| Thursday, 31st July 2014, 8:10 pm

ക്ഷേത്രങ്ങളിലെ കുത്തിയോട്ടം മനുഷ്യാവകാശ ലംഘനം: ജസ്‌ററീസ് ജെ.ബി കോശി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം:സംസ്ഥാനത്തെ ക്ഷേത്ര ആചാരങ്ങളുടെ ഭാഗമായി തുടരുന്ന കുത്തിയോട്ടം മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജെ.ബി.കോശി.

ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് നടക്കുന്ന കുട്ടികളുടെ കുത്തിയോട്ടം തുടരണോയെന്ന വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

കമ്മീഷന്‍ ഇതു സംബന്ധിച്ച് തിരുവനന്തപുരം ജില്ലാ കളക്ടറോടും ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റിനോടും വിശദീകരണം തേടിയിരുന്നു.

കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ആചാരത്തിനെതിരെ ഡോ.പി. മുരളീധരന്‍ നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നിരീക്ഷണം. ആചാരത്തിന്റെ ഭാഗമായി കുട്ടികളുടെ ശരീരത്തില്‍ കുത്തിയിറക്കുന്ന കമ്പി കുട്ടികളില്‍ ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കുന്നതുള്‍പ്പടെയുളള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുരളീധരന്‍ പരാതി നല്‍കിയത്.

കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്ന 12 വയസ്സില്‍ താഴെയുള്ളവരുടെ ശരീരത്തില്‍ കൊരുക്കുന്ന ലോഹക്കമ്പി 24 മണിക്കൂര്‍ കഴിഞ്ഞാണ് മാറ്റുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തകനും ഡോക്ടറുമായ അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ കുട്ടികളുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ഡോ.മുരളീധരന്‍ പരാതിക്കൊപ്പം ഹാജരാക്കിയിരുന്നു.

കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ആചാരമാണിത്. വര്‍ഷങ്ങളായി തുടരുന്നതിനാല്‍ നിര്‍ത്തലാക്കണമെന്നു പറയുന്നതില്‍ കഴമ്പില്ല. സര്‍ക്കാരാണു വിഷയം പരിഗണിക്കേണ്ടത്. ജസ്റ്റീസ് കോശി കൂട്ടിച്ചേര്‍ത്തു.

അതേസമയം രാജ്യത്തെ സതി, ദേവദാസി, തലാഖ് മുതലായ പ്രാകൃതമായ ആചാരങ്ങള്‍ നിയമം മൂലം നിരോധിച്ചതും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പുതുപ്പളളി പോലുള്ള പളളികളിലെ കോഴി നേര്‍ച്ച, തമിഴ്‌നാട്ടിലെ കാളപ്പോര് തുടങ്ങിയവയും സുപ്രീം കോടതി നിരോധിച്ചിരുന്നു.

We use cookies to give you the best possible experience. Learn more