ടു.

രോഹിത് ശര്‍മ ഒരു റാങ്ക് നഷ്ടപ്പെട്ട് 37ാം റാങ്കിലേക്ക് വീണപ്പോള്‍ റിങ്കു സിങ് നാല് റാങ്ക് മെച്ചപ്പെടുത്തി 39ാം സ്ഥാനത്തേക്കുയര്‍ന്നു.

വിരാട് കോഹ്‌ലിക്കും മൂന്ന് റാങ്ക് നഷ്ടപ്പെട്ടു. നിലവില്‍ 43ാം റാങ്കിലാണ് കിങ് കോഹ്‌ലി.

ഐ.സി.സി ടി-20ഐ ബാറ്റര്‍മാരുടെ റാങ്ക് ലിസ്റ്റിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

അതേസമയം, ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലെ മൂന്നാം മത്സരത്തിനുള്ള മുന്നൊരുക്കത്തിലാണ് ഗെയ്ക്വാദ്. ഹരാരെയാണ് വേദി. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമിന് പരമ്പരയില്‍ ലീഡ് നേടാം.

 

Also Read:  ലാസ്റ്റ് ഡാന്‍സിനായി ഇന്ന് ക്രിക്കറ്റിന്റെ മക്കയിലേക്ക്; ആവേശവും അതിലേറെ നിരാശയുമായി ക്രിക്കറ്റ് ലോകം

 

Also Read: ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമാണ് ഇനി മെസിയുടെ സ്ഥാനം; അർജന്റീനക്ക് ഫൈനൽ ടിക്കറ്റ്

 

Also Read: ഒറ്റ ഗോൾ കൊണ്ടെത്തിച്ചത് ചരിത്രനേട്ടത്തിലേക്ക്; ഫ്രാൻസിനെതിരെ 16കാരന്റെ ആറാട്ട്

 

Content highlight: Rituraj Gaikwad moves up 13 places in ICC T20 batsmen’s rankings