Sports News
ഒരു ഓവറില്‍ 43 റണ്‍സടിച്ച് നേടിയ ഇരട്ട സെഞ്ച്വറിയും ഇപ്പോള്‍ ചരിത്ര സെഞ്ച്വറിയും; ഋതുവിന്റെ നവംബര്‍ 28
സ്പോര്‍ട്സ് ഡെസ്‌ക്
2023 Nov 28, 04:18 pm
Tuesday, 28th November 2023, 9:48 pm

നവംബര്‍ 28 എന്ന ദിവസം ഋതുരാജ് ഗെയ്ക്വാദിന്റെ കരിയറിന് ചരിത്രനേട്ടങ്ങളാണ് എന്നും സമ്മാനിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയക്കതിരെ നടക്കുന്ന ടി-20 പരമ്പരയില്‍ നേടിയ സെഞ്ച്വറി നേട്ടമാണ് നവംബര്‍ 28 ഋതുരാജിന്റെ ഭാഗ്യദിവസമായി ഒരിക്കല്‍ക്കൂടി അടയാളപ്പെടുത്തിയത്.

ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തില്‍ 57 പന്തില്‍ നിന്നും പുറത്താകാതെ 123 റണ്‍സാണ് ഋതുരാജ് ഗെയ്ക്വാദ് നേടിയത്. 11 ബൗണ്ടറിയും ഏഴ് സിക്‌സറും അടക്കമായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം.

ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു ചരിത്രനേട്ടവും ഗെയ്ക്വാദിനെ തേടിയെത്തിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ ഓസട്രേലിയക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് ഗെയ്ക്വാദ് ഇതോടെ തന്റെ പേരില്‍ കുറിച്ചത്.

കൃത്യം ഒരു വര്‍ഷം മുമ്പ്, 2022 നവംബര്‍ 28ന് കരിയറിലെ മറ്റൊരു നാഴികക്കല്ലും ഗെയ്ക്വാദ് പിന്നിട്ടിരുന്നു. ലിസ്റ്റ് എയില്‍ ഇരട്ട സഞ്ച്വറി നേടിയാണ് ഋതുരാജ് തരംഗമായത്.

വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തപ്രദേശിനെതിരെ മഹാരാഷ്ട്രക്ക് വേണ്ടിയാണ് താരം ഇരട്ട സെഞ്ച്വറി നേടിയത്. ലിസ്റ്റ് എയില്‍ താരത്തിന്റെ ആദ്യ ഇരട്ട സെഞ്ച്വറി കൂടിയായിരുന്നു സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ബി-യില്‍ പിറന്നത്.

159 പന്ത് നേരിട്ട് പുറത്താകാതെ 220 റണ്‍സാണ് താരം നേടിയത്. 10 ഫോറും 16 സിക്‌സറും അടക്കം 138.36 എന്ന സ്‌ട്രൈക്ക് റേറേറ്റിലാണ് താരം മെയ്ഡന്‍ ലിസ്റ്റ് എ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഇതില്‍ ഒരു ഓവറില്‍ 43 റണ്‍സും താരം ടീം ടോട്ടലിലേക്ക് സംഭാവന ചെയ്തിരുന്നു. മഹാരാഷ്ട്ര ഇന്നിങ്‌സിന്റെ 49ാം ഓവറില്‍ ഏഴ് സിക്‌സര്‍ പറത്തിയാണ് ഗെയ്ക്വാദ് 43 റണ്‍സടിച്ചത്.

ഓവറിലെ എല്ലാ പന്തും സിക്‌സറിന് പറത്തിയപ്പോള്‍ ഒരു പന്ത് നോ ബോള്‍ ആവുകയും ആ പന്തിലും താരം സിക്‌സര്‍ നേടുകയായിരുന്നു.

മത്സരത്തില്‍ ഋതുരാജിന്റെ ബാറ്റിങ് കരുത്തില്‍ മഹാരാഷ്ട്ര 58 റണ്‍സിന് വിജയിക്കുകയായിരുന്നു. മഹാരാഷ്ട്ര നായകനെ തന്നെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തതും.

അതേസമയം, ഇന്ത്യയുയര്‍ത്തിയ 223 റണ്‍സിന്റെ ലക്ഷ്യം പിന്തുടരുന്ന ഓസീസ് നിലവില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ 73 റണ്‍സിന് മൂന്ന് എന്ന നിലയിലാണ്.

18 പന്തില്‍ 35 റണ്‍സ് നേടിയ ട്രാവിസ് ഹെഡ്, 12 പന്തില്‍ 16 റണ്‍സ് നേടിയ ആരോണ്‍ ഹാര്‍ഡി, ആറ് പന്തില്‍ നിന്നും പത്ത് റണ്‍സടിച്ച ജോഷ് ഇംഗ്ലിസ് എന്നിവരുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്.

ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌ണോയ് എന്നിവരാണ് വിക്കറ്റ് വീഴ്ത്തിയത്.

നാല് പന്തില്‍ നാല് റണ്‍സുമായി ഗ്ലെന്‍ മാക്‌സ്‌വെല്ലും രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി മാര്‍കസ് സ്റ്റോയ്‌നിസുമാണ് ക്രീസില്‍.

 

Content Highlight: Rituraj Gaekwad on historic achievements on November 28